| Tuesday, 12th March 2024, 2:47 pm

ക്വാര്‍ട്ടറില്‍ ഡബിള്‍ സെഞ്ച്വറി, സെമിയില്‍ അര്‍ധ സെഞ്ച്വറിയും ഫൈനലില്‍ സെഞ്ച്വറിയും; ഇവന്റെ ചിറകിലേറി 42ാം കിരീടത്തിലേക്ക്!

സ്പോര്‍ട്സ് ഡെസ്‌ക്

രഞ്ജി ട്രോഫി ഫൈനലില്‍ സെഞ്ച്വറി നേടി മുംബൈയുടെ യുവതാരം മുഷീര്‍ ഖാന്‍. സ്ഥിരതയാര്‍ന്ന പ്രകടനത്തോടെ താരം മുംബൈയെ മറ്റൊരു കിരീടനേട്ടത്തിലേക്കാണ് നയിക്കുന്നത്.

രഞ്ജി ട്രോഫിയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബറോഡക്കെതിരെ ഇരട്ട സെഞ്ച്വറി നേടിയ താരം സെമിയില്‍ തമിഴ്‌നാടിനെതിരെ അര്‍ധ സെഞ്ച്വറിയും നേടിയിരുന്നു.

ഇപ്പോള്‍ ഫൈനലില്‍ വിദര്‍ഭക്കെതിരെ നിര്‍ണായക സെഞ്ച്വറി നേടിയാണ് താരം തിളങ്ങുന്നത്. മുഷീറിന്റെ തോളിലേറി മുംബൈ കൂറ്റന്‍ ലീഡിലേക്ക് കുതിക്കുകയാണ്.

നിലവില്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന മുംബൈ തങ്ങളുടെ ലീഡ് 450 കടത്തിയിരിക്കുകയാണ്. 107 ഓവര്‍ പിന്നിടുമ്പോള്‍ 346ന് അഞ്ച് എന്ന നിലയിലാണ് മുംബൈ ബാറ്റിങ് തുടരുന്നത്. 318 പന്തില്‍ 135 റണ്‍സുമായി മുഷീര്‍ ഖാനും നാല് പന്തില്‍ മൂന്ന് റണ്‍സുമായി ഷാംസ് മുലാനിയുമാണ് ക്രീസില്‍.

മുഷീറിന് പുറമെ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയും ശ്രേയസ് അയ്യരും തകര്‍ത്തടിച്ചിരുന്നു. ടൂര്‍ണമെന്റില്‍ ഉടനീളം നിരാശപ്പെടുത്തിയ അജിന്‍ക്യ രഹാനെ ഫൈനലില്‍ ടീമിന് ആവശ്യമുള്ളപ്പോള്‍ അവസരത്തിനൊത്ത് ഉയരുകയായിരുന്നു. 143 പന്തില്‍ 73 റണ്‍സാണ് താരം നേടിയത്.

ടീമിനും ആരാധകര്‍ക്കും സെഞ്ച്വറി പ്രതീക്ഷ നല്‍കിയ ശേഷമായിരുന്നു അയ്യര്‍ പുറത്തായത്. 111 പന്തില്‍ 10 ഫോറും മൂന്ന് സിക്‌സറും ഉള്‍പ്പെടെ 95 റണ്‍സാണ് താരം നേടിയത്.

നിലവില്‍, മത്സരമവസാനിക്കാന്‍ രണ്ടര ദിവസം ബാക്കി നില്‍ക്കവെ 465 റണ്‍സിന്റെ കൂറ്റന്‍ ലീഡ് സ്വന്തമാക്കിയ മുംബൈ തങ്ങളുടെ 42ാം കിരിടമാണ് ലക്ഷ്യമിടുന്നത്.

നേരത്തെ ഫൈനലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയുടെ ആദ്യ ഇന്നിങ്സില്‍ പ്രധാന താരങ്ങളില്‍ പലരും നിരാശപ്പെടുത്തിയപ്പോള്‍ ഷര്‍ദുല്‍ താക്കൂര്‍ ടീമിനെ വീഴാതെ പിടിച്ചുനിര്‍ത്തി. അര്‍ധ സെഞ്ച്വറി നേടിയാണ് താരം ടീമിന് തുണയായത്. 69 പന്തില്‍ 75 റണ്‍സാണ് താക്കൂര്‍ നേടിയത്.

ആദ്യ ഇന്നിങ്‌സില്‍ പൃഥ്വി ഷാ 63 പന്തില്‍ 46 റണ്‍സ് നേടിയപ്പോള്‍ ഭൂപന്‍ ലാല്‍വാനി 64 പന്തില്‍ 37 റണ്‍സും നേടി.

വിദര്‍ഭക്കായി ഹര്‍ഷ് ദുബെയും യാഷ് താക്കൂറും മൂന്ന് വിക്കറ്റ് വീതം നേടി മികച്ചുനിന്നു. ഉമേഷ് യാദവ് രണ്ട് വിക്കറ്റും ആദിത്യ താക്കറെ ഒരു വിക്കറ്റും സ്വന്തമാക്കി.

മുംബൈ ഉയര്‍ത്തിയ ആദ്യ ഇന്നിങ്‌സ് ടോട്ടല്‍ മറികടന്ന് ലീഡുയര്‍ത്താന്‍ ഇറങ്ങിയ വിദര്‍ഭക്ക് തുടക്കത്തിലേ പിഴച്ചു. 105 റണ്‍സിനാണ് ടീം ഓള്‍ ഔട്ടായത്. 67 പന്തില്‍ 27 റണ്‍സ് നേടിയ യാഷ് റാത്തോഡാണ് ടോപ് സ്‌കോറര്‍.

തന്റെ കരിയറിലെ അവസാന ഫസ്റ്റ് ക്ലാസ് മത്സരത്തിനിറങ്ങിയ ധവാല്‍ കുല്‍ക്കര്‍ണിയുടെ നേതൃത്വത്തില്‍ മുംബൈ ബൗളര്‍മാര്‍ വിദര്‍ഭയെ എറിഞ്ഞിട്ടു.

മൂന്ന് മെയ്ഡന്‍ അടക്കം 11 ഓവറില്‍ വെറും 15 റണ്‍സ് വഴങ്ങിയ ധവാല്‍ കുല്‍ക്കര്‍ണി മൂന്ന് വിക്കറ്റ് നേടി. കുല്‍ക്കര്‍ണിക്ക് പുറമെ തനുഷ് കോട്ടിയനും ഷാംസ് മുലാനിയും മൂന്ന് വിക്കറ്റ് വീതം നേടിയപ്പോള്‍ ഷര്‍ദുല്‍ താക്കൂറാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.

Content highlight: Ranji Trophy, Musheer Khan’s brilliant batting

Latest Stories

We use cookies to give you the best possible experience. Learn more