രഞ്ജി ട്രോഫിയില്‍ ഉത്തര്‍പ്രദേശിനെ എറിഞ്ഞിട്ട് ബംഗാള്‍. കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക്കില്‍ നടന്ന മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ വെറും 60 റണ്‍സിനാണ് ഉത്തര്‍പ്രദേശ് ഓള്‍ ഔട്ടായത്.
കേരളത്തിനെതിരായ ആദ്യ മത്സരം സമനിലയില്‍ പിരിഞ്ഞതോടെ രണ്ടാം മത്സരത്തില്‍ വിജയം പ്രതീക്ഷിച്ചാണ് യു.പി കളത്തിലിറങ്ങിയത്. നിതീഷ് റാണ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മടങ്ങിയെത്തിയതും ആരാധകരില്‍ പ്രതീക്ഷ വളര്‍ത്തിയിരുന്നു.
മത്സരത്തില്‍ ടോസ് നേടിയ ബംഗാള്‍ നായകന്‍ മനോജ് തിവാരി എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവെച്ച് ബംഗാള്‍ ബൗളര്‍മാര്‍ പന്തെറിഞ്ഞപ്പോള്‍ ഉത്തര്‍പ്രദേശ് നിന്നുവിയര്‍ത്തു.
സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കാനോ മികച്ച രീതിയില്‍ പാര്‍ട്ണര്‍ഷിപ്പ് ഉയര്‍ത്താനോ അനുവദിക്കാതെ ബംഗാള്‍ ബൗളര്‍മാര്‍ പന്തെറിഞ്ഞു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റും വീണതോടെ യു.പി വെറും 20.5 ഓവറില്‍ 60 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.
മൂന്ന് താരങ്ങള്‍ മാത്രമാണ് യു.പി നിരയില്‍ ഇരട്ടയക്കം കണ്ടത്. 41 പന്തില്‍ 13 റണ്‍സ് നേടിയ സമര്‍ത്ഥ് സിങ്ങാണ് ആദ്യ ഇന്നിങ്‌സില്‍ ഉത്തര്‍പ്രദേശിന്റെ ടോപ് സ്‌കോറര്‍. 11 പന്തില്‍ 11 റണ്‍സ് നേടിയ ഓപ്പണര്‍ ആര്യന്‍ ജുയാലും 18 പന്തില്‍ 11 റണ്‍സടിച്ച ക്യാപ്റ്റന്‍ നിതീഷ് റാണയുമാണ് ഇരട്ടയക്കം കണ്ട മറ്റ് താരങ്ങള്‍.
14 ഓവര്‍ മാത്രം വഴങ്ങി നാല് വിക്കറ്റ് നേടിയ മുഹമ്മദ് കൈഫാണ് ഉത്തര്‍പ്രദേശിനെ എറിഞ്ഞിട്ടത്. സൂരജ് സിന്ധു ജെയ്‌സ്വാള്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഇഷാന്‍ പോറല്‍ രണ്ട് യു.പി വിക്കറ്റുകളും പിഴുതെറിഞ്ഞു.
ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ബംഗാളിന് അഞ്ച് വിക്കറ്റ് നഷ്ടമായെങ്കിലും നിലവില്‍ ലീഡ് നേടിയിരിക്കുകയാണ്. 25 ഓവറില്‍ അഞ്ച് വിക്കറ്റിന് 78 റണ്‍സ് സ്വന്തമാക്കിയണ് ബംഗാള്‍ ആദ്യ ഇന്നിങ്‌സ് ബാറ്റിങ് തുടരുന്നത്.
80 പന്തില്‍ 32 റണ്‍സ് നേടിയ ഓപ്പണര്‍ ശ്രേയാന്‍ഷ് ഘോഷും രണ്ട് പന്ത് നേരിട്ട് റണ്‍സൊന്നും നേടാതെ കരണ്‍ ലാലുമാണ് ക്രീസില്‍.
സൗരവ് പോള്‍ (31 പന്തില്‍ 13), സുദീപ് കുമാര്‍ ഘരാമി (രണ്ട് പന്തില്‍ പൂജ്യം), അനുഷ്ടുപ് മജുംദാര്‍ (13 പന്തില്‍ 12), ക്യാപ്റ്റന്‍ മനോജ് തിവാരി (13 പന്തില്‍ മൂന്ന്), അഭിഷേക് പോരല്‍ (ഒമ്പത് പന്തില്‍ 12) എന്നിവരുടെ വിക്കറ്റാണ് ബംഗാളിന് ഇതിനോടകം നഷ്ടമായത്.
ഭുവനേശ്വര്‍ കുമാറാണ് അഞ്ച് വിക്കറ്റും നേടിയത്. 12 ഓവറില്‍ 21 റണ്‍സ് വഴങ്ങിയാണ് ഭുവി അഞ്ച് വിക്കറ്റ് നേടിയത്.
Content highlight: Ranji Trophy, UP vs Bengal update