Sports News
ജയിച്ച് ജയിച്ച് ജയിച്ച് വന്നവനും തോറ്റു; കേരളത്തിന്റെ ഗ്രൂപ്പില്‍ രഞ്ജിയുടെ രാജാക്കന്‍മാര്‍ക്ക് ആദ്യ തോല്‍വി
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jan 29, 12:28 pm
Monday, 29th January 2024, 5:58 pm

രഞ്ജി ട്രോഫിയില്‍ മുംബൈക്ക് ആദ്യ തോല്‍വി. ഉത്തര്‍പ്രദേശിനെതിരായ മത്സരത്തില്‍ രണ്ട് വിക്കറ്റിനാണ് മുംബൈ പരാജയപ്പെട്ടത്. സീസണില്‍ മുംബൈയുടെ ആദ്യ തോല്‍വിയാണിത്. ആദ്യ മൂന്ന് മത്സരത്തില്‍ രണ്ടെണ്ണത്തിലും ബോണസ് പോയിന്റോടെ വിജയിച്ച മുംബൈക്ക് സീസണില്‍ ആദ്യമാണ് ഒരു പോയിന്റ് പോലും ലഭിക്കാതെ മത്സരം അവസാനിപ്പിക്കേണ്ടി വന്നത്.

സ്‌കോര്‍

മുംബൈ : 198 & 320

ഉത്തര്‍പ്രദേശ് (T 195) : 324 & 195/8

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് ആദ്യ ഇന്നിങ്സില്‍ വെറും 198 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. അര്‍ധ സെഞ്ച്വറി നേടിയ ഷാംസ് മുലാനിയാണ് രഞ്ജിയിലെ രാജാക്കന്‍മാരായ മുംബൈയുടെ ടോപ് സ്‌കോറര്‍. 88 പന്തില്‍ 57 റണ്‍സാണ് താരം നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ യു.പി ക്യാപ്റ്റന്‍ നിതീഷ് റാണയുടെ സെഞ്ച്വറിയുടെയും സമര്‍ത്ഥ് സിങ്ങിന്റെ അര്‍ധ സെഞ്ച്വറിയുടെയും കരുത്തില്‍ 324 റണ്‍സ് നേടി. റാണ 120 പന്തില്‍ 106 റണ്‍സ് നേടി പുറത്തായപ്പോള്‍ 107 പന്തില്‍ 63 റണ്‍സാണ് സിങ് സ്വന്തമാക്കിയത്.

ആദ്യ ഇന്നിങ്‌സില്‍ ലീഡ് വഴങ്ങിയെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ രഞ്ജിയുടെ രാജാക്കന്‍മാര്‍ തിരിച്ചടിച്ചു. ശിവം ദുബെയുടെ സെഞ്ച്വറി കരുത്തിലും ഷാംസ് മുലാനിയുടെ അര്‍ധ സെഞ്ച്വറിയിലും മുംബൈ സ്‌കോര്‍ കെട്ടിപ്പൊക്കി.

ദുബെ 130 പന്തില്‍ 117 റണ്‍സടിച്ചപ്പോള്‍ മുലാനി 159 പന്തില്‍ 63 റണ്‍സും നേടി. മോഹിത് അവസ്തി (59 പന്തില്‍ 49) ആണ് സ്‌കോറിങ്ങിന് അടിത്തറയിട്ട മറ്റൊരു താരം.

മറുപടി ബാറ്റിങ്ങിനിറങ്ങിയ യു.പിക്ക് തുടക്കത്തിലേ പിഴച്ചു. ആദ്യ ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി നേടിയ സമര്‍ത്ഥ് സിങ് രണ്ട് റണ്‍സിന് പുറത്തായി. പ്രിയം ഗാര്‍ഗ് നാലിനും ക്യാപ്റ്റന്‍ നിതീഷ് റാണ ആറ് റണ്‍സും നേടിയാണ് കളം വിട്ടത്.

എന്നാല്‍ ആദ്യ മത്സരത്തില്‍ യു.പിയെ നയിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ആര്യന്‍ ജുയാലും കരണ്‍ ശര്‍മയും യു.പിക്ക് തുണയായി. ജുയാല്‍ 100 പന്തില്‍ 76 റണ്‍സ് നേടിയപ്പോള്‍ 173 പന്തില്‍ പുറത്താകാതെ 67 റണ്‍സാണ് ശര്‍മ സ്വന്തമാക്കിയത്.

ഒരു വശത്ത് കൃത്യമായി വിക്കറ്റുകള്‍ വീഴ്ത്തി മുംബൈയും പ്രതീക്ഷ നിലനിര്‍ത്തി. നാലാം ദിവസം ചായക്ക് പിരിയുമ്പോള്‍ ഉത്തര്‍പ്രദേശിന് വിജയിക്കാന്‍ 35 റണ്‍സും മുംബൈക്ക് ജയിക്കാന്‍ മൂന്ന് വിക്കറ്റുമായിരുന്നു വേണ്ടിയിരുന്നത്.

ഒരു വശത്ത് നിന്ന് കരണ്‍ ശര്‍മ പക്വതയോടെ ബാറ്റ് വീശിയപ്പോള്‍ ജയം യു.പിക്കൊപ്പം നിന്നു. സീസണില്‍ ഉത്തര്‍പ്രദേശിന്റെ ആദ്യ ജയമാണിത്.

ഫെബ്രുവരി രണ്ടിനാണ് ഇരുടീമുകളും ഗ്രൂപ്പ് ഘട്ടത്തിലെ അഞ്ചാം മത്സരത്തിനിറങ്ങുന്നത്. ഗ്രീന്‍ പാര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ യു.പി അസമിനെ നേരിടുമ്പോള്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഹോം ടീമായ ബംഗാളാണ് മുംബൈയുടെ എതിരാളികള്‍.

 

Content Highlight: Ranji Trophy: UP defeat Mumbai