[]സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലെ ആങ്കറിങ് റിമി ടോമിക്ക് പറ്റിയ പണിയല്ലെന്ന് അവതാരിക രഞ്ജിനി ഹരിദാസ്. സംഗീതം വിലയിരുത്താനുള്ള കഴിവ് റിമി ടോമിക്കില്ലെന്നുമാണ് സ്റ്റാര്‍ സിംഗറിന്റെ മുന്‍ അവതാരിക കൂടിയായ രഞ്ജിനി പറയുന്നത്. ഒരു വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിനി റിമിയെ വിലയിരുത്തിയത്.
“റിമി നല്ല കലാകാരിയാണ്. ആള്‍ക്കാരെ കൈയിലെടുക്കാനറിയാം. ഞാനും അവരെ ആരാധിക്കുന്നു. എന്നാല്‍ സംഗീതത്തെ വിലയിരുത്താനുള്ള കഴിവൊന്നും റിമിക്കില്ല. അതു ഞാന്‍ സമ്മതിച്ചുതരില്ല.” രഞ്ജിനി വ്യക്തമാക്കി.
സ്റ്റാര്‍ സിംഗറിന്റെ പ്രാധാന്യം കോമഡിയിലേക്ക് മാറിപ്പോയോ എന്ന് സംശയമുണ്ട്. സ്റ്റാര്‍ സിംഗര്‍ സീരിയസ് പ്രോഗ്രാമാണ്. റിമിക്ക് “ഒന്നും ഒന്നും മൂന്ന്” പോലുള്ള കോമഡി പരിപാടികളാണ് ചെയ്യാനാവുക. അവളുടെ ഇമേജില്‍ അതേ ചെയ്യാനാവൂ എന്നും രഞ്ജി പറഞ്ഞു.
സ്റ്റാര്‍ സിംഗറില്‍ എം.ജിയുടെയും റിമിയുടെയും കോമഡി വര്‍ക്കൗട്ട് ചെയ്യില്ല. എം.ജി ശ്രീകുമാര്‍ സ്റ്റാര്‍ സിംഗറില്‍ അവതാരകനായി വരാന്‍ പാടില്ലായിരുന്നു. അദ്ദേഹം ജഡ്ജിന്റെ വിലകളയുകയാണ്. ആദ്യത്തെ എപ്പിസോഡ് കണ്ടപ്പോള്‍ത്തന്നെ ഈ അഭിപ്രായം താന്‍ റിമിയെ അറിയിച്ചിരുന്നു. റിമി ആങ്കര്‍ ചെയ്താല്‍ കുഴപ്പമില്ല. “സരിഗമ”യൊക്കെ ചെയ്യുന്നതുപോലെയല്ലിത്. തന്നെപ്പോലെ പലരും പറഞ്ഞപ്പോഴാണ് എം.ജിയിപ്പോള്‍ സീറ്റിലിരിക്കാന്‍ തുടങ്ങിയതെന്നും രഞ്ജിനി വ്യക്തമാക്കി.
ആര് ചെയ്താലും സ്റ്റാര്‍ സിംഗര്‍ നന്നാവണമെന്നാണ് ആഗ്രഹം. തനിക്ക് ജീവിതത്തില്‍ എല്ലാം നല്‍കിയത് ആ പ്രോഗ്രാമാണ്. സ്റ്റാര്‍ സിംഗര്‍ എന്ന് പറയുമ്പോള്‍ ശരത് സാര്‍, ചിത്രചേച്ചി, ഉഷാഉതുപ്പ് എന്നിവരടങ്ങുന്ന ടീമാണ് തന്റെ മനസിലെന്നും രഞ്ജിനി അഭിപ്രായപ്പെട്ടു.
സ്റ്റാര്‍ സിംഗര്‍ സീസണ്‍ സെവനിലേക്ക് തന്നെ വിളിച്ചില്ല. അതിന്റെ കാരണം എന്താണെന്നറിയില്ല. സീസണ്‍ സെവനില്‍ പങ്കാളിയാകാത്തത് നന്നായെന്ന് ഇപ്പോള്‍ തോന്നുന്നെന്നും രഞ്ജിനി പറഞ്ഞു.