രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരായ മത്സരത്തില്‍ മുംബൈ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ഷര്‍ദുല്‍ താക്കൂര്‍ കളിക്കില്ല. പരിക്കിന് പിന്നാലെ തിരുവനന്തപുരം സെന്റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ താക്കൂര്‍ ടീമിനൊപ്പം ചേരില്ലെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ആദ്യ രണ്ട് മത്സരത്തിലും താക്കൂര്‍ ടീമിനൊപ്പമുണ്ടായിരുന്നില്ല. മൂന്നാം മത്സരത്തിന് മുമ്പായി താരം ടീമിനൊപ്പം ചേരുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ജനുവരി 19 മുതല്‍ 23 വരയൊണ് കേരളത്തിനെതിരായ മുംബൈയുടെ മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിനിടെയാണ് താക്കൂറിന് കണങ്കാലിന് പരിക്കേറ്റത്. സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ അത്ര മികച്ച പ്രകടനമായിരുന്നില്ല താക്കൂര്‍ പുറത്തെടുത്തത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും മികച്ച രീതിയില്‍ ടീമിന് സംഭാവന നല്‍കാന്‍ സാധിക്കാതെ വന്നതോടെ താരത്തെ രണ്ടാം ടെസ്റ്റില്‍ നിന്നും ഒഴിവാക്കിയിരുന്നു.
മുകേഷ് കുമാറിനെയാണ് താക്കൂറിന് പകരക്കാരനായി രണ്ടാം ടെസ്റ്റില്‍ ഇന്ത്യ കളത്തിലിറക്കിയത്. എന്നാല്‍ താരത്തിന് പരിക്കേറ്റിരുന്നു എന്നതിനെ സംബന്ധിച്ച വിവരങ്ങളൊന്നും തന്നെ പുറത്തുവന്നിരുന്നില്ല.
‘പൂര്‍ണ ആരോഗ്യം വീണ്ടെടുക്കാന്‍ ഇനിയും രണ്ടാഴ്ച കൂടി സമയം വേണമെന്ന് അവന്‍ (ഷര്‍ദുല്‍ താക്കൂര്‍) എം.സി.എയെ അറിയിച്ചിട്ടുണ്ട്. നാഷണല്‍ ക്രിക്കറ്റ് അക്കാദമി ഔദ്യോഗികമായി ഇക്കാര്യം അറിയിക്കുന്നതിനായി കാത്തിരിക്കുകയാണ്,’ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി അജിന്‍ക്യ നായിക് പറഞ്ഞു.
ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ രണ്ട് ടെസ്റ്റിനുള്ള ടീം പ്രഖ്യാപിച്ചപ്പോഴും താക്കൂറിന് സ്‌ക്വാഡില്‍ ഇടമുണ്ടായിരുന്നില്ല എന്ന കാര്യവും ഇതോടൊപ്പം ചേര്‍ത്തുവെക്കേണ്ടതാണ്.
മുംബൈ സ്‌ക്വാഡ്
അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), ജയ് ബിസ്ത, ഭൂപന്‍ ലാല്‍വാനി, അമോഘ് ഭട്കല്‍, സുദേവ് പ്രകാര്‍, പ്രസാദ് പവാല്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് താമോറെ (വിക്കറ്റ് കീപ്പര്‍), ഷാംസ് മുലാനി, തനുഷ് കോട്ടിയന്‍,അഥല്‍വ അങ്കോലേകര്‍, മോഹിത് അവസ്തി, ധവാല്‍ കുല്‍ക്കര്‍ണി, റോയ്‌സറ്റണ്‍ ഡയസ്, സില്‍വെസ്റ്റര്‍ ഡിസൂസ, ഹിമാന്‍ഷു സിങ്. സര്‍ഫറാസ് ഖാന്‍, ശ്രേയസ് അയ്യര്‍.
കേരള സ്‌ക്വാഡ്
ആനന്ദ് കൃഷ്ണന്‍, രോഹന്‍ കുന്നുമ്മല്‍ (ക്യാപ്റ്റന്‍), സച്ചിന്‍ ബേബി, അക്ഷയ് ചന്ദ്രന്‍, ജലജ് സക്‌സേന, കൃഷ്ണ പ്രസാദ്, രോഹന്‍ പ്രേം, ശ്രേയസ് ഗോപാല്‍, വൈശാഖ് ചന്ദ്രന്‍, വിഷ്ണുരാജ് (വിക്കറ്റ് കീപ്പര്‍), വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പര്‍), ബേസില്‍ തമ്പി, എം.ഡി. നിധീഷ്, എന്‍. ബേസില്‍, സുരേഷ് വിശ്വേശ്വര്‍.
Content highlight: Ranji Trophy, Shardul Thakur ruled out from match against Kerala