|

രഞ്ജി സെമി ഫൈനല്‍: 400 കടന്ന് കേരളം, വിറച്ച് ഗുജറാത്ത്; കരിയര്‍ തിരുത്തിയ റെക്കോഡുമായി അസറുദ്ദീന്‍

സ്പോര്‍ട്സ് ഡെസ്‌ക്

രഞ്ജി ട്രോഫി സെമി ഫൈനലില്‍ കേരളം മികച്ച സ്‌കോറിലേക്ക്. മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 418 റണ്‍സുമായി കേരളം ബാറ്റിങ് തുടരുകയാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് അസറുദ്ദീന്റെ കരുത്തിലാണ് കേരളം മികച്ച സ്‌കോറിലേക്ക് കുതിക്കുന്നത്.

രണ്ടാം ദിനം അവസാനിക്കുമ്പോള്‍ 303 പന്ത് നേരിട്ട് 149 റണ്‍സുമായി അസറുദ്ദീന്‍ ബാറ്റിങ് തുടരുകയാണ്. 22 പന്തില്‍ പത്ത് റണ്‍സുമായി ആദിത്യ സര്‍വാതെയാണ് അസറുദ്ദീന് കൂട്ടായി ക്രീസിലുള്ളത്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തന്റെ ഏറ്റവും മികച്ച സ്‌കോറുമായാണ് അസറുദ്ദീന്‍ കേരളത്തെ കൈപിടിച്ചുനടത്തുന്നത്. ഈ മത്സരത്തിന് മുമ്പ് 112 റണ്‍സായിരുന്നു താരത്തിന്റെ ഫസ്റ്റ് ക്ലാസ് കരിയറിലെ ഏറ്റവും മികച്ച സ്‌കോര്‍.

ഇതിന് പുറമെ രഞ്ജി സെമി ഫൈനലില്‍ സെഞ്ച്വറി നേടുന്ന ആദ്യ കേരള വിക്കറ്റ് കീപ്പര്‍ എന്ന റെക്കോഡും താരം സ്വന്തമാക്കി.

206 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലാണ് കേരളം രണ്ടാം ദിവസത്തെ മാച്ച് ആരംഭിച്ചത്. ആദ്യ ദിനം 193 പന്തില്‍ 69 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും 83 പന്തില്‍ 30 റണ്‍സടിച്ച അസറുദ്ദീനും ചേര്‍ന്ന് രണ്ടാം ദിവസം കേരള ഇന്നിങ്‌സ് പുനരാരംഭിച്ചു.

എന്നാല്‍ രണ്ടാം ദിനം തുടക്കത്തിലേ കേരളത്തിന് തിരിച്ചടിയേറ്റു. രണ്ടാം ദിവസത്തെ രണ്ടാം പന്തില്‍ സച്ചിന്‍ ബേബി പുറത്തായി. അര്‍സന്‍ നഗ്‌വാസ്‌വാലയാണ് വിക്കറ്റ് നേടിയത്.

എന്നാല്‍ പിന്നാലെയെത്തിയ സല്‍മാന്‍ നിസാറിനെ ഒപ്പം കൂട്ടി അസറുദ്ദീന്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ സെഞ്ച്വറി നേടി കേരളത്തിന് താങ്ങായ സല്‍മാന്‍ നിസാര്‍ സെമിയില്‍ അര്‍ധ സെഞ്ച്വറിയും നേടി. 202 പന്ത് നേരിട്ട് 52 റണ്‍സാണ് താരം നേടിയത്.

അഹമ്മദ് ഇമ്രാന്‍ 66 പന്തില്‍ 24 റണ്‍സ് നേടി പുറത്തായി.

മത്സരത്തിന്റെ രണ്ടാം ദിവസം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 212 റണ്‍സാണ് കേരളം നേടിയത്.

രണ്ടാം ദിനം ഗുജറാത്തിനായി അര്‍സന്‍ നഗ്‌വാസ്‌വാല രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വിശാല്‍ ജയ്‌സ്വാള്‍ ഒരു വിക്കറ്റും നേടി.

കേരള പ്ലെയിങ് ഇലവന്‍

അക്ഷയ് ചന്ദ്രന്‍, രോഹന്‍ എസ്. കുന്നുമ്മല്‍, വരുണ്‍ നായനാര്‍, സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), ജലജ് സക്സേന, മുഹമ്മദ് അസറുദ്ദീന്‍ (വിക്കറ്റ് കീപ്പര്‍), അഹമ്മദ് ഇമ്രാന്‍, ആദിത്യ സര്‍വാതെ, എം.ഡി. നിധീഷ്, സല്‍മാന്‍ നിസാര്‍, എന്‍. ബേസില്‍.

ഗുജറാത്ത് പ്ലെയിങ് ഇലവന്‍

ആര്യ ദേശായി, മനന്‍ ഹിംഗ്രജിയ, പ്രിയങ്ക് പാഞ്ചല്‍, ഉര്‍വില്‍ പട്ടേല്‍ (വിക്കറ്റ് കീപ്പര്‍), ചിന്തന്‍ ഗജ (ക്യാപ്റ്റന്‍), ജയ്മീത് മനീഷ്ഭായ് പട്ടേല്‍, വിശാല്‍ ജയ്സ്വാള്‍, അര്‍സന്‍ നഗ്‌വാസ്‌വാല, പ്രിയജീത് സിങ് ജഡേജ, രവി ബിഷ്ണോയ്, സിദ്ധാര്‍ത്ഥ് ദേശായി.

Content highlight: Ranji Trophy Semi Final: Kerala vs Gujarat: Day 2 Updates