ആരാധകരെ വീണ്ടും നിരാശനാക്കി സൂര്യകുമാര്‍ യാദവ്. രഞ്ജി ട്രോഫി സെമി ഫൈനലില്‍ പൂജ്യത്തിന് പുറത്തായാണ് സൂര്യകുമാര്‍ വിമര്‍ശങ്ങളേറ്റുവാങ്ങുന്നത്. വി.സി.എ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വിദര്‍ഭയ്‌ക്കെതിരെ സില്‍വര്‍ ഡക്കായതിന് പിന്നാലെയാണ് സൂര്യയ്‌ക്കെതിരെ വിമര്‍ശനങ്ങളുയരുന്നത്.
ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പരയ്ക്ക് പിന്നാലെ ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റിലും തന്റെ മോശം പ്രകടനം തുടരുകയാണ് സ്‌കൈ. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ സഞ്ജു സാംസണടക്കമുള്ള പ്രധാന താരങ്ങളും നിരാശപ്പെടുത്തിയതോടെ കാര്യമായ വിമര്‍ശനങ്ങള്‍ സൂര്യയിലേക്കെത്തിയിരുന്നില്ല.
മലയാളി ക്രിക്കറ്റ് ആരാധകരടക്കം സഞ്ജുവിനെ ക്രൂശിക്കുന്ന തിരക്കിലായതിനാല്‍ രണ്ട് ഡക്കും ഒരു സിംഗിള്‍ ഡിജിറ്റ് സ്‌കോറുമായി അഞ്ച് മത്സരത്തില്‍ നിന്നും 28 റണ്‍സ് മാത്രം നേടിയ സൂര്യ ട്രോളുകളില്‍ നിന്നെല്ലാം രക്ഷപ്പെട്ടിരുന്നു.
എല്ല ഫോര്‍മാറ്റുകളില്‍ നിന്നുമായി ഒടുവില്‍ കളിച്ച പത്ത് ഇന്നിങ്‌സിലായി അഞ്ച് ഡക്ക് അടക്കം ഏഴ് തവണയാണ് താരം ഒറ്റയക്കത്തിന് മടങ്ങിയത്. 0, 70, 9, 2, 0, 14, 12, 0, 0, 0 എന്നിങ്ങനെയാണ് ഒടുവില്‍ കളിച്ച പത്ത് ഇന്നിങ്‌സുകളില്‍ സൂര്യയുടെ സമ്പാദ്യം.
സൂപ്പര്‍ താരം ഫോമിലേക്ക് മടങ്ങിയെത്താത്തത് ഇന്ത്യയ്ക്ക് മാത്രമല്ല, ഇപ്പോള്‍ മുംബൈയ്ക്കും തിരിച്ചടിയാണ്.
അതേസമയം, രഞ്ജി ട്രോഫിയിലെ രണ്ടാം സെമിയില്‍ 383 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ടോട്ടലാണ് വിദര്‍ഭ മുംബൈയ്‌ക്കെതിരെ അടിച്ചെടുത്തത്. ഡാനിഷ് മലേശ്വര്‍, ധ്രുവ് ഷോരേ, യാഷ് റാത്തോഡ് എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ ബലത്തിലാണ് വിദര്‍ഭ മികച്ച സ്‌കോറിലേക്കുയര്‍ന്നത്.
ഡാനിഷ് മലേശ്വര്‍ 157 പന്തില്‍ 79 റണ്‍സ് നേടിയപ്പോള്‍ 109 പന്തില്‍ 74 റണ്‍സാണ് ധ്രുവ് ഷൂരേ നേടിയത്. 113 പന്തില്‍ 54 റണ്‍സുമായാണ് റാത്തോഡ് പുറത്തായത്.
കരുണ്‍ നായര്‍ (70 പന്തില്‍ 45), ക്യാപ്റ്റന്‍ അക്ഷയ് വഡേക്കര്‍ (62 പന്തില്‍ 34) എന്നിവരും ടോട്ടലിലേക്ക് തങ്ങളുടേതായ സംഭാവനകള്‍ നല്‍കി.
മുംബൈയ്ക്കായി ശിവം ദുബെ അഞ്ച് വിക്കറ്റ് നേടി. റോയ്‌സ്റ്റണ്‍ ഡയസ്, ഷാംസ് മുലാനി എന്നിവര്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ ഷര്‍ദുല്‍ താക്കൂറാണ് ശേഷിച്ച വിക്കറ്റ് നേടിയത്.
ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് തൊട്ടതെല്ലാം പിഴച്ചിരുന്നു. ഓപ്പണര്‍ ആയുഷ് മാത്രെ 16 പന്തില്‍ ഒമ്പത് റണ്‍സിന് പുറത്തായപ്പോള്‍ സൂര്യകുമാറിന് പുറമെ ശിവം ദുബെയും സില്‍വര്‍ ഡക്കായി മടങ്ങി. നാല് റണ്‍സുമായി മടങ്ങിയ ഷാംസ് മുലാനിയും നിരാശപ്പെടുത്തി.
വിക്കറ്റ് കീപ്പര്‍ ആകാശ് ആനന്ദ്, ഷര്‍ദുല്‍ താക്കൂര്‍, സിദ്ധേഷ് ലാഡ് എന്നിവരാണ് ആദ്യ ഇന്നിങ്‌സില്‍ മുംബൈയെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. താക്കൂര്‍ 37 റണ്‍സും സിദ്ധേഷ് ലാഡ് 35 റണ്‍സും നേടി. അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി അക്ഷയ് ആനന്ദ് ബാറ്റിങ് തുടരുകയാണ്.
നിലവില്‍ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ 188ന് ഏഴ് എന്ന നിലയിലാണ് മുംബൈ. 171 പന്തില്‍ 67 റണ്‍സുമായി അക്ഷയ് ആനന്ദും ഒമ്പത് പന്തില്‍ അഞ്ച് റണ്‍സുമായി തനുഷ് കോട്ടിയനുമാണ് ക്രീസില്‍.
ആദ്യ ഇന്നിങ്‌സില്‍ പാര്‍ത്ഥ് രേഖാഡെ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ യാഷ് താക്കൂര്‍ രണ്ടും ദര്‍ശന്‍ നാല്‍ക്കണ്ഡേ ഒരു വിക്കറ്റും നേടി.
Content highlight: Ranji Trophy: Surya Kumar Yadav’s poor form continues