| Saturday, 6th January 2024, 3:34 pm

പൂജാരയുടെ ഗര്‍ജനം; ഇംഗ്ലണ്ടിനെതിരായ പരമ്പരക്ക് മുമ്പേ ടീമില്‍ തന്റെ സ്ഥാനം അവന്‍ അടിവരയിട്ടുറപ്പിക്കുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

രഞ്ജി ട്രോഫിയില്‍ വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജാര. രാജ്‌കോട്ടില്‍ നടക്കുന്ന സൗരാഷ്ട്ര – ജാര്‍ഖണ്ഡ് മത്സരത്തിലാണ് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരുടെ ട്രംപ് കാര്‍ഡ് വീണ്ടും തന്റെ മാസ്റ്റര്‍ ക്ലാസ് പുറത്തെടുത്തത്.

ജാര്‍ഖണ്ഡിനെതിരെ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് പൂജാര ടീമിന്റെ നെടുംതൂണാകുന്നത്.

മത്സരത്തില്‍ ടോസ് നേടിയ സൗരാഷ്ട്ര നായകന്‍ ജയ്‌ദേവ് ഉനദ്കട് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവെച്ച് ബൗളര്‍മാര്‍ തകര്‍ത്തെറിഞ്ഞപ്പോള്‍ മികച്ച സ്‌കോറിലെത്താന്‍ സാധിക്കാതെ ജാര്‍ഖണ്ഡ് വീണു.

55 പന്തില്‍ 29 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ കുമാര്‍ കുശാഗ്രയാണ് ജാര്‍ഖണ്ഡിന്റെ ടോപ് സ്‌കോറര്‍. 62 പന്തില്‍ 27 റണ്‍സടിച്ച ഷഹബാസ് നദീമും 33 പന്തില്‍ 24 റണ്‍സ് നേടിയ അനുകൂല്‍ റോയ്‌യും ടീം ടോട്ടലിലേക്ക് തങ്ങളുടെ സംഭാവനകള്‍ നല്‍കി.

ഒടുവില്‍ 49 ഓവറില്‍ ജാര്‍ഖണ്ഡ് 142ന് ഓള്‍ ഔട്ടായി.

സൗരാഷ്ട്രക്കായി ചിരാഗ് ജാനി അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ ക്യാപ്റ്റന്‍ ജയ്‌ദേവ് ഉനദ്കട്ടും ആദിത്യ ജഡേജയും രണ്ട് വിക്കറ്റ് വീതം നേടി. യുവരാജ്‌സിങ് ധോഡിയയാണ് ശേഷിക്കുന്ന വിക്കറ്റ് വീഴ്ത്തിയത്.

ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ സൗരാഷ്ട്രക്ക് മോശമല്ലാത്ത തുടക്കമാണ് ലഭിച്ചത്. ടീം സ്‌കോര്‍ 27ല്‍ നില്‍ക്കവെ സ്‌നെല്‍ പാട്ടീലിനെ നഷ്ടമായെങ്കിലും പിന്നാലെയെത്തിയവര്‍ തകര്‍ത്തടിച്ചു.

ഓപ്പണര്‍ ഹാര്‍വിക് ദേശായിയും വണ്‍ ഡൗണായി എത്തിയ ഷെല്‍ഡണ്‍ ജാക്‌സണും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. ദേശായി 119 പന്തില്‍ 85 റണ്‍സടിച്ച് പുറത്തായപ്പോള്‍ 74 പന്തില്‍ 54 റണ്‍സാണ് ഷെല്‍ഡണ്‍ ജാക്‌സണ്‍ സ്വന്തമാക്കിയത്.

നാലാം നമ്പറില്‍ ചേതേശ്വര്‍ പൂജാരയാണ് ക്രീസിലെത്തിയത്. താന്‍ എന്തുകൊണ്ടാണ് ഇന്ത്യന്‍ ടീമിലെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് എന്ന വിളിപ്പേരിന് അര്‍ഹനായതെന്ന് അടിവരയിടുന്ന പ്രകടനമാണ് പൂജാര പുറത്തെടുത്തത്.

ക്രീസില്‍ ഉറച്ചുനില്‍ക്കുന്ന പൂജാര അര്‍പിത് വാസവദയെ കൂട്ടുപിടിച്ച് സൗരാഷ്ട്രയുടെ ലീഡ് ഉയര്‍ത്തി. 171 പന്തില്‍ 68 റണ്‍സ് നേടിയ അര്‍പിത് പുറത്തായെങ്കിലും പൂജാര തന്റെ മാജിക് പുറത്തെടുത്തുകൊണ്ടിരിക്കുകയാണ്.

രണ്ടാം ദിനം ചായക്ക് പിരിയുമ്പോള്‍ 167 പന്തില്‍ പുറത്താകാതെ 109 റണ്‍സാണ് പൂജാര നേടിയിരിക്കുന്നത്. നിലവില്‍ നാല് വിക്കറ്റിന് 338 എന്ന നിലയിലാണ് സൗരാഷ്ട്ര ആദ്യ ഇന്നിങ്‌സ് തുടരുന്നത്. 196 റണ്‍സിന്റെ ലീഡാണ് ഇപ്പോള്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ക്കുള്ളത്.

രഞ്ജിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന പൂജാര ഈ മാസം അവസാനം നടക്കുന്ന ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിനുള്ള സ്‌ക്വാഡില്‍ ഇടം പിടിക്കാനുള്ള ഒരുക്കത്തിലാണ്. നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഈ മാസം 25ന് ആണ് ആരംഭിക്കുന്നത്.

ഇന്ത്യയുടെ സൗത്ത ആഫ്രിക്കന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരക്കുള്ള സ്‌ക്വാഡില്‍ പൂജാര ഉള്‍പ്പെട്ടിരുന്നില്ല. പൂജാരയെ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ ഹര്‍ഭജന്‍ അടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു.

പൂജാരക്ക് പുറമെ അജിന്‍ക്യ രഹാനക്കും ടീമില്‍ സ്ഥാനമുണ്ടായിരുന്നില്ല. പകരം യുവതാരങ്ങളെയാണ് ഇന്ത്യ പരീക്ഷിച്ചത്. എന്നാല്‍ അവരുടെ പരിചയക്കുറവ് ഇന്ത്യക്ക് വിനയായപ്പോള്‍ പരമ്പര കൂടിയായിരുന്നു ഇന്ത്യക്ക് നഷ്ടമായത്.

ഇക്കാരണം കൊണ്ടുതന്നെ ഇംഗ്ലണ്ടിനെതിരായ ടീം സെലക്ട് ചെയ്യുമ്പോള്‍ പൂജാരയുടെ ഇന്നിങ്‌സ് സെലക്ടര്‍മാരുടെ മനസിലുണ്ടാകുമെന്ന് തന്നെയാണ് ആരാധകര്‍ കരുതുന്നത്.

Content highlight: Ranji Trpohy,  Cheteshwar Pujara’s brilliant innings against Jharkhand

We use cookies to give you the best possible experience. Learn more