സച്ചിനെ സാക്ഷിയാക്കി തകര്‍ത്തത് സച്ചിന്റെ തന്നെ ഐതിഹാസിക റെക്കോഡ്; 19കാരനില്‍ ഇന്ത്യയുടെ ഭാവി ഭദ്രം
Sports News
സച്ചിനെ സാക്ഷിയാക്കി തകര്‍ത്തത് സച്ചിന്റെ തന്നെ ഐതിഹാസിക റെക്കോഡ്; 19കാരനില്‍ ഇന്ത്യയുടെ ഭാവി ഭദ്രം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 12th March 2024, 4:04 pm

രഞ്ജി ട്രോഫി ഫൈനലില്‍ വിദര്‍ഭക്കെതിരെ പടുകൂറ്റന്‍ ലീഡുമായി മുംബൈ. വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ യുവതാരം മുഷീര്‍ ഖാന്റെ സെഞ്ച്വറി കരുത്തിലാണ് മുംബൈ മറ്റൊരു കിരീടനേട്ടത്തിലേക്ക് അടിവെച്ചടുക്കുന്നത്.

നേരിട്ട 255ാം പന്തില്‍ ഡബിളോടിയാണ് താരം ട്രിപ്പിള്‍ ഡിജിറ്റ് പൂര്‍ത്തിയാക്കിയത്. രഞ്ജിയില്‍ മുംബൈയുടെ വിശ്വസ്ത താരങ്ങളില്‍ പ്രധാനിയാണ് മുഷീര്‍ ഖാന്‍. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ മുംബൈ ഫൈനല്‍ കളിക്കാനുള്ള പ്രധാന കാരണവും ഈ 19കാരന്‍ തന്നെയാണ്.

രഞ്ജി ഫൈനലില്‍ ബറോഡക്കെതിരായ മത്സരത്തില്‍ നിര്‍ണായക ഘട്ടത്തില്‍ താരം അടിച്ചുനേടിയ ഇരട്ട സെഞ്ച്വറിയാണ് മുംബൈക്ക് മുമ്പോട്ടുള്ള വഴി തെളിച്ചത്. ക്വാര്‍ട്ടറില്‍ ഇരട്ട സെഞ്ച്വറി നേടിയ മുഷീര്‍, സെമിയില്‍ തമിഴ്‌നാടിനെതിരെ അര്‍ധ സെഞ്ച്വറിയും ഇപ്പോള്‍ ഫൈനലില്‍ സെഞ്ച്വറിയും നേടിയിരിക്കുകയാണ്.

 

ഈ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡും മുഷീറിനെ തേടിയെത്തിയിരുന്നു. രഞ്ജി ട്രോഫി ഫൈനലില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മുംബൈ താരം എന്ന നേട്ടമാണ് മുഷീര്‍ സ്വന്തമാക്കിയത്.

ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ പേരിലാണ് ഇതിന് മുമ്പ് ഈ നേട്ടമുണ്ടായിരുന്നത്. 1994-95 സീസണില്‍ തന്റെ 22ാം പിറന്നാളിന് ഒരു മാസം മുമ്പാണ് സച്ചിന്‍ രഞ്ജി ഫൈനലില്‍ സെഞ്ച്വറി നേടിയത്. പഞ്ചാബിനെതിരായ മത്സരത്തില്‍ മുംബൈയെ വീണ്ടും കിരീടമണിയിക്കാനും സച്ചിന് സാധിച്ചിരുന്നു.

ഇപ്പോള്‍ 29 വര്‍ഷത്തെ തന്റെ റെക്കോഡ് തകര്‍ന്ന് വീഴുമ്പോള്‍ സച്ചിനും വാംഖഡെയിലുണ്ടായിരുന്നു എന്നത് മറ്റൊരു യാദൃശ്ചികത.

ഫൈനലില്‍ 326 പന്തില്‍ 136 റണ്‍സ് നേടിയാണ് മുഷീര്‍ കളം വിട്ടത്. പത്ത് ബൗണ്ടറികളടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

മുഷീറിന് പുറമെ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയും ശ്രേയസ് അയ്യരും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഇരുവരും അര്‍ധ സെഞ്ച്വറി നേടിയാണ് മുംബൈ നിരയില്‍ നിര്‍ണായകമായത്.

രഹാനെ 143 പന്തില്‍ 73 റണ്‍സടിച്ചപ്പോള്‍ 111 പന്തില്‍ 95 റണ്‍സാണ് അയ്യര്‍ നേടിയത്.

നിലവില്‍ 118 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 372ന് ഏഴ് എന്ന നിലയില്‍ മുംബൈ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടരുകയാണ്. 40 പന്തില്‍ 19 റണ്‍സുമായി ഷാംസ് മുലാനിയും 21 പന്തില്‍ നാല് റണ്‍സുമായി തനുഷ് കോട്ടിയനുമാണ് ക്രീസില്‍. നിലവില്‍ 491 റണ്‍സിന്റെ ലീഡാണ് മുംബൈക്കുള്ളത്.

നേരത്തെ ഫൈനലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയുടെ ആദ്യ ഇന്നിങ്‌സില്‍ പ്രധാന താരങ്ങളില്‍ പലരും നിരാശപ്പെടുത്തിയപ്പോള്‍ ഷര്‍ദുല്‍ താക്കൂറാണ് ടീമിനെ വീഴാതെ പിടിച്ചുനിര്‍ത്തിയത്. 69 പന്തില്‍ 75 റണ്‍സാണ് താക്കൂര്‍ നേടിയത്. ഒന്നാം ഇന്നിങ്സില്‍ പൃഥ്വി ഷാ 63 പന്തില്‍ 46 റണ്‍സ് നേടിയപ്പോള്‍ ഭൂപന്‍ ലാല്‍വാനി 64 പന്തില്‍ 37 റണ്‍സും നേടി.

ബൗളിങ്ങില്‍ വിദര്‍ഭക്കായി ഹര്‍ഷ് ദുബെയും യാഷ് താക്കൂറും മൂന്ന് വിക്കറ്റ് വീതം നേടി മികച്ചുനിന്നു. ഉമേഷ് യാദവ് രണ്ട് വിക്കറ്റും ആദിത്യ താക്കറെ ഒരു വിക്കറ്റും സ്വന്തമാക്കി.

മുംബൈ ഉയര്‍ത്തിയ ആദ്യ ഇന്നിങ്സ് ടോട്ടല്‍ മറികടന്ന് ലീഡുയര്‍ത്താന്‍ ഒരുങ്ങിയിറങ്ങിയ വിദര്‍ഭക്ക് തുടക്കത്തിലേ പിഴച്ചു. വെറും 105 റണ്‍സിനാണ് ടീം പുറത്തായത്. 27 റണ്‍സ് നേടിയ യാഷ് റാത്തോഡാണ് വിദര്‍ഭയുടെ ടോപ് സ്‌കോറര്‍.

തന്റെ കരിയറിലെ അവസാന ഫസ്റ്റ് ക്ലാസ് മത്സരത്തിനിറങ്ങിയ ധവാല്‍ കുല്‍ക്കര്‍ണിയുടെ നേതൃത്വത്തില്‍ മുംബൈ ബൗളര്‍മാര്‍ വിദര്‍ഭയെ എറിഞ്ഞിടുകയായിരുന്നു. മൂന്ന് മെയ്ഡന്‍ അടക്കം 11 ഓവറില്‍ വെറും 15 റണ്‍സ് വഴങ്ങിയ കുല്‍ക്കര്‍ണി മൂന്ന് വിക്കറ്റാണ് നേടിയത്. കുല്‍ക്കര്‍ണിക്ക് പുറമെ തനുഷ് കോട്ടിയനും ഷാംസ് മുലാനിയും മൂന്ന് വിക്കറ്റ് വീതം നേടിയപ്പോള്‍ ഷര്‍ദുല്‍ താക്കൂറാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.

 

 

Content Highlight: Ranji Trophy: Musheer Khan brakes Sachin Tendulkar’s record