| Sunday, 24th November 2024, 10:22 pm

ഞാനാണ് മ്യൂസിക് ചെയ്യുന്നതെങ്കില്‍ പാടാന്‍ പറ്റില്ലെന്ന് എം.ജി ശ്രീകുമാര്‍ ആ തിരക്കഥാകൃത്തിനോട് പറഞ്ഞിരുന്നു: രഞ്ജിന്‍ രാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എം. പ്ദമകുമാര്‍ സംവിധാനം ചെയ്ത് 2018ല്‍ റിലീസായ ജോസഫിലൂടെ സംഗീതസംവിധാനരംഗത്തേക്ക് കടന്നുവന്നയാളാണ് രഞ്ജിന്‍ രാജ്. തുടര്‍ന്ന് കാണെക്കാണെ, മാളികപ്പുറം തുടങ്ങിയ ചിത്രങ്ങളിലൂടെ രഞ്ജിന്‍ ശ്രദ്ധേയനായി. മലയാളത്തിലെ എക്കാലത്തെയും മികച്ച ഗായകനായ എം.ജി. ശ്രീകുമാറിനെക്കുറിച്ച് സംസാരിക്കുകയാണ് രഞ്ജിന്‍ രാജ്.

താന്‍ സംഗീതം ചെയ്ത ഒരു സിനിമയില്‍ എം.ജി. ശ്രീകുമാര്‍ ഒരു പാട്ട് പാടേണ്ടതായിരുന്നെന്നും എന്നാല്‍ സംവിധായകനും അദ്ദേഹവും തമ്മിലുള്ള മിസ്‌കമ്മ്യൂണിക്കേഷന്‍ കാരണം അദ്ദേഹം ആ സിനിമയില്‍ പാടില്ലെന്ന് പറഞ്ഞ് പിന്മാറിയിരുന്നെന്നും രഞ്ജിന്‍ പറഞ്ഞു. താന്‍ ഗുരുതുല്യനായി കാണുന്നവരില്‍ ഒരാളാണ് എം.ജി. ശ്രീകുമാറെന്നും അന്നത്തെ സംഭവത്തില്‍ തന്റെ ഭാഗം പിന്നീട് ന്യായീകരിക്കാന്‍ പോയില്ലെന്നും രഞ്ജിന്‍ കൂട്ടിച്ചേര്‍ത്തു.

പിന്നീട് മാളികപ്പുറം എന്ന ചിത്രത്തിന്റെ സമയത്ത് അതിന്റെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള ഒരു പാട്ടിനായി എം.ജി ശ്രീകുമാറിനെ സമീപിച്ചെന്നും എന്നാല്‍ ഞാനാണ് മ്യൂസിക് ഡയറക്ടറെന്ന് അറിഞ്ഞപ്പോള്‍ അദ്ദേഹം പാടാന്‍ പറ്റില്ലെന്ന് പറഞ്ഞെന്നും രഞ്ജിന്‍ പറഞ്ഞു. പിന്നീട് താന്‍ അദ്ദേഹത്തെ വിളിച്ച് ആ സിനിമയില്‍ ഉണ്ടായ കാര്യം മുഴുവന്‍ വിശദീകരിച്ചെന്നും തന്റെ ഭാഗം ക്ലിയറാക്കിയെന്നും രഞ്ജിന്‍ കൂട്ടിച്ചേര്‍ത്തു.

തന്റെ ഭാഗത്ത് തെറ്റുള്ളതുകൊണ്ടല്ല അങ്ങനെ പറഞ്ഞതെന്നും അദ്ദേഹത്തിന് കൊടുക്കേണ്ട വാല്യു കൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നും രഞ്ജിന്‍ പറഞ്ഞു. ഒടുവില്‍ അദ്ദേഹം പാടാമെന്ന് സമ്മതിച്ചെന്നും എന്നാല്‍ പാട്ട് പാടേണ്ടതിന്റെ തലേദിവസം അദ്ദേഹം പിന്മാറിയെന്നും രഞ്ജിന്‍ കൂട്ടിച്ചേര്‍ത്തു. വണ്‍ ടു ടോക്ക്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എം.ജി. ശ്രീകുമാര്‍ സാറിനെ ഞാന്‍ ആദ്യമായി കണ്ടത് സ്റ്റാര്‍ സിങ്ങറിന്റെ സമയത്താണ്. ഗുരുതുല്യനായാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്. എന്റെ ഒരു സിനിമയില്‍ അദ്ദേഹം പാടാമെന്ന് സമ്മതിച്ചതായിരുന്നു. എനിക്ക് അദ്ദേഹത്തോടുള്ള ബഹുമാനം കാരണം അധികം ഫോണ്‍ വിളിക്കാറില്ല. എന്നാല്‍ സംവിധായകനും അദ്ദേഹവും തമ്മിലുള്ള മിസ്‌കമ്മ്യൂണിക്കേഷന്‍ കാരണം അദ്ദേഹം എന്നെ തെറ്റിദ്ധരിച്ചു. ആ സിനിമയില്‍ അദ്ദേഹം പാടിയില്ല.

പിന്നീട് മാളികപ്പുറത്തിന്റെ സമയത്ത് അതിന്റെ റൈറ്റര്‍ അഭിലാഷ് പിള്ള എം.ജി. സാറിനെ വിളിച്ചു. ‘ഇതുപോലെ ഒരു സിനിമയുണ്ട്, പാടാമോ’ എന്ന് ചോദിച്ചു. എന്നാല്‍ ഞാനാണ് മ്യൂസിക് ഡയറക്ടറെന്ന് അറിഞ്ഞപ്പോള്‍ പാടാന്‍ പറ്റില്ലെന്ന് പറഞ്ഞു. ഇതറിഞ്ഞപ്പോല്‍ ഞാന്‍ അദ്ദേഹത്തെ വിളിച്ച് അന്ന് സംഭവിച്ച കാര്യങ്ങള്‍ മുഴുവന്‍ പറഞ്ഞു.

എന്റെ ഭാഗം ന്യായീകരിക്കാന്‍ വേണ്ടിയല്ല, അദ്ദേഹത്തെ വാല്യു ചെയ്യുന്നുണ്ടെന്നറിയിക്കാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തത്. എടുവില്‍ അദ്ദേഹം പാടാമെന്ന് സമ്മതിച്ചു. എന്നാല്‍ പാട്ട് പാടേണ്ടതിന്റെ തലേദിവസം വിളിച്ച് അതിന്റെ റൈറ്റ്‌സ് വേണമെന്നൊക്കെ പറഞ്ഞു. അത് നടക്കാത്തതുകൊണ്ട് എം.ജി. സാര്‍ ആ പാട്ടില്‍ നിന്ന് പിന്മാറി. എന്നോട് അദ്ദേഹത്തിന് എന്താണ് ഇത്ര ദേഷ്യമെന്ന് എനിക്ക് മനസിലാകുന്നില്ല,’ രഞ്ജിന്‍ രാജ് പറഞ്ഞു.

Content Highlight: Ranjin Raj explains the controversy between M G Sreekumar and him

Latest Stories

We use cookies to give you the best possible experience. Learn more