നിവിന്‍ പോളി, ഗ്രേസ് ആന്റണി എന്നിവരെ കേന്ദ്രകഥാപാത്രമാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത പുതിയ ചിത്രം ‘കനകം കാമിനി കലഹ’ത്തെ പ്രശംസിച്ച് സംവിധായകന്‍ രഞ്ജിത്. പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിവിന്‍ പോളിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ അവതരണ രീതി മികച്ചതായിരുന്നുവെന്നും ആന്റണ്‍ ചെക്കോവിന്റെ നാടകങ്ങളെ അനുസ്മരിപ്പിക്കും വിധമായിരുന്നു എന്നുമാണ് രഞ്ജിത് അഭിപ്രായപ്പെട്ടത്.
‘ഇളയമകനാണ് അച്ഛന്‍ ഈ സിനിമ എന്നോട് കാണണമെന്ന് പറയുന്നത്. ചില സിനിമകള്‍ ദിവസങ്ങളോളം നമുക്കൊപ്പം സഞ്ചരിക്കും. ഈ സിനിമ കണ്ടപ്പോഴും അതേ അനുഭവമാണ് എനിക്കുണ്ടായത്.
നിങ്ങളില്‍ പലരും കണ്ടുവെന്ന് എനിക്കറിയാം. എന്നിരുന്നാലും പറയാതിരിക്കാന്‍ വയ്യ, കാരണം പുതിയ തലമുറയിലെ സംവിധായകരുടെ ആത്മാര്‍ഥവും വ്യത്യസ്തവുമായ ശ്രമങ്ങളെ കണ്ടില്ലെന്ന് നടിക്കാനാകില്ല.
കണ്ടതിനെ അനുമോദിക്കാതിരിക്കാനും വയ്യ. ആന്റണ്‍ ചെക്കോവിന്റെ നാടകങ്ങളെ അനുസ്മരിപ്പിക്കുന്ന വിധമായിരുന്നു ചിത്രത്തിന്റെ അവതരണ ശൈലി. അഭിനയിച്ച എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അതിഗംഭീരം. നിവിനും രതീഷിനും എല്ലാവര്‍ക്കും എന്റെ അനുമോദനങ്ങളും ആശംസകളും,’ രഞ്ജിത് പറയുന്നു.
നവംബര്‍ 12നാണ് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ ചിത്രം പുറത്തിറങ്ങിയത്. ഇതിനോടകം മികച്ച അഭിപ്രായങ്ങള്‍ നേടിയാണ് ചിത്രം മുന്നേറുന്നത്.
ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലൂടെ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം കരസ്ഥമാക്കിയ സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ രണ്ടാമത്തെ ചിത്രം കൂടിയാണ് ‘കനകം കാമിനി കലഹം’.
‘പടവെട്ട്’, ‘മഹാവീര്യന്‍ തുടങ്ങിയ ചിത്രങ്ങളാണ് ഇനി നിവിന്‍ പോളിയുടേതായി പുറത്ത് വരാനുള്ളത്. ചിത്രങ്ങളുടെ ഷൂട്ടിംഗ് അവസാനിച്ചെന്നും, രണ്ട് ചിത്രങ്ങളും അടുത്ത വര്‍ഷം ആദ്യം തന്നെ തിയേറ്ററുകളിലേക്കെത്തുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.