സിനിമാ നിരൂപകരെ നിരോധിക്കണം; അവർ കാരണമാണ് ആളുകൾ തിയേറ്ററുകളിലേക്ക് വരാത്തത് : രഞ്ജിനി
Film News
സിനിമാ നിരൂപകരെ നിരോധിക്കണം; അവർ കാരണമാണ് ആളുകൾ തിയേറ്ററുകളിലേക്ക് വരാത്തത് : രഞ്ജിനി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 21st October 2023, 7:00 pm

സിനിമാ ക്രിട്ടിക്കുകളെക്കുറിച്ച് സംസാരിക്കുകയാണ് നടി രഞ്ജിനി. യൂട്യൂബ് ചാനലിൽ മോശമായ രീതിയിൽ ക്രിട്ടിക്കുക്കൾ വരുന്നുണ്ടെന്നും അവരെ ബാൻ ചെയ്യണമെന്നും രഞ്ജിനി പറഞ്ഞു. ഫിലിം ക്രിട്ടിക്കുകൾ പത്ത് ദിവസം കഴിഞ്ഞതിന് ശേഷം റിവ്യൂ ചെയ്തോട്ടെയെന്നും സിനിമ ഒരുപാട് പേരുടെ ജീവിത മാർഗമാണെന്നും താരം കൂട്ടിച്ചേർത്തു. മനോരമ ന്യൂസിന്റെ കോൺക്ലേവിന് വന്നപ്പോഴായിരുന്നു രഞ്ജിനിയുടെ പ്രതികരണം.

‘ഓരോ കാലഘട്ടത്തിലും വ്യത്യസ്തമായ ഡൈമെൻഷനിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. ഇന്ത്യൻ സിനിമയുടെ തുടക്കകാലം 1930 മുതലാണ്. ഓരോ 25 വർഷം കൂടുമ്പോഴും ഒരുപാട് മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. ഇപ്പോൾ എല്ലാം ഡിജിറ്റലായി. അതുകൊണ്ടുതന്നെ അതിൽ ഒരുപാട് മത്സരങ്ങൾ നടക്കുന്നുണ്ട്. അധികം തീയേറ്ററുകളും മൾട്ടിപ്ലക്സ് തീയറ്ററുകളാണ്. സിനിമ ഒ.ടി.ടിയിൽ വരുന്നതും നല്ലതാണ്.

പക്ഷേ തിയേറ്റർ എക്സ്പീരിയൻസിനെ അത് ഡൗൺ ആക്കുന്നു. ഓൺലൈനിൽ ക്രിട്ടിക്സ് വരുന്നുണ്ട്. അനാവശ്യമായിട്ട് ഒരുപാട് യൂട്യൂബ് ചാനലുകളിൽ സിനിമയെ മോശമായിട്ട് ക്രിട്ടിസൈസ് ചെയ്യുന്നുണ്ട്. അത് കണ്ടിട്ടാണ് കുറെ ആളുകൾ തിയേറ്ററുകളിലേക്ക് പോകാത്തത്. അത് ശരിക്കും ബാധിക്കുന്നത് സിനിമ ഇന്ടസ്ട്രിയെയാണ്.

നമ്മൾ ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ഇതിലേക്ക് വരുന്നത്. അതുപോലെ ജോലി ചെയ്യുന്നു. ഒരുപാട് ടെക്നീഷ്യനുകൾ ഇതിൽ ഉൾപ്പെടുന്നുണ്ട്. ഇത് ഒരുപാട് ആളുകളുടെ ജീവിത മാർഗമാണ്. ഈ യൂട്യൂബ് ചാനലിലുള്ള ഫിലിം ക്രിട്ടിക്കിനെയാണ് നമ്മൾ തടയേണ്ടത്. ഫിലിമിന്റെ ക്രിട്ടിസിസം ഒരിക്കലും പാടില്ല എന്ന നിയമം കൊണ്ട് വരണം. ഒരു പത്ത് ദിവസം കഴിഞ്ഞതിനുശേഷം അവർ സിനിമയെ കുറിച്ച് വിമർശിച്ചോട്ടെ.

ആദ്യം പടം ഓടട്ടെ. കളക്ഷൻ വരട്ടെ. ഒ.ടി.ടി അല്ല ഇതിന് കാരണം, ഇവരാണ് പ്രശ്നം. ഇവിടെ എല്ലാവരുടെയും കയ്യിൽ ടെക്നോളജിയുണ്ട്. യൂത്ത് ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇവരുടെ വിഡിയോകൾ കണ്ടിട്ടാണ് ഒരുപാട് ആളുകൾ തിയേറ്ററുകളിലേക്ക് പോകാത്തത്. ഇത് ബാൻ ചെയ്താൽ എല്ലാം ശരിയാകും. ഫിലിം ക്രിട്ടിക്സ് എന്ന് പറഞ്ഞുവരുന്ന ആളുകളെ ബാൻ ചെയ്യണം,’ രഞ്ജിനി പറഞ്ഞു.

 

Content Highlight: Ranjini about film critic