| Sunday, 7th March 2021, 10:32 am

എന്റെ സംസാരം, നില്‍പ്പ്, കെട്ടിപ്പിടുത്തം, മലയാളികള്‍ക്ക് അതൊന്നും സ്വീകാര്യമായിരുന്നില്ല; രഞ്ജിനി ഹരിദാസ് പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ ടെലിവിഷന്‍ ആങ്കറിംഗ് രംഗത്ത് തന്റേതായ ഇരിപ്പിടം ഉറപ്പിച്ച താരമാണ് രഞ്ജിനി ഹരിദാസ്. ഏറെ ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് താന്‍ ഈ രംഗത്ത് തുടര്‍ന്നതെന്നും പലതിനോടും കലഹിച്ചും ചോദ്യം ചെയ്തുമാണ് ഇക്കാലമത്രയും മുന്നോട്ടു വന്നിട്ടുള്ളതെന്നും ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ രഞ്ജിനി പറയുന്നുണ്ട്. തുടക്കകാലത്ത് തന്റെ രീതികള്‍ ആളുകള്‍ക്ക് സ്വീകാര്യമായിരുന്നില്ലെന്നും ഈ പരിഷ്‌ക്കാരിക്ക് മലയാളം ചാനലില്‍ എന്താണ് കാര്യമെന്ന ചോദ്യമായിരുന്നു പലരില്‍ നിന്നും ഉയര്‍ന്നതെന്നും രഞ്ജിനി പറയുന്നു.

‘2007ലാണ് എന്നെ ആളുകള്‍ അറിഞ്ഞുതുടങ്ങിയത്. അന്ന് ഏഷ്യാനെറ്റ് മുന്നില്‍ നില്‍ക്കുന്ന സമയമാണ്. ആ ചാനലിലെ സാഹസിക ലോകത്തില്‍ പങ്കെടുത്തതിന് ശേഷം ഐഡിയ സ്റ്റാര്‍ സിംഗറിന്റെ അവതാരകയായപ്പോഴാണ് ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയത്.

ഞാനൊരു സെലിബ്രിറ്റി ആകാനുള്ള ആദ്യകാരണം ആ ഷോയുടെ റേഞ്ച് ആണ്. രണ്ടാമത്തേതാണ് എന്റെ ക്യാരക്ടര്‍. അക്കാലത്ത് എന്റെ പോലത്തെ സംസാരം, നില്‍ക്കുന്ന രീതി, കെട്ടിപ്പിടിക്കുന്നത് അത്തരം കാര്യങ്ങളോട് ആളുകള്‍ എക്‌സ്‌പോസ്ഡ് ആയിരുന്നില്ല. ഒരു നഗരത്തില്‍ വളര്‍ന്നത് കൊണ്ട് ആ രീതികള്‍ എനിക്ക് ശീലമായിരുന്നു. പക്ഷേ, ആളുകള്‍ക്ക് അതൊരു കണ്‍ഫ്യൂഷന്‍ ആയിരുന്നു.

പരിഷ്‌കാരിക്ക് മലയാളം ചാനലില്‍ എന്താ കാര്യം എന്ന ചോദ്യത്തിലാണ് തുടങ്ങിയത്. പക്ഷേ, ആ ചോദ്യം അവിടെ നില്‍ക്കുമ്പോഴും ആങ്കറിംഗ് എന്ന ജോലി മര്യാദയ്ക്ക് ചെയ്തത് കൊണ്ട് ആളുകള്‍ എന്നെ സ്വീകരിച്ചു. അത് ഞാന്‍ നന്നായി ചെയ്തില്ലായിരുന്നെങ്കില്‍ ബാക്കിയെല്ലാം പ്രശ്‌നത്തിലായേനെ എന്നു തോന്നുന്നു,’ രഞ്ജിനി പറഞ്ഞു.

ഈ രംഗത്ത് നില്‍ക്കുക എന്നത് ഒട്ടും എളുപ്പമായിരുന്നില്ലെന്നും പല ബുദ്ധിമുട്ടുകളുമുണ്ടായിട്ടുണ്ടെന്നും രഞ്ജിനി അഭിമുഖത്തില്‍ പറയുന്നുണ്ട്.

ചെറുപ്പം മുതല്‍ ഇഷ്ടമില്ലാത്തത് കണ്ടാല്‍ റിയാക്ട് ചെയ്യുമായിരുന്നു. ഞങ്ങള്‍ ഫാഷന്‍ ഷോ ഒക്കെ ചെയ്യു മ്പോള്‍ മോഡല്‍സിന്റെ കൂടെ അമ്മ മാരൊക്കെ ഉണ്ടാകും. രാത്രി 12 മണി വരെയൊക്കെയാണ് ഷോ. എല്ലാവരും അതുവരെ വിശന്നിരിക്കുകയാവും. പരിപാടി നടത്തുന്നവരാകട്ടെ മോഡല്‍സിന് മാത്രമേ ഭക്ഷണം കരുതുകയുള്ളൂ. ബാക്കിയുള്ളവര്‍ പട്ടിണി കിടക്കണം.

അതൊക്കെ എതിര്‍ത്തിരുന്നു. അതുപോലെ ആങ്കറിംഗിന്റെ പോകുമ്പോള്‍ ഒന്നും പറഞ്ഞു തരില്ല. വെറുതേ പേപ്പര്‍ തന്നിട്ട് തുടങ്ങിക്കോന്ന് പറയും. ഇരിക്കാന്‍ കസേര തരില്ല, കുടിക്കാന്‍ വെള്ളം തരില്ല. ഏറ്റവും കൂടുതല്‍ വഴക്കുണ്ടാക്കിയത് ഇതിനൊക്കെ വേണ്ടിയാണ്. ഇപ്പോള്‍ അതിനൊക്കെ വലിയ മാറ്റം വന്നിട്ടുണ്ട്. പിന്നെ, അവതാരകരുടെ പ്രതിഫലം. അന്ന് ആങ്കറിംഗ് ഒരു പ്രൊഫഷനായിരുന്നില്ല. ഞാനാകട്ടെ പ്രതിഫലം ചോദിച്ച് വാങ്ങിയിരുന്നു. ചെയ്യുന്ന ജോലിക്ക് മാന്യമായ പ്രതിഫലം വേണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. അത് സിനിമയാണെങ്കില്‍ പോലും, രഞ്ജിനി പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Ranjini Haridas About Her Anchoring Style and Malayalees Concept

We use cookies to give you the best possible experience. Learn more