തെരഞ്ഞെടുപ്പ് ദിവസം സംഘപരിവാര്‍ വിരുദ്ധ നിലപാട് വ്യക്തമാക്കി സിനിമ താരങ്ങളും. സഹപ്രവര്‍ത്തകനായ സുരേഷ് ഗോപി തൃശൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടിയായിട്ടാണ് താരങ്ങള്‍ തങ്ങളുടെ സംഘപരിവാര്‍ വിരുദ്ധ നിലപാട് വ്യക്തമാക്കിയത്. നടന്‍ ശ്രീനിവാസനും സംവിധായകനും തിരക്കഥാകൃത്തുമായ രണ്‍ജിപണിക്കരുമാണ് തങ്ങള്‍ക്ക് തങ്ങളുടേത് ബി.ജെ.പി വിരുദ്ധ രാഷ്ട്രീയമാണെന്ന് വ്യക്തമാക്കിയത്.
രണ്‍ജിപണിക്കറോട് സുരേഷ് ഗോപിയുടെ വിജയം ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല തന്റേതെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. ഈ മറുപടിയില്‍ എല്ലാത്തിനുമുള്ള ഉത്തരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വോട്ട് ചെയ്യാനെത്തിയ ശ്രീനിവാസനോട് സഹപ്രവര്‍ത്തകനായ സുരേഷ് ഗോപി മത്സരിക്കുന്നതിനെ കുറിച്ചുള്ള അഭിപ്രായം മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞിരുന്നു. വ്യക്തിപരമായി സുരേഷ് ഗോപിയെ ഇഷ്ടമാണെന്നും സുരേഷ് ഗോപിയുടെ പാര്‍ട്ടിയോട് തനിക്ക് താത്പര്യമില്ലെന്നും ശ്രീനിവാസന്‍ മറുപടി പറഞ്ഞു.
വോട്ട് ചെയ്യാതെ മാറിനിന്ന് അഭിപ്രായം പറയുന്നതില്‍ കാര്യമില്ലെന്ന് നടന്‍ ആസിഫ് അലി പറഞ്ഞു. തൊടുപുഴയില്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരും വോട്ട് ചെയ്യണമെന്നും ചൂട് കാരണം പുറത്തിറങ്ങാത്തവരും മടിപിടിച്ചിരിക്കുന്നവരുമെല്ലാം നിര്‍ബന്ധമായും വന്ന് വോട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. മികച്ച രാഷ്ട്രീയ അന്തരീക്ഷം രാജ്യത്തുണ്ടാകുക എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നതെന്നും അതായിരുന്നു വോട്ട് ചെയ്യുമ്പോള്‍ പരിഗണിച്ചിരുന്നതെന്നും ആസിഫ് അലി പറഞ്ഞു.
സഹപ്രവര്‍ത്തകര്‍ മത്സരിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് അവരുമായുള്ള രാഷ്ട്രീയ വ്യത്യാസങ്ങള്‍ താന്‍ ഇവിടെ പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ തവണ പലരുടെയും തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുത്തിരുന്നെങ്കിലും ഇത്തവണ സമയക്കുറവ് കാരണം അതിന് സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
content highlights: Ranjipanicker says Suresh Gopi’s politics is not mine, Srinivasan does not agree with Suresh Gopi’s party; The filmmakers also clarified their position