| Tuesday, 18th May 2021, 12:19 pm

കല്ല്യാണം എന്നെഴുതിയാല്‍ 20 പേര്‍ക്കേ പങ്കെടുക്കാന്‍ പറ്റൂ, സത്യപ്രതിജ്ഞയാകുമ്പോള്‍ 750 പേര്‍ക്ക് പങ്കെടുക്കാമല്ലോ; സര്‍ക്കാരിനെ ട്രോളിയും വിമര്‍ശിച്ചും രഞ്ജിനി ഹരിദാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് 500 പേരെ പങ്കെടുപ്പിച്ച് നടത്തുമെന്ന തീരുമാനത്തിനെതിരെ രഞ്ജിനി ഹരിദാസ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് രഞ്ജിനി തന്റെ നിലപാട് അറിയിച്ചത്.

ഒരു കഥ പറഞ്ഞുകൊണ്ടാണ് രഞ്ജിനി സര്‍ക്കാരിനെ പരിഹസിക്കുന്നത്. തന്റെ സുഹൃത്ത് മകളുടെ കല്ല്യാണം ക്ഷണിക്കാനായി വീട്ടില്‍ വന്നിരുന്നുവെന്നും കല്ല്യാണക്കുറി വായിച്ചപ്പോള്‍ താന്‍ ഞെട്ടിയെന്നും രഞ്ജിനി പറയുന്നു.

‘എന്റെ മകളുടെ സത്യപ്രതിജ്ഞക്ക് താങ്കളും കുടുംബവും പങ്കെടുക്കണമെന്നാണ് കത്തില്‍ എഴുതിയിരുന്നത്. എന്താ ഇങ്ങനെ എന്ന് ചോദിച്ചപ്പോള്‍ അവര്‍ പറയുകയാണ്. കല്ല്യാണം എന്നെഴുതിയാല്‍ 20 പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ പറ്റൂ. സത്യപ്രതിജ്ഞയാകുമ്പോള്‍ 750 പേര്‍ക്ക് വരെ പങ്കെടുക്കാമെന്ന് ,’ രഞ്ജിനി തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.

എന്തുകൊണ്ടാണ് സത്യപ്രതിജ്ഞ ഓണ്‍ലൈനായി നടത്താത്തതെന്നും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്തരമൊരു പരിപാടി നടത്തുന്നതിനെ എങ്ങനെ സാധൂകരിക്കുമെന്നും രഞ്ജിനി ചോദിക്കുന്നുണ്ട്.

നേരത്തേ നടി പാര്‍വതി തിരുവോത്തും സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ വിമര്‍ശനവുമായി രംഗത്തു വന്നിരുന്നു.
സര്‍ക്കാരിന്റെ തീരുമാനം ഞെട്ടിപ്പിക്കുന്നതും അസ്വീകാര്യവുമാണെന്ന് പാര്‍വതി ട്വിറ്ററിലെഴുതി.

‘കൊവിഡ് മുന്‍നിര പോരാളികള്‍ക്ക് ആവശ്യമായ സഹായമെല്ലാം ചെയ്തുകൊണ്ട് ഈ മഹാമാരിയ്ക്കെതിരായ പോരാട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റവും ഉത്തരവാദിത്തതോടു കൂടി തന്നെയാണ് പ്രവര്‍ത്തിച്ചിരിക്കുന്നത് എന്നതില്‍ ഒരു സംശയവുമില്ല. അതുകൊണ്ട് തന്നെയാണ് ഈ തീരുമാനം ഞെട്ടിപ്പിക്കുന്നതും അസ്വീകാര്യവുമാകുന്നത്,’ പാര്‍വതിയുടെ ട്വീറ്റില്‍ പറയുന്നതിങ്ങനെയാണ്.

മെയ് 20ന് നടക്കുന്ന ചടങ്ങിലേക്ക് വരുന്ന 500 പേരുടെ ജനക്കൂട്ടം അത്രയ്ക്കൊന്നുമില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കൊവിഡ് കേസുകള്‍ ദിനം പ്രതി കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, മറ്റു വഴികള്‍ ഉണ്ടായിരിക്കേ, ഇത്തരമൊരു നടപടി സ്വീകരിക്കുന്നത് തികച്ചും തെറ്റായ നീക്കമാണെന്നും പാര്‍വതി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Ranjini Haridas criticise government

We use cookies to give you the best possible experience. Learn more