| Monday, 27th February 2017, 10:42 am

സ്ത്രീവിരുദ്ധത തിരുത്താന്‍ ആവശ്യപ്പെടുന്ന പ്രേംചന്ദിന്റെ ലേഖനത്തിനെതിരെ രഞ്ജിത്: നിങ്ങളുടെ അന്തരിച്ച ഭാര്യാപിതാവ് എഴുതിവെച്ചതൊക്കെ ആരു തിരുത്തുമെന്ന് ചോദ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

നടി ആക്രമിക്കപ്പെട്ട സംഭവങ്ങുടെ പശ്ചാത്തലത്തില്‍ സിനിമകളിലെ സ്ത്രീവിരുദ്ധ നിലപാടുകള്‍ ആവര്‍ത്തിക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടു രംഗത്തുവന്ന നടന്മാരെയും അത്തരം ആവശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടിയവരെയും അപഹസിച്ച് സംവിധായകന്‍ രഞ്ജിത്. മാതൃഭൂമി പത്രത്തിലെ അഭിപ്രായങ്ങളും ആക്ഷേപങ്ങളും എന്ന കോളത്തിലൂടെയാണ് രഞ്ജിത്തിന്റെ അപഹാസം.

കഴിഞ്ഞദിവസം മാതൃഭൂമി പത്രത്തില്‍ “സുഹൃത്തിന് കരുത്തും സിനിമയ്ക്ക് തിരുത്തുമായി പൃഥ്വിരാജിന്റെ മാപ്പ്” എന്ന തലക്കെട്ടില്‍ പ്രേംചന്ദ് എഴുതിയ ലേഖനത്തിനു മറുപടിയെന്നോണമാണ് രഞ്ജിതിന്റെ കുറിപ്പു വന്നിരിക്കുന്നത്. തന്റെ സിനിമകളിലെ സ്ത്രീവിരുദ്ധ നിലപാടുകള്‍ താന്‍ തിരുത്തിയെഴുതാമെന്നു പറഞ്ഞ രഞ്ജിത് ലേഖകന്റെ ഭാര്യാ പിതാവ് അന്തരിച്ചുപോയ ടി. ദാമോദരന്റെ ചിത്രത്തിലെ സ്ത്രീവിരുദ്ധ ഭാഷണങ്ങള്‍ ആര് മാറ്റിയെഴുതുമെന്നും ചോദിക്കുന്നു.


Also Read: ഭീഷണി; കുനാന്‍പോഷ്‌പോര സംഭവത്തെ കുറിച്ചുള്ള പരിപാടി അംബേദ്ക്കര്‍ സര്‍വകലാശാല മാറ്റിവെച്ചു 


“ലേഖനകര്‍ത്താവിന്റെ ഭാര്യ പിതാവ് അന്തരിച്ചുപോയ ടി. ദാമോദരന്‍ മാഷിന്റെ സിനിമകളില്‍ നായകന്മാര്‍ നടത്തിയിട്ടുള്ള സ്ത്രീവിരുദ്ധ ഭാഷണങ്ങള്‍ ആര് മാറ്റിയെഴുതും എന്ന ചോദ്യം ഇവിടെ പങ്കുവെക്കുന്നു.” രഞ്ജിത് കുറിക്കുന്നു.

ലേഖനത്തില്‍ രഞ്ജിത്തിന്റെ “സ്പിരിറ്റ്” എന്ന ചിത്രത്തിലെ ഒരു സ്ത്രീവിരുദ്ധ പരാമര്‍ശം ചിത്രത്തിന്റെ പേരും മറ്റു വിശദാംശങ്ങളും പറയാതെ പ്രേംചന്ദ് ചൂണ്ടിക്കാട്ടിയിരുന്നു. പ്രസ്തുത ഡയലോഗ് തിരുത്തിയെഴുതിയ രഞ്ജിത് ഇതുപോലെ താനും പ്രേക്ഷകരും മറന്നുപോയ തന്റെ ചിത്രത്തിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ എത്രയുണ്ടെന്നു കണ്ടെത്തി തന്നാല്‍ മാറ്റിയെഴുതാമെന്ന് പറഞ്ഞ് പരിഹസിക്കുകയും ചെയ്യുന്നു.

“”കള്ളുകുടി നിര്‍ത്തിയത് നന്നായി ഇല്ലെങ്കില്‍ ഞാന്‍ നിന്നെ ബലാത്സംഗം ചെയ്‌തേനെ” എന്ന സ്പിരിറ്റിലെ ഡയലോഗ് “ഈ നിമിഷം ഭവതിയോടു തോന്നിയ ശാരീരികാകര്‍ഷണത്തിന്റെ പേരില്‍ ഞാന്‍ ഖേദിക്കുന്നു. എന്നോട് പൊറുക്കണം എന്ന് അപേക്ഷിക്കുന്നു.” എന്ന രീതിയില്‍ മാറ്റിയെഴുതുന്നു.” രഞ്ജിത് കുറിപ്പില്‍ പറയുന്നു. ഇതു ചെയ്യുകവഴി സ്ത്രീവിരുദ്ധതയില്‍ നിന്ന് താനാ സിനിമയെ മോചിപ്പിച്ചിരിക്കുന്നു എന്നും രഞ്ജിത് പ്രഖ്യാപിക്കുന്നു.

രഞ്ജിത്തിന്റെ കുറിപ്പ് ഇങ്ങനെ:

സ്വയം തിരുത്തലിന്റെയും പുത്തന്‍ തീരുമാനങ്ങളുടെയും ദിവസങ്ങളാണ് പലരുടെയും കണ്ണുകള്‍ തുറക്കപ്പെടുന്നതു നല്ലതുതന്നെ.

തുറക്കാന്‍ മടിക്കുന്ന കണ്ണുകള്‍ക്കു മുന്നിലേക്കു മാതൃഭൂമിയുടെ ഒന്നാം പേജില്‍ ഒരു ലേഖനംകൂടി വന്നു. അതില്‍ എടുത്തുപറഞ്ഞ ഒരു ഡയലോഗ് എന്റെ “സ്പിരിറ്റ്” എന്ന സിനിമയിലേതാണ്. “കള്ളുകുടി നിര്‍ത്തിയത് നന്നായി ഇല്ലെങ്കില്‍ ഞാന്‍ നിന്നെ ബലാത്സംഗം ചെയ്‌തേനെ”. ആ സംഭാഷണം ഈവിധം തിരുത്തിയെഴുതുന്നു. “ഈ നിമിഷം ഭവതിയോടു തോന്നിയ ശാരീരികാകര്‍ഷണത്തിന്റെ പേരില്‍ ഞാന്‍ ഖേദിക്കുന്നു. എന്നോട് പൊറുക്കണം എന്ന് അപേക്ഷിക്കുന്നു.”

സ്ത്രീവിരുദ്ധതയില്‍ നിന്ന് ഞാനാ സിനിമയെ മോചിപ്പിച്ചിരിക്കുന്നു. ഇനിയും ഞാനും പ്രേക്ഷകരും മറന്നുപോയിരിക്കാനിടയുള്ള സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ എന്റെ സിനിമകളില്‍ എത്രയുണ്ട് എന്നു കണ്ടെത്തിത്തന്നാല്‍ ഇതുപോലെ മാറ്റിയെഴുതാന്‍ തയ്യാറാണ്.

പക്ഷേ, ലേഖനകര്‍ത്താവിന്റെ ഭാര്യ പിതാവ് അന്തരിച്ചുപോയ ടി. ദാമോദരന്‍ മാഷിന്റെ സിനിമകളില്‍ നായകന്മാര്‍ നടത്തിയിട്ടുള്ള സ്ത്രീവിരുദ്ധ ഭാഷണങ്ങള്‍ ആര് മാറ്റിയെഴുതും എന്ന ചോദ്യം ഇവിടെ പങ്കുവെക്കുന്നു.

We use cookies to give you the best possible experience. Learn more