| Monday, 11th March 2024, 2:16 pm

ഇന്ത്യന്‍ ഇതിഹാസങ്ങള്‍ക്ക് പോലും ലഭിക്കാത്ത ഭാഗ്യം; ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച് അവസാന മത്സരം കളിക്കാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

കരിയറിലെ അവസാന ഫസ്റ്റ് ക്ലാസ് മത്സരം കളിക്കുന്ന സൂപ്പര്‍ താരം ധവാല്‍ കുല്‍ക്കര്‍ണിക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി മുംബൈ. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന രഞ്ജി ട്രോഫി ഫൈനല്‍ മത്സരത്തിലാണ് മുംബൈ തങ്ങളുടെ വെറ്ററന്‍ സൂപ്പര്‍ താരം കുല്‍ക്കര്‍ണിക്ക് അര്‍ഹിച്ച യാത്രയയപ്പ് നല്‍കിയത്.

നായകന്‍ അജിന്‍ക്യ രഹാനെയുടെ നേതൃത്വത്തിലാണ് ടീം അംഗങ്ങള്‍ കുല്‍ക്കര്‍ണിക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയത്. വിദര്‍ഭയുടെ ഇന്നിങ്‌സിന് മുന്നോടിയായാണ് ടീം കുല്‍ക്കര്‍ണിയോടുള്ള തങ്ങളുടെ സ്‌നേഹവും ആദരവും വ്യക്തമാക്കിയത്.

2008ലാണ് കുല്‍ക്കര്‍ണി ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റില്‍ അരങ്ങേറ്റം കുറിച്ചത്. ആദ്യ സീസണില്‍ തന്നെ 42 വിക്കറ്റുമായി തിളങ്ങിയ കുല്‍ക്കര്‍ണി മുംബൈയെ വീണ്ടും മറ്റൊരു കിരീടത്തിലേക്കും നയിച്ചിരുന്നു. അന്നുമുതല്‍ ഇക്കാലം വരെ മുംബൈയുടെ ആവനാഴിയിലെ ഏറ്റവും ശക്തിയേറിയ അസ്ത്രമായിരുന്നു ഈ വലംകയ്യന്‍ പേസര്‍.

95 മത്സരത്തില്‍ നിന്നും 27.31 എന്ന മികച്ച ശരാശരിയിലും 59.7 എന്ന സ്‌ട്രൈക്ക് റേറ്റിലും 281 വിക്കറ്റാണ് താരം സ്വന്തമാക്കിയത്. 2.74 ആണ് താരത്തിന്റെ എക്കോണമി.

ഇന്ത്യക്കായി 12 ഏകദിനം കളിച്ച താരം 19 വിക്കറ്റും നേടിയിട്ടുണ്ട്. 2016ല്‍ ന്യൂസിലാന്‍ഡിനെതിരെയാണ് കുല്‍ക്കര്‍ണി തന്റെ അവസാന അന്താരാഷ്ട്ര ഏകദിനം കളിച്ചത്.

ഇന്ത്യക്കായി രണ്ട് ടി-20യിലും കുല്‍ക്കര്‍ണി പന്തെറിഞ്ഞിട്ടുണ്ട്. 2016ലെ ഇന്ത്യയുടെ സിംബാബ്‌വന്‍ പര്യടനത്തിലായിരുന്നു താരം ടീമിന്റെ ഭാഗമായത്. പരമ്പരയില്‍ മൂന്ന് വിക്കറ്റും നേടി.

അതേസമയം, ഫൈനലില്‍ വിദര്‍ഭക്കെതിരെ 155 റണ്‍സ് ലീഡുമായി മുംബൈ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടരുകയാണ്. രണ്ടാം ദിവസം ഡ്രിങ്ക്‌സിന് പിരിയുമ്പോള്‍ 36ന് രണ്ട് എന്ന നിലയിലാണ് മുംബൈ.

15 പന്തില്‍ നാല് റണ്‍സുമായി മുഷീര്‍ ഖാനും ഏഴ് പന്തില്‍ രണ്ട് റണ്‍സുമായി ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയുമാണ് ക്രീസില്‍. പൃഥ്വി ഷാ (18 പന്തില്‍ 11), ഭൂപേഷ് ലാല്‍വാനി (38 പന്തില്‍ 18) എന്നിവരുടെ വിക്കറ്റാണ് മുംബൈക്ക് നഷ്ടമായിരിക്കുന്നത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയുടെ പ്രധാന താരങ്ങളില്‍ പലരും നിരാശപ്പെടുത്തിയെങ്കിലും ഷര്‍ദുല്‍ താക്കൂറിന്റെ അര്‍ധ സെഞ്ച്വറി തുണയായി. 69 പന്തില്‍ 75 റണ്‍സാണ് താക്കൂര്‍ നേടിയത്.

പൃഥ്വി ഷാ 63 പന്തില്‍ 46 റണ്‍സ് നേടിയപ്പോള്‍ ലാല്‍വാനി 64 പന്തില്‍ 37 റണ്‍സും നേടി.

വിദര്‍ഭക്കായി ഹര്‍ഷ് ദുബെയും യാഷ് താക്കൂറും മൂന്ന് വിക്കറ്റ് വീതം നേടി മികച്ചുനിന്നു. ഉമേഷ് യാദവ് രണ്ട് വിക്കറ്റും ആദിത്യ താക്കറെ ഒരു വിക്കറ്റും ഫൈനലില്‍ സ്വന്തമാക്കി.

ആദ്യ ഇന്നിങ്‌സിനിറങ്ങിയ വിദര്‍ഭക്ക് തുടക്കത്തിലേ പിഴച്ചു. 105 റണ്‍സിനാണ് ടീം ഓള്‍ ഔട്ടായത്. 67 പന്തില്‍ 27 റണ്‍സ് നേടിയ യാഷ് റാത്തോഡാണ് ടോപ് സ്‌കോറര്‍.

അവസാന മത്സരത്തിനിറങ്ങിയ ധവാല്‍ കുല്‍ക്കര്‍ണി മൂന്ന് മെയ്ഡന്‍ അടക്കം 11 ഓവറില്‍ വെറും 15 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി. കുല്‍ക്കര്‍ണിക്ക് പുറമെ തനുഷ് കോട്ടിയനും ഷാംസ് മുലാനിയും മൂന്ന് വിക്കറ്റ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. ഷര്‍ദുല്‍ താക്കൂറാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.

Content highlight: Ranji Trophy: Mumbai team give Guard of Honor to Dhawal Kulkarni

We use cookies to give you the best possible experience. Learn more