| Thursday, 3rd March 2022, 5:13 pm

ചരിത്രനേട്ടത്തിലേക്ക് രഞ്ജി ട്രോഫി; ചരിത്രത്തിന്റെ ഭാഗമാവാനൊരുങ്ങി കശ്മീരും റെയില്‍വേസും

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ക്രിക്കറ്റിന്റെ സമാന്തര സ്വരൂപമാണ് രഞ്ജി ട്രോഫി. ഇംഗ്ലണ്ടിന് കൗണ്ടി ക്രിക്കറ്റെന്ന പോലെ ഓസ്‌ട്രേലിയക്ക് ഷെഫീല്‍ഡ് ഷീല്‍ഡെന്ന പോലെ ഇന്ത്യയുടെ സ്വന്തം ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റാണ് രഞ്ജി ട്രോഫി.

1934ല്‍ ആരംഭിച്ച ടൂര്‍ണമെന്റ് ഇപ്പോള്‍ ചരിത്രനേട്ടത്തിലെത്തി നില്‍ക്കുകയാണ്. ചരിത്രത്തിലേക്കുള്ള കാല്‍വെപ്പിനാണ് ജമ്മു കശ്മീര്‍-റെയില്‍വേസ് മത്സരം സാക്ഷിയാവുന്നത്. ടൂര്‍ണമെന്റിലെ 5000മത് മത്സരമാണ് ഇതെന്നതാണ് ക്രിക്കറ്റ് ലോകത്തെ ആഘോഷത്തിലാഴ്ത്തുന്നത്.

നിരവധി താരങ്ങളെ വളര്‍ത്തിയെടുക്കുന്നതിലും അവരുടെ പ്രതിഭ പ്രകടമാക്കാനും രഞ്ജി ട്രോഫിക്ക് സാധിച്ചിട്ടുണ്ട്. ഒരര്‍ത്ഥത്തിലല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ തന്നെ യാത്രയാണ് രഞ്ജിയുടെയും.

1934ലായിരുന്നു രഞ്ജി ട്രോഫിയുടെ പിറവി. സിംലയില്‍ വെച്ച് നടന്ന ബി.സി.സി.ഐയുടെ യോഗത്തില്‍ അന്നത്തെ സെക്രട്ടറിയായിരുന്ന ആന്റണി ഡിമോലയാണ് ഒരു ആഭ്യന്തര ടൂര്‍ണമെന്റ് എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്. പാട്യാലാ മഹാരാജാവ് ഭൂപീന്ദര്‍ സിംഗിന്റെ എല്ലാ വിധ പിന്തുണയും ടൂര്‍ണമെന്റിനുണ്ടായിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റിന്റെം പിതാവായി കണക്കാക്കപ്പെട്ടിരുന്ന രഞ്ജിത് സിംഗ് രാജകുമാരനോടുള്ള ആദരസൂചകമായിട്ടായിരുന്നു ടൂര്‍ണമെന്റിന് രഞ്ജി ട്രോഫി എന്ന് പേരിട്ടത്.

ആദ്യത്തെ കുറെ വര്‍ഷങ്ങള്‍ രഞ്ജി ട്രോഫി ബോംബെയില്‍ നടന്നിരുന്ന പെന്റാഒഗുലര്‍ മത്സരത്തിന്റെ നിഴലിലാണു കഴിഞ്ഞത്. പ്രാധാന്യത്തിലും കാണികളുടെ എണ്ണത്തിലും പെന്റാഒഗുലര്‍ വളരെ മുമ്പിലായിരുന്നു. 1945-46-ല് പെന്റാഒഗുലര്‍ നിര്‍ത്തിവെക്കപ്പെട്ട ശേഷമാണ് രഞ്ജി ട്രോഫിയ്ക്കു ഇന്നത്തെ പ്രാധാന്യം കൈവന്നത്.

ലോകമഹായുദ്ധകാലത്തു ഇന്ത്യയൊഴിച്ചു മറ്റെല്ലാ രാജ്യങ്ങളിലും ആഭ്യന്തര ക്രിക്കറ്റ് തടസ്സപ്പെട്ടു. 1939-40 മുതലുള്ള പത്തോളം വര്‍ഷങ്ങള്‍ ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ ബാറ്റിങ്ങിന്റെ സുവര്‍ണകാലമായി കണക്കാക്കപ്പെടുന്നു.

നാല്പതുകളുടെ അവസാനത്തോടെ പങ്കെടുക്കുന്ന ടീമുകളില്‍ വലിയ മാറ്റങ്ങള്‍ വന്നു. തങ്ങളുടെ പതിനാലു വര്‍ഷങ്ങളില്‍ പത്തു ഫൈനല്‍ കളിച്ച ഹോള്‍ക്കാറും മറ്റു പല നാട്ടുരാജ്യങ്ങളും പ്രവിശ്യകളും അപ്രത്യക്ഷമായി.

സിന്ധ് പോലെയുള്ള ചില ടീമുകള്‍ പാകിസ്ഥന്റെ ഭാഗമായി. 1957-ഓടെ ഇന്നു കാണുന്ന ടീമുകള്‍ മിക്കവാറും നിലവില്‍ വന്നു. ഇക്കാലം വരെ പശ്ചിമമേഖലയില്‍ നിന്നുള്ള ടീമുകളാണു മേധാവിത്വം പുലര്‍ത്തിയിരുന്നതു.

1958-59 സീസണ്‍ മുതല്‍ തുടര്‍ച്ചയായി പതിനഞ്ചു വര്‍ഷം ബോംബെയായിരുന്നു കിരീടം നേടിയത്.

അറുപതുകളുടെ അന്ത്യത്തോടെ കാറ്റു മാറി വീശിത്തുടങ്ങി. ചന്ദ്രശേഖര്‍, പ്രസന്ന, വിശ്വനാഥ് തുടങ്ങിയ പ്രമുഖ കളിക്കാരടങ്ങിയ കര്‍ണാടകയാണു ബോംബെയ്ക്കു ആദ്യം ഭീഷണി ഉയര്‍ത്തിയത്. എഴുപതുകളുടെ മധ്യത്തില്‍ വടക്കന്‍ ദല്‍ഹിയും ശക്തമായ ഒരു ടീമിനെ സൃഷ്ടിച്ചെടുത്തു.

1973-74-ലെ സെമിയില്‍ കര്‍ണാടക ബോംബെയുടെ വിജയ പരമ്പരയ്ക്ക് വിരാമമിട്ടു. 1985-86 വരെയുള്ള പതിമൂന്നു വര്‍ഷങ്ങളില്‍ ദല്‍ഹി നാലും കര്‍ണാടക മൂന്നും ബോംബെ ആറും തവണ ജേതാക്കളായി.

ഏകദിന ക്രിക്കറ്റിന് പെട്ടെന്നുണ്ടായ പ്രചാരവും 1983ലെ ലോകകപ്പ് വിജയവും ടെലിവിഷന്‍ സാധാരണമായതുമെല്ലാം ക്രിക്കറ്റ് ഇന്ത്യയുടെ ഉള്‍പ്രദേശങ്ങളിലേക്കും പടരാന്‍ കാരണമായി. അതോടെ മുന്‍പു രണ്ടാം നിരയിലിരുന്ന ടീമുകള്‍ മുന്നോട്ടു വരാന്‍ തുടങ്ങി.

2006-07-നു മുന്‍പുള്ള പത്തു വര്‍ഷങ്ങളില്‍ പതിനൊന്നു വ്യതസ്ത ടീമുകള്‍ ഫൈനല്‍ കളിച്ചു. ബറോഡ, റെയില്‍വേസ്, ഉത്തര്‍പ്രദേശ്, പഞ്ചാബ് തുടങ്ങിയ ”ചെറിയ” ടീമുകള്‍ ജേതാക്കളാവുകയും ചെയ്തു.

ടൂര്‍ണമെന്റിന്റെ ആരംഭത്തില്‍ നാട്ടുരാജ്യങ്ങളും ബ്രിട്ടീഷ് പ്രവിശ്യകളുമായിരുന്നു ടൂര്‍ണമെന്റില്‍ പങ്കെടുത്തിരുന്നത്. സ്വാതന്ത്ര്യത്തിനും സംസ്ഥാനങ്ങളുടെ രൂപവത്കരണത്തിനും ശേഷം ഇതു മിക്കവാറും മാറിയെങ്കിലും ബോംബെ, ഹൈദരാബാദ്, സൗരാഷ്ട്ര തുടങ്ങിയ ടീമുകളില്‍ ഇപ്പോളും പഴയ സ്വാധീനം കാണാം. അതുപോലെതന്നെ സംസ്ഥാനങ്ങളുമായോ, പട്ടണങ്ങളുമായോ ബന്ധമില്ലാത്ത റെയില്‍വേസ്, സര്‍വീസസ് എന്നീ ടീമുകളും മത്സരിക്കുന്നുണ്ട്.

2002-03-സീസണിന്റെ തുടക്കത്തോടെയാണ് രഞ്ജിയില്‍ കാര്യമായ മാറ്റങ്ങളുണ്ടായത്. മേഖലാ സംവിധാനം അവസാനിപ്പിക്കുകയും രണ്ടു ഡിവിഷനുകളായുള്ള ഒരു ഘടനയുണ്ടാക്കുകയും ചെയ്തു. എലീറ്റ്, പ്ലേറ്റ് എന്നിവയായിരുന്നു രണ്ട് ഘടനകള്‍. പിന്നീട് 2006-07- സീസണ്‍ ആയപ്പോഴേക്കും ഇതില്‍ പുന:ക്രമീകരണം നടത്തി യഥാക്രമം സൂപ്പര്‍ ലീഗ്, പ്ലേറ്റ് ലീഗ് എന്നിവയാക്കി.

സൂപ്പര്‍ ലീഗിനെ ഏഴും, എട്ടും ടീമുകളായി വിഭജിച്ചപ്പോള്‍ പ്ലേറ്റ് ലീഗിനെ ആറ് ടീമുകള്‍ വീതമുള്ള രണ്ടു ഗ്രൂപ്പുകളാക്കി. ഈ രണ്ടു വിഭാഗങ്ങളില്‍ നിന്നുള്ള ആദ്യ രണ്ടു ടീമുകള്‍ നോക്കൗട്ട് ഘട്ടത്തിലേക്ക് പ്രവേശനം നേടുന്നു.

പ്ലേറ്റ് ലീഗില്‍ ഫൈനലിലെത്തുന്ന ടീമുകള്‍ അടുത്ത വര്‍ഷത്തെ സൂപ്പര്‍ ലീഗിലേക്ക് പ്രവേശനം നേടും. അതേസമയം സൂപ്പര്‍ ലീഗില്‍ ഏറ്റവും തഴെയുള്ള രണ്ട് ടീമുകള്‍ പ്ലേറ്റ് ലീഗിലേക്കു തരം താഴ്ത്തപ്പെടുകയും ചെയ്യുന്നു.

Content Highlight: Ranji Trophy sets new mile stone

We use cookies to give you the best possible experience. Learn more