രഞ്ജി ട്രോഫിയില്‍ തമിഴ്‌നാടിനെതിരെ സെഞ്ച്വറി നേടി ഷര്‍ദുര്‍ താക്കൂര്‍. എം.സി.എ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടത്തുന്ന സെമി ഫൈനല്‍ മത്സരത്തിലാണ് താക്കൂര്‍ ഒമ്പതാം നമ്പറില്‍ ഇറങ്ങി സെഞ്ച്വറി നേടിയത്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ താരത്തിന്റെ ആദ്യ സെഞ്ച്വറിയാണിത്. കരിയറിലെ 81ാം മത്സരത്തിലാണ് താക്കൂറിന്റെ ബാറ്റില്‍ നിന്നും ട്രിപ്പിള്‍ ഡിജിറ്റ് പിറക്കുന്നത്.
105 പന്ത് നേരിട്ട് 109 റണ്‍സ് സ്വന്തമാക്കിയാണ് താക്കൂര്‍ മുംബൈ നിരയില്‍ നിര്‍ണായകമായത്. 13 ഫോറും നാല് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാതെ വന്ന അതേ ഇന്നിങ്‌സിലാണ് താക്കൂറിന്റെ സെഞ്ച്വറി നേട്ടവും പിറന്നത്.
സെമി ഫൈനലില്‍ ആദ്യ ഇന്നിങ്‌സില്‍ പൃഥ്വി ഷായെ ഒറ്റയക്കത്തിന് നഷ്ടമായ മുംബൈക്ക് സ്‌കോര്‍ 50 കടക്കും മുമ്പ് തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു.
മൂന്നാം നമ്പറിലിറങ്ങിയ മുഷീര്‍ ഖാന്റെ അര്‍ധ സെഞ്ച്വറി കരുത്തില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ച മുംബൈയെ വീണ്ടും തമിഴ്‌നാട് ബൗളര്‍മാര്‍ ഞെട്ടിച്ചു. ക്യാപ്റ്റന്‍ രവിശ്രീനിവാസന്‍ സായ് കിഷോര്‍ തകര്‍ത്തെറിഞ്ഞപ്പോള്‍ മുംബൈ പരുങ്ങി.
91ന് മൂന്ന് എന്ന നിലയില്‍ നിന്നും 106ന് ഏഴ് എന്ന നിലയിലേക്ക് മുംബൈയുടെ പതനം വളരെ വേഗത്തിലായിരുന്നു. എന്നാല്‍ ഒമ്പതാം നമ്പറിലിറങ്ങിയ ഷര്‍ദുല്‍ താക്കൂര്‍ വിട്ടുകൊടുക്കാന്‍ ഒരുക്കമായിരുന്നില്ല. ടീം പതറിയപ്പോള്‍ താങ്ങായി നിന്നാണ് സെമിയില്‍ താരം തുണയായത്.
Shardul Thakur keeps the runs flowing for Mumbai as he reaches 78* off just 74 deliveries 🔥🔥
ക്വാര്‍ട്ടര്‍ ഫൈനലില്‍ പത്താം നമ്പറിലിറങ്ങി സെഞ്ച്വറി നേടിയ തനുഷ് കോട്ടിയന്‍ സെമിയിലും തന്റെ മാജിക് ആവര്‍ത്തിക്കുകയാണ്. അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് താരം ബാറ്റിങ് തുടരുന്നത്.
നിലവില്‍ 96 ഓവര്‍ പിന്നിടുമ്പോള്‍ 336ന് ഒമ്പത് എന്ന നിലയിലാണ് മുംബൈ. 93 പന്തില്‍ 67 റണ്‍സുമായി കോട്ടിയനും 27 പന്തില്‍ ഏഴ് റണ്‍സുമായി തുഷാര്‍ ദേശ്പാണ്ഡേയുമാണ് ക്രീസില്‍.
നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത തമിഴ്‌നാട് 146ന് പുറത്തായിരുന്നു. 44 റണ്‍സ് നേടിയ വിജയ് ശങ്കറും 43 റണ്‍സടിച്ച വാഷിങ്ടണ്‍ സുന്ദറുമാണ് തമിഴ്‌നാട് നിരയില്‍ സ്‌കോര്‍ ഉയര്‍ത്തിയത്.
മുംബൈക്കായി തുഷാര്‍ ദേശ്പാണ്ഡേ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ തനുഷ് കോട്ടിയന്‍, മുഷീര്‍ ഖാന്‍, ഷര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും മോഹിത് അവസ്തി ഒരു വിക്കറ്റും നേടി.
Content highlight: Ranji Trophy: Shardul Thakur smashes 89 ball century in semi final against Tamil Nadu