| Friday, 26th November 2021, 6:46 pm

ഏതൊക്കെയാണ് ഗുഡ് ടച്ച്, ബാഡ് ടച്ച്. എത്ര വയസ് മുതല്‍ കുട്ടികളോട് ഇതേക്കുറിച്ച് പറഞ്ഞ് തുടങ്ങാം

രഞ്ജിനി നായര്‍

‘കുട്ടികളോട് ഗുഡ് ടച്ച് / ബാഡ് ടച്ച് എന്നിവയെക്കുറിച്ച് എങ്ങനെ പറഞ്ഞ് തുടങ്ങാം? ഏതു വയസ് മുതലാണ് വര്‍ത്തമാന കേരളത്തിലെ കുട്ടികളോട് ഇതേക്കുറിച്ച് പറഞ്ഞ് തുടങ്ങേണ്ടത്?’ എന്ന ചോദ്യത്തിന് ക്വോറ മലയാളത്തില്‍ രഞ്ജിനി നായര്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഉത്തരം.

ക്വോറ (Quora) മലയാളവുമായുള്ള Syndication Partnership പ്രകാരം ഡൂള്‍ന്യൂസ് പ്രസിദ്ധീകരിക്കുന്നത്

കുഞ്ഞുങ്ങള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളുടെ നിരവധി വാര്‍ത്തകളാണ് ഓരോ ദിവസവും നമ്മള്‍ മാധ്യമങ്ങളിലൂടെ കാണുന്നത്. കുട്ടികള്‍ക്ക് എതിരെ നടക്കുന്ന വിവിധതരം അതിക്രമങ്ങള്‍ ഓരോ വര്‍ഷവും വര്‍ധിച്ചു വരുന്നതായാണ് നാഷനല്‍ ക്രൈം ബ്യൂറോ റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്.

അതില്‍ തന്നെ വളരെ പേടിപ്പിക്കുന്ന തരത്തില്‍ ലൈംഗിക അതിക്രമങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നു എന്ന വസ്തുത മാതാപിതാക്കളുടെ ഉറക്കം നഷ്ടപ്പെടുത്തുന്ന ഒന്നാണ്.

18 വയസിന് താഴെയുള്ളവരെയാണ് കുട്ടികള്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്്. അതായത്, 17 വയസ്സ് ഉള്ളവര്‍ പോലും നിയമപരമായി കുട്ടിയാണ്. എന്നാല്‍ ഈ കാര്യം പലരും മനസ്സിലാക്കുന്നില്ല എന്നതാണ് സത്യം.

ഇന്ത്യയില്‍ ക്രൈം ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 109 കുട്ടികള്‍ ദിനംപ്രതി പല രീതിയിലുള്ള ലൈംഗിക അക്രമങ്ങള്‍ക്ക് ഇരയാകുന്നു. ഇതില്‍ റിപ്പോര്‍ട്ട് ചെയ്ത ഭൂരിഭാഗം കേസുകളിലും ഇരകള്‍ പെണ്‍കുട്ടികളാണ്. വലിയ ഭാഗം ആണ്‍കുട്ടികളും ഇത്തരം വൈകൃതങ്ങള്‍ക്ക് ഇരയാകുന്നുണ്ടെങ്കിലും പലതും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കണക്കുകളായി അവശേഷിക്കുകയാണ്.

കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ പല രീതിയിലാണ് കണ്ടു വരുന്നത്.

  •  മോശമായ ലൈംഗിക ചുവയുള്ള വാക്കുകള്‍ കുട്ടിയോട് പറയുക.
  • കുട്ടിയുടെ ചുണ്ട്, കഴുത്ത്, തുട, ജനനേന്ദ്രിയം, നെഞ്ച്, പിന്‍വശം, തുടങ്ങി പ്രത്യേക ശരീരഭാഗങ്ങള്‍ ലക്ഷ്യമാക്കിയുള്ള തട്ട്, തലോടല്‍, നുള്ള്, അടി തുടങ്ങിയ ശാരീരിക പ്രയോഗങ്ങള്‍.
  •  കുട്ടിയുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുക. (ഇവിടെ ‘കുട്ടിയുടെ സമ്മതം’ എന്ന ഒരു ചോദ്യം ഉന്നയിക്കുന്നതില്‍ പ്രസക്തിയില്ല. 18 വയസില്‍ താഴെയുള്ള ഏത് കുട്ടിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതും വലിയ കുറ്റകൃത്യമാണ്. ലൈംഗികബന്ധത്തിന് സമ്മതം ഉണ്ട്/ഇല്ല എന്ന് തീരുമാനം (Decision-making capacity) പറയാനുള്ള പക്വത അവര്‍ക്കില്ല. അവരുടെ സമ്മതം ഒരിക്കലും നിയമസാധുത ഉള്ളതുമല്ല.)
  • കുട്ടിയുടെ മുന്നില്‍ ലൈംഗിക/നഗ്‌നത പ്രദര്‍ശനം.
  • കുട്ടിയുടെ മുന്നില്‍ വെച്ച് പോണ്‍ ചിത്രങ്ങള്‍ കാണുക, കുട്ടിയെ കാണാന്‍ നിര്‍ബന്ധിക്കുക.
  • കുട്ടിയുടെ നഗ്‌നത ആസ്വദിക്കുകയും അത് പകര്‍ത്തുകയും ചെയ്യുക.
  • സൈബര്‍ ലൈംഗിക പ്രവര്‍ത്തികളില്‍ (ചാറ്റിങ്, വെബ്ക്യാം, തുടങ്ങിയവ) ഏര്‍പ്പെടുക.
  • വിധതരത്തിലുള്ള മറ്റ് വൈകൃതങ്ങള്‍ കുട്ടിയോട് പ്രകടിപ്പിക്കുക.

മേല്‍പറഞ്ഞ രീതിയിലാണ് പ്രധാനമായും കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ നടക്കാറ്. ഇത്തരം ലൈംഗിക അതിക്രമങ്ങള്‍ കുട്ടിയിലും ഒപ്പം സമൂഹത്തിലും വളരെ വലിയ ഭവിഷ്യത്തായിരിക്കും സൃഷ്ടിക്കുക.

1- കുട്ടിയുടെ മാനസിക വളര്‍ച്ചയെ അത് മോശമായി ബാധിക്കുന്നു.

2- അകാരണമായ ഭയം, ആത്മവിശ്വാസക്കുറവ്, മാതാപിതാക്കളോട് മാനസികമായി അകല്‍ച്ച, അവിശ്വാസം എന്നിവ കുട്ടിയിലുണ്ടാകുന്നു.

3- മുതിര്‍ന്ന അപരിചിതരായ ആളുകളുമായുള്ള സൗഹൃദം, സ്‌നേഹബന്ധം എന്നിവ കുട്ടികളെ പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കാം.

4- ലൈംഗികാതിക്രമം നേരിടേണ്ടി വരുന്ന കുട്ടിയുടെ ജനനേന്ദ്രിയത്തിനും കൂടാതെ മറ്റ് ആന്തരികാവയവങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിക്കുകയും അത് മരണത്തിലേയ്ക്ക്് വരെ നയിക്കുകയും ചെയ്യാം.

5- ജൈവപരമായി വളര്‍ച്ച എത്തിയ പെണ്‍കുട്ടികളില്‍ ലൈംഗിക അക്രമത്തിന് ശേഷം ഗര്‍ഭധാരണം സംഭവിച്ച് അത് ഗുരുതര ആരോഗ്യപ്രശ്‌നത്തിനും മരണത്തിനും കാരണമായേക്കാം.

6- പീഡനം അതിജീവിക്കുന്ന കുട്ടികള്‍ പഠനത്തിലും, വ്യക്തിബന്ധങ്ങളിലും വളരെ പിന്നാക്കം വലിയുന്ന പ്രവണത ഉള്ളതായും പഠനങ്ങള്‍ പറയുന്നുണ്ട്.

7- ചെറുപ്പത്തില്‍ പലവിധത്തില്‍ പീഡിപ്പിക്കപ്പെടുന്ന ആണ്‍കുട്ടികള്‍, പിന്നീട് വലുതാകുമ്പോള്‍ ലൈംഗികാതിക്രമ സ്വഭാവം കാണിക്കുകയും ഒപ്പം മദ്യം, മയക്കുമരുന്ന് എന്നിവക്ക് അടിമയായി, ആത്മഹത്യാ പ്രവണത, കൊലപാതകം തുടങ്ങി സാമൂഹ്യവിരുദ്ധ സ്വഭാവം കാണിച്ച് തുടങ്ങുകയും ചെയ്യാം.

8- പീഡനത്തിന് ഇരയായ കുട്ടികള്‍ വീടുവിട്ട് ഓടി പോവുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്‌തേക്കാം.

ഇന്ന് അതിക്രമം നേരിടുന്ന കുഞ്ഞുങ്ങള്‍ നാളെ പീഡകര്‍ ആയി മാറാനുള്ള സാധ്യതയും നമുക്ക് തള്ളിക്കളയാനാവില്ല. സമൂഹത്തില്‍ ഒരു വിഷചക്രമായി ഈ അക്രമങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കും.

ഇക്കഴിഞ്ഞ കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് ഈ പ്രശ്‌നങ്ങള്‍ മുമ്പുള്ളതിനെക്കാള്‍ വളരെ ഗുരുതരമായി കാണപ്പെട്ടിട്ടുണ്ട്. ഇത് തടയുക എന്നത് ഒട്ടും എളുപ്പമല്ല.

നമ്മുടെ വീട്ടില്‍ ഇത് സംഭവിക്കില്ല എന്ന് കരുതുന്നതാണ് ഈ വിഷയത്തിലെ ഏറ്റവും അപകടകരമായ ചിന്ത. ആര്‍ക്കും ഇങ്ങനെ സംഭവിക്കാം എന്ന് അറിയുക.

ലൈംഗികകുറ്റവാളികള്‍ എവിടെയും മറഞ്ഞിരിക്കുന്നവരാണ്. കുട്ടികളെ അവര്‍ക്ക് വളരെ എളുപ്പത്തില്‍ ഇരകളാക്കാം. വിദ്യാഭ്യാസം, സാമ്പത്തികം, സമൂഹ്യപദവി ഇതൊന്നും കൊണ്ട് ഇത്തരം കുറ്റകൃത്യം ചെയ്യുന്നവരെ തരംതിരിക്കാനും കഴിയില്ല. സമൂഹത്തില്‍ ഏതു തട്ടിലും ഈ കുറ്റവാളികള്‍ പ്രത്യക്ഷപ്പെടും. കുട്ടികള്‍ക്ക് താരതമ്യേന പ്രതികരണശേഷി കുറവാണ് എന്നതാണ് ഈ കുറ്റവാളികള്‍ക്ക് കിട്ടുന്ന വലിയ സൗകര്യം.

ഇത്തരം ആളുകളില്‍ നിന്ന് നമ്മുടെ കുട്ടികളെ സംരക്ഷിക്കാന്‍ വേണ്ട അറിവും കരുതലും ഓരോ വീട്ടില്‍ നിന്നും ഉണ്ടാവണം.കുട്ടികള്‍ക്ക് ചെറുപ്പം മുതല്‍ തന്നെ ലൈംഗികവിദ്യാഭ്യാസം കൊടുക്കാന്‍ മാതാപിതാക്കളും അടുപ്പമുള്ള മറ്റു കുടുംബാംഗങ്ങളും ശ്രമിക്കുക. സ്‌കൂളില്‍ നിന്ന് പഠിപ്പിച്ച് കൊടുക്കട്ടെ എന്ന് കരുതി കാത്തിരിക്കേണ്ട ആവശ്യമില്ല.

സ്വന്തം ശരീരം മറ്റുള്ളവര്‍ക്ക് ദുരുപയോഗം ചെയ്യാനുള്ളതല്ല എന്ന തിരിച്ചറിവ് 3, 4 വയസ്സു മുതല്‍ മുകളിലേക്കുള്ള കുട്ടികള്‍ക്ക് പകര്‍ന്നു കൊടുക്കാം. അതിന്റെ പ്രധാന ചുമതല കുട്ടികളുടെ മാതാപിതാക്കള്‍ക്ക് തന്നെയാണ്.

അതെങ്ങനെ എന്ന് നോക്കാം.

തന്റെ ശരീരം തന്റെ മാത്രം സ്വത്താണെന്ന് കുട്ടിക്ക് പറഞ്ഞു കൊടുക്കുക.

  • കളികള്‍ക്കിടെ കുട്ടികള്‍ തമ്മില്‍ ശരീരം നോവിക്കുന്നത് കണ്ടു നില്‍ക്കുന്നതിന് പകരം കുട്ടിയോട്, ‘എന്റെ ശരീരം നോവിക്കാന്‍ ഞാന്‍ നിന്നെ സമ്മതിക്കില്ല.’ എന്ന് പറയാന്‍ പഠിപ്പിക്കുക. അത് സാരമില്ല, പോട്ടെ എന്ന് പറയരുത്.
  • തന്റെ ശരീരം വേദനിച്ചു, എന്ന് വീട്ടുകാരോട് പറയാന്‍ കുട്ടിയെ പ്രോത്സാഹിപ്പിക്കുകയും ശരീരത്തില്‍ ഉണ്ടാകുന്ന പാടുകള്‍ എങ്ങനെ എന്ന് സ്ഥിരമായി അന്വേഷിക്കുകയും ചെയ്യുക.
  • സഹോദരങ്ങളാണ് എങ്കില്‍ പോലും പരസ്പരം ഉപദ്രവിക്കുന്നത് ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്.
  • കുഞ്ഞിന്റെ ഡയപര്‍ മാറ്റുക, കുളിപ്പിക്കുക, വസ്ത്രം മാറ്റുക തുടങ്ങിയവ പുറത്തുള്ള ആളുകളെ കൊണ്ട് കഴിവതും ചെയ്യിക്കാതെ നോക്കുക. (ഡേകെയര്‍ സ്റ്റാഫ്, ബേബിസിറ്റര്‍ എന്നിവര്‍ ഒഴിച്ചുള്ളവര്‍).
  • വീട്ടില്‍ ശാരീരികമായ ശിക്ഷാനടപടികള്‍ കഴിവതും അരുത്.

കുട്ടികളെ അവരുടെ ഇഷ്ടമില്ലാതെ ഒരിക്കലും ശരീരത്തില്‍ തൊട്ട് സ്‌നേഹം പ്രകടിപ്പിക്കാന്‍ നിര്‍ബന്ധിക്കരുത്, പ്രത്യേകിച്ച് വീട്ടില്‍ വരുന്നവരോട്.

  •  ‘മോളെ/മോനെ നീ അങ്കിളിന്റെ/ആന്റിയുടെ മടിയില്‍ ഇരിക്കൂ, ഉമ്മ കൊടുക്കൂ ‘ തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കുട്ടിയെ നിര്‍ബന്ധിക്കരുത്.
    വീട്ടില്‍ വരുന്നവരുടെ മുന്നില്‍ കുട്ടിയെ പ്രദര്‍ശിപ്പിച്ച്, അവര്‍ കുട്ടിയോട് ശാരീരിക സ്‌നേഹപ്രകടനങ്ങള്‍ നടത്തുന്നത് എപ്പോഴും ശരിയല്ല. നല്ല രീതിയിലുള്ളത് ആയാലും കുട്ടിക്ക് ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ അത് ചെയ്യാതിരിക്കുക. വരുന്നവരോട് അത് പറയുക.
  • പകരം കൈ വീശി ‘ഹായ്’ പറയാനോ നമസ്‌തേ പറയാനോ പഠിപ്പിക്കാം.
  • അയല്‍ക്കാരുടെ വീട്ടില്‍ കുട്ടിയെ സ്ഥിരമായി വിടാതിരിക്കുക.
  •  കുട്ടിക്ക് ആരോടെങ്കിലും ഇഷ്ടക്കേടുണ്ടെന്ന് അറിഞ്ഞാല്‍ ആ വ്യക്തിയുടെ അടുത്ത് ഒരിക്കലും കുഞ്ഞിനെ തനിച്ചാക്കരുത്. അത് നിങ്ങള്‍ക്കു പ്രിയപ്പെട്ട ആരായാലും. മാതാപിതാക്കളുടെ പ്രഥമ ഉത്തരവാദിത്തം സ്വന്തം കുട്ടികളോട് ആണെന്ന് ഓര്‍ക്കുക.

കുട്ടികളുടെ ശരീരത്തിലെ അവയവങ്ങളുടെ, സ്വകാര്യ ഭാഗങ്ങളുടെ ശരിയായ പേര് പറഞ്ഞ് കൊടുക്കാം. അത് കുട്ടിയുടെ മാനസിക വളര്‍ച്ച അനുസരിച്ച് മൂന്ന് വയസ്സു മുതല്‍ പഠിപ്പിച്ചു തുടങ്ങാം.

  • കുട്ടികളുടെ സ്വകാര്യ ഭാഗങ്ങള്‍ക്ക് ഇരട്ട പേരിട്ട് വിളിക്കാതെ ശരിയായി അവരോട് പറഞ്ഞാല്‍ കൂടുതല്‍ നല്ലത്. അങ്ങനെ ചെയ്താല്‍ കുട്ടികള്‍ക്ക് സ്വന്തം ശരീര ഭാഗങ്ങളെ പറ്റി കൂടുതല്‍ അവബോധം ഉണ്ടാകും.
  • സ്വകാര്യഭാഗങ്ങളെ കുറിച്ച് കുട്ടിയോട്, അല്ലെങ്കില്‍ കുട്ടികള്‍ കേള്‍ക്കെ സംസാരിക്കുമ്പോള്‍, അടക്കി ചിരിക്കുക, നാണിക്കുക തുടങ്ങി അപഹാസ്യമായ ശൈലി ഒഴിവാക്കുക.
  • കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍, അസ്വസ്ഥത ഉണ്ടാക്കുന്ന രീതിയില്‍ ആരെങ്കിലും തൊട്ടാല്‍ ഉടനെ അച്ഛനോടോ അമ്മയോടോ പറയണം എന്നും പഠിപ്പിക്കാം.
  • തനിയേ കുളിക്കാന്‍ 3 വയസ്സു മുതല്‍ തന്നെ വീട്ടില്‍ പരിശീലനം നല്‍കാം. ആ സമയത്തു സ്വകാര്യ ഭാഗങ്ങള്‍ പരിചയപ്പെടുത്തി വൃത്തിയായി സൂക്ഷിക്കാന്‍ പഠിപ്പിക്കാം.
  • ഡോക്ടറുടെ അടുത്ത് പോകുമ്പോള്‍ ഡോക്ടറുടെ സഹായത്തോടെ കുഞ്ഞിന് സ്വന്തം ശരീരത്തെക്കുറിച്ച് പറഞ്ഞു കൊടുക്കാം.

നല്ല സ്പര്‍ശനം മോശമായ സ്പര്‍ശനം

നല്ല സ്പര്‍ശനം കുട്ടിക്ക് സ്‌നേഹം, സുരക്ഷിതത്വം തുടങ്ങിയ തോന്നല്‍ ഉണ്ടാക്കുന്ന സ്പര്‍ശം ആണെന്ന് പറഞ്ഞു കൊടുക്കുക. ഉദാഹരണം, കരയുമ്പോള്‍ അമ്മ/അച്ഛന്‍ കെട്ടിപിടിക്കുന്നതും നെറ്റിയില്‍ ഉമ്മ വെക്കുന്നതും തലയില്‍ തലോടുന്നതുമൊക്കെ നല്ല സ്പര്‍ശനമാണ്.

മറിച്ച് മോശമായ സ്പര്‍ശനം എന്നാല്‍ കുട്ടിക്ക് മനസ്സില്‍ ഭയം, വെറുപ്പ്, അറപ്പ്, വേദന എന്നിവ തോന്നിപ്പിക്കും വിധം കുട്ടിയെ തൊടുന്ന രീതിയാണെന്ന് പറഞ്ഞു കൊടുക്കുക.

ഉദാഹരണത്തിന്, തുടയുടെ ഉള്ളില്‍ കൈവെച്ച് തടവുക, അടിക്കുക, ചുണ്ട്/ജനനേന്ദ്രിയം തുടങ്ങിയ ഭാഗത്ത് തലോടുക, ഉമ്മ വെക്കുക ഇതൊക്കെ യാണ് മോശം സ്പര്‍ശനം എന്ന് വളരെ വ്യക്തമായി പറഞ്ഞു കൊടുക്കുക.

ബാലപീഡകര്‍, പലപ്പോഴും കുട്ടികളോട് നല്ല സ്പര്‍ശനത്തില്‍ തുടങ്ങി, ദിവസങ്ങള്‍ കൊണ്ട് കുട്ടിയുടെ വിശ്വാസം പിടിച്ചുപറ്റിയ ശേഷം മാത്രമാവും മോശം സ്പര്‍ശനം തുടങ്ങുക. അതും മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

സ്വിമ്മിംഗ് സ്യൂട്ട് നിയമം!

കേള്‍ക്കുമ്പോള്‍ തമാശയായി തോന്നും! എന്നാല്‍ കുട്ടികള്‍ക്ക് അവബോധം കൊടുക്കാന്‍ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന കാര്യമാണിത്.

സ്വിമ്മിംഗ് സ്യൂട്ട് ധരിക്കുന്ന സമയത്ത് പ്രധാന സ്വകാര്യ ഭാഗങ്ങളൊഴിച്ച് ബാക്കി ഭാഗങ്ങള്‍ മറയാക്കാറില്ല. അങ്ങനെയുള്ള ഒരു ചിത്രം കുട്ടിക്ക് കാണിച്ചുക്കൊടുത്ത്, ആ മറച്ചിരിക്കുന്ന ഭാഗങ്ങളില്‍ ആരെങ്കിലും സ്പര്‍ശിച്ചാല്‍ ‘അരുത്’ എന്ന് പറയണം, കൂടാതെ, വീട്ടില്‍ വന്ന് അത് പറയുകയും വേണം എന്ന്് പറഞ്ഞ് കൊടുക്കുക.

കുട്ടികളുടെ സംശയങ്ങള്‍ക്ക് ക്ഷമയോടെ കേട്ട് മറുപടി പറയുക. കുട്ടിക്ക് മാനസികമായ പിന്തുണ കൊടുക്കുക.

  • നിങ്ങളുടെ കുട്ടിയുടെ സംശയം തീര്‍ക്കുന്ന ജോലി സ്‌കൂളിലെ ടീച്ചറുടേത് മാത്രമല്ല. നിങ്ങളുടേത് കൂടി ആണ്.
  • കുട്ടി മറ്റു കുട്ടികളെ പറ്റിയോ മുതിര്‍ന്നവരെ പറ്റിയോ എന്തെങ്കിലും പറയാന്‍ തുടങ്ങിയാല്‍ അത് വളരെ ശ്രദ്ധിച്ചു കേള്‍ക്കുക.
  • അതിന് പകരം, ‘നീ ഇതൊന്നും പറയണ്ട, പോയി കളിക്ക്/പഠിക്ക് ‘, ‘അതൊന്നും ഇവിടെ പറയേണ്ട’, ‘മുതിര്‍ന്നവരുടെ കാര്യം നീ അന്വേഷിക്കേണ്ട’, ‘അവര്‍ അങ്ങനെ ചെയ്യില്ല’, ‘സ്‌നേഹം കൊണ്ടാവും അങ്ങനെ ചെയ്തത്’ മുതലായ വാചകങ്ങള്‍ വേണ്ട.
  • കുട്ടി തന്റെ വിഷമം പറയുമ്പോള്‍, അത് എത്ര ചെറുതെന്ന് നിങ്ങള്‍ക്കു തോന്നിയാലും ‘അത് നിനക്ക് തോന്നിയതാവും’ എന്ന് ഒരിക്കലും പറയാതിരിക്കുക. അത് കുട്ടിയുടെ ഉള്ളില്‍ ‘സത്യം ഏത് തോന്നല്‍ ഏത്’ എന്ന് തിരിച്ചറിയാന്‍ പ്രയാസമുണ്ടാക്കും. കുട്ടി നിങ്ങളോട് പിന്നീടൊന്നും പറയാതായേക്കാം.
  • പകരം, അങ്ങനെ ഒരു വിഷമം ഉണ്ടെങ്കില്‍ ‘അത് അമ്മ/അച്ഛന്‍ അന്വേഷിക്കാം’ എന്ന് പറയുക. അച്ഛനും അമ്മയും എപ്പോഴും കൂടെയുണ്ടെന്ന് കുട്ടിയെ ബോധ്യപ്പെടുത്തുക.
  • കുട്ടി ആരോട് ആദ്യം തന്റെ മോശം അനുഭവം പറഞ്ഞാലും, അത് മാതാപിതാക്കള്‍ പരസ്പരം അറിയിക്കണം. അല്ലാതെ, ‘ഇത് നീ അച്ഛനോട് /അമ്മയോട് പറയേണ്ട.’ എന്ന് കുട്ടിയോട്, മറച്ചു വെക്കാന്‍ പറയരുത്. അത് പൊതുവെ അമ്മമാര്‍ ആണ് കൂടുതല്‍ ചെയ്യാറുള്ളത്. ഒരിക്കലും ചെയ്യരുതാത്തതാണ് ഈ പ്രവണത.

മറ്റു ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ കൂടി കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടി ശ്രദ്ധിക്കുക

1- കുട്ടിയെ മറ്റു കുട്ടികള്‍ ഉപദ്രവിച്ചാല്‍, ‘നീ തിരിച്ച് അടിച്ചോ’, എന്ന് കുട്ടിക്ക് പറഞ്ഞു കൊടുക്കരുത്. അത് വളരെ തെറ്റായ സന്ദേശം നല്‍കും. പ്രത്യേകിച്ച് ആണ്‍കുട്ടികള്‍ തമ്മിലുള്ള വഴക്ക്, അടി മുതലായ കാര്യങ്ങളില്‍, ഉപദ്രവിച്ചു ശീലിക്കരുത് എന്നേ പറയാവൂ.

2- പ്രായപൂര്‍ത്തിയെത്താത്ത കുട്ടികള്‍ തമ്മിലുള്ള പ്രേമബന്ധങ്ങള്‍ അന്വേഷിച്ചറിയുകയും, ചോദ്യം ചെയ്യുകയും അതിലെ ശരിയും തെറ്റും പറഞ്ഞു കൊടുക്കുകയും ചെയ്യാം.

3- ആണ്‍കുട്ടികള്‍ക്ക്, അവര്‍ 18 വയസ്സ് കഴിഞ്ഞവര്‍ ആണെങ്കില്‍ പോലും, പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയുമായി സ്‌നേഹബന്ധം സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണെന്നും, അത് ശരിയല്ല എന്നും പറഞ്ഞു കൊടുക്കുക. അത് പെണ്‍കുട്ടി ആണെങ്കിലും പറഞ്ഞു കൊടുക്കുക.

4- കുട്ടികളുടെ മുന്നില്‍ വെച്ച് മാതാപിതാക്കള്‍ വഴക്ക്, അസഭ്യം പറച്ചില്‍, തമ്മിലടി ഇവ ചെയ്യരുത്. ഇതില്‍ നിന്നെല്ലാം കുട്ടിക്ക് വീട്ടിലുള്ള തന്റെ സുരക്ഷിതത്വബോധം ഇല്ലാതാകും. പിന്നീട് അത് തേടി അവര്‍ പോകുന്നത് ഇത്തരം ഇരപിടിയന്‍മാരായ മനുഷ്യരുടെ കൈകളിലേയ്ക്കായിരിക്കും.

5- അമ്മയുടെയും അച്ഛന്റേയും സ്വഭാവ വൈകൃതങ്ങള്‍ കുട്ടി കാണാനിടയായാല്‍ അത് കുട്ടിയോട് മറച്ചു വെക്കാന്‍ ആവശ്യപ്പെടരുത്. അത് കുട്ടിക്ക് മാനസിക സമ്മര്‍ദം ഉണ്ടാക്കാന്‍ മാത്രമേ ഉപകരിക്കൂ. മുതിര്‍ന്നവര്‍ ചെയ്യുന്ന മോശം പ്രവര്‍ത്തികളുടെ പങ്ക് അനുഭവിക്കേണ്ടവരല്ല നിരപരാധികളായ കുട്ടികള്‍.

6- മുതിര്‍ന്നവര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ എന്ത് തന്നെയായാലും, കുട്ടികള്‍ക്ക് വേണ്ടി എപ്പോഴും സന്നദ്ധത പ്രകടിപ്പിക്കുകയും അവര്‍ക്ക് സുരക്ഷിതത്വബോധം കൊടുക്കുകയും ചെയ്യുക.

കുട്ടികളെ വട്ടമിട്ട് പറക്കുന്ന കഴുകന്മാര്‍ എവിടെയും ഏതു രൂപത്തിലും വരാം. ആ കഴുകന്മാര്‍ സ്വന്തം വീട്ടിലാകാം, സ്‌കൂളില്‍ ഉണ്ടാകാം, കൂട്ടുകാരുടെ ഇടയിലുണ്ടാകാം, അയല്‍ക്കാരാകാം- ഇങ്ങനെ നമ്മുടെയിടയില്‍ തന്നെ അവര്‍ എവിടെയോ മറഞ്ഞിരിക്കുന്നുണ്ട്.

മൃഗങ്ങള്‍ അവയുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ സ്വന്തം ജീവന്‍ പോലും കളയാന്‍ മടിക്കാറില്ല. എത്ര ക്രൂരമായ മൃഗവും വിശപ്പിനു വേണ്ടിയല്ലാതെ മറ്റു കുഞ്ഞുങ്ങളെ ഉപദ്രവിച്ചു സന്തോഷം കണ്ടെത്താന്‍ ശ്രമിക്കില്ല.

എന്നാല്‍ നമ്മള്‍ മനുഷ്യന്മാരുടെയിടയില്‍, മനുഷ്യന്റെ ചീഞ്ഞളിഞ്ഞ ലൈംഗിക അഭിനിവേശം, കുഞ്ഞുങ്ങളുടെ നേരെയുള്ള ലൈംഗികാതിക്രമങ്ങളുടെ രൂപത്തില്‍ നടക്കുന്നത് കാണുമ്പോള്‍, നമ്മള്‍ സ്വയം ലജ്ജിക്കേണ്ട അവസ്ഥയാണ് ഇന്നുള്ളത്. ഈ കുറ്റവാളികള്‍ അങ്ങേയറ്റം ശിക്ഷ അര്‍ഹിക്കുന്നവരാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

എന്നാല്‍ അവര്‍ ഒളിഞ്ഞിരിക്കുന്ന കാളകൂടവിഷമാണ്. വളരെ എളുപ്പം കണ്ടുപിടിക്കാന്‍ കഴിയില്ല. അവര്‍ക്ക് അവസരം കൊടുക്കാതെ, കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ എപ്പോഴും ജാഗരൂകരായി ഇരിക്കുക എന്നുള്ളതാണ് നമ്മള്‍ മാതാപിതാക്കള്‍ ചെയ്യേണ്ടത്.

അത് നമ്മുടെ സമൂഹത്തിനും വരുംതലമുറയ്ക്ക് വേണ്ടിയും കൂടി ചെയ്യുന്ന ഒരു വലിയ കാര്യമായിരിക്കും എന്നതില്‍ സംശയമില്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Ranjini Nair, a nurse from Canada talks about how to teach children about ‘good touch, bad touch’

രഞ്ജിനി നായര്‍

കാനഡയില്‍ നഴ്‌സ് ആയി ജോലി ചെയ്യുന്നു

We use cookies to give you the best possible experience. Learn more