Sports News
2024ലെ ഇന്ത്യന്‍ മണ്ണിലെ ആദ്യ ഇരട്ട സെഞ്ച്വറി, ഒപ്പം ചരിത്രത്തിലെ രണ്ടാമനും; ഒരു ദയവുമില്ലാതെ അടിച്ച് പടുകൂറ്റന്‍ സ്‌കോര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jan 05, 05:18 pm
Friday, 5th January 2024, 10:48 pm

രഞ്ജി ട്രോഫിയില്‍ നാഗാലാന്‍ഡിനെതിരെ പടുകൂറ്റന്‍ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പടുത്തുയര്‍ത്തി ഹൈദരാബാദ്. രാഹുല്‍ സിങ്ങിന്റെ ഇരട്ട സെഞ്ച്വറിയും ക്യാപ്റ്റന്‍ തിലക് വര്‍മയുടെ സെഞ്ച്വറിയുമാണ് ഹൈദരാബാദിനെ വമ്പന്‍ സ്‌കോറിലെത്തിച്ചത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രോഹിത് റായിഡുവിനെ തുടക്കത്തിലേ നഷ്ടമായിരുന്നു. ആറ് പന്തില്‍ രണ്ട് റണ്‍സ് മാത്രം നേടിയാണ് താരം പുറത്തായത്. എന്നാല്‍ വണ്‍ ഡൗണായി രാഹുല്‍ എത്തിയതോടെ കളിയൊന്നാകെ ഹൈദരാബാദിന്റെ വരുതിയിലായി.

ഓപ്പണര്‍ തന്‍മയ് അഗര്‍വാളിനെ കൂട്ടുപിടിച്ച് രാഹുല്‍ വെടിക്കെട്ട് നടത്തി. ഇരട്ട സെഞ്ച്വറി പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തിയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്.

ടീം സ്‌കോര്‍ എട്ടില്‍ നില്‍ക്കവെ ഒന്നിച്ച ഇവരുടെ കൂട്ടുകെട്ട് പിരിയുന്നത് 235ലാണ്. 109 പന്തില്‍ 80 റണ്‍സ് നേടിയ അഗര്‍വാളിനെ പുറത്താക്കി റോങ്‌സെന്‍ ജോനാഥനാണ് കൂട്ടുകെട്ട് പൊളിച്ചത്.

നാലാമനായി തിലക് വര്‍മയും എത്തിയതോടെ ഒരു സെഞ്ച്വറി കൂട്ടുകെട്ട് കൂടി പിറവിയെടുത്തു. ഇരുവരും നാഗാ ബൗളര്‍മാരെ നിര്‍ദയം പ്രഹരിച്ചതോടെ ഹൈദരാബാദ് സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിച്ചു.

ഒടുവില്‍ ടീം സ്‌കോര്‍ 353ല്‍ നില്‍ക്കവെ മൂന്നാം വിക്കറ്റായി രാഹുല്‍ സിങ് മടങ്ങി. 157 പന്തില്‍ 217 റണ്‍സ് നേടിയാണ് താരം പുറത്തായത്. 23 ഫോറും ഒമ്പത് സിക്‌സറും അടക്കം 136.31 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് താരം റണ്ണടിച്ചുകൂട്ടിയത്.

 

ഈ വെടിക്കെട്ടിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും രാഹുലിനെ തേടിയെത്തിയിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ രണ്ടാമത് ഇരട്ട സെഞ്ച്വറി എന്ന നേട്ടമാണ് രാഹുല്‍ സ്വന്തമാക്കിയത്. നേരിട്ട 143ാം പന്തിലാണ് താരം 200 എന്ന മാജിക്കല്‍ നമ്പര്‍ തൊട്ടത്.

1985ല്‍ ബോംബേക്കായി ബറോഡക്കെതിരെ 123ല്‍ ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കിയ രവി ശാസ്ത്രിയുടെ റെക്കോഡാണ് ഇന്നും ഒന്നാം സ്ഥാനത്ത് തുടരുന്നത്.

അതേസമയം, രാഹുല്‍ പുറത്തായെങ്കിലും തിലക് വര്‍മ സ്‌കോര്‍ ഉയര്‍ത്തി. ചന്ദന്‍ സഹാനി (29 പന്തില്‍ 23) വിക്കറ്റ് കീപ്പര്‍ പ്രഗ്നയ് റെഡ്ഡി (23 പന്തില്‍ 19) എന്നിവരുടെ വിക്കറ്റാണ് ശേഷം ഹൈദരാബാദിന് നഷ്ടമായത്.

ക്യാപ്റ്റന്‍ തിലക് വര്‍മ 112 പന്തില്‍ സെഞ്ച്വറി നേടി. ഒടുവില്‍ ടീം സ്‌കോര്‍ 474ന് അഞ്ച് എന്ന നിലയില്‍ നില്‍ക്കവെ ഹൈദരാബാദ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.

ആദ്യ ഇന്നിങ്‌സ് കളത്തിലിറങ്ങിയ നാഗാലാന്‍ഡ് ആദ്യ ദിനം അവസാനിക്കുമ്പോള്‍ 35 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ്.

 

Content Highlight: Ranji Trophy, Rahul Singh scored double century against Nagaland