രഞ്ജി ട്രോഫിയുടെ 2024ാം സീസണിലെ ഫൈനല്‍ മത്സരമാണ് നടന്നുകൊണ്ടിരിക്കുന്നത്. വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മുംബൈ വിദര്‍ഭയെ നേരിടുകയാണ്. നിലവില്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ മുംബൈ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ 141ന് രണ്ട് എന്ന നിലയില്‍ ക്രീസില്‍ തുടരുകയാണ്.
മുഷീര്‍ ഖാന്റെയും ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയുടെയും അര്‍ധ സെഞ്ച്വറിയാണ് മുംബൈക്ക് മികച്ച ലീഡ് നേടിക്കൊടുത്തിരിക്കുന്നത്. മുഷീര്‍ 135 പന്തില്‍ 51 റണ്‍സ് നേടിയപ്പോള്‍ 109 പന്തില്‍ 58 റണ്‍സ് നേടിയാണ് രഹാനെ ക്രീസില്‍ തുടരുന്നത്. നിലവില്‍ 260 റണ്‍സിന്റെ ലീഡാണ് മുംബൈക്കുള്ളത്.
രഞ്ജി ട്രോഫിയുടെ ചരിത്രത്തിലെ 87ാമത് ഫൈനല്‍ മത്സരമാണ് വാംഖഡെയില്‍ അരങ്ങേറുന്നത്. ഇതില്‍ 2024 അടക്കം 47 തവണയും മുംബൈ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയിരുന്നു. ഇതുവരെ 41 കിരീടം തങ്ങളുടെ പേരില്‍ കുറിച്ച് മുംബൈ 2024ല്‍ 42ാം രഞ്ജി കിരീടമാണ് ലക്ഷ്യമിടുന്നത്.
രഞ്ജിയുടെ ചരിത്രത്തില്‍ ഇത്രത്തോളം ടോട്ടല്‍ ഡോമിനേഷന്‍ നടത്തിയ മറ്റൊരു ടീമും ഇല്ല. ഏറ്റവുമധികം തവണ കിരീടം നേടിയ ടീമുകളുടെ പട്ടികയില്‍ കര്‍ണാടക/ മൈസൂരു ആണ് രണ്ടാമതുള്ളത്. എട്ട് തവണയാണ് സതേണ്‍ വാറിയേഴ്‌സിന്റെ കിരീട നേട്ടം. 2023 വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ആദ്യ സ്ഥാനക്കാരും രണ്ടാം സ്ഥാനക്കാരും തമ്മിലുള്ളത് 33 കിരീടങ്ങളുടെ വ്യത്യാസമാണ്.
രഞ്ജി ട്രോഫിയില്‍ ഏറ്റവുമധികം തവണ കിരീടം നേടിയ ടീമുകള്‍ (2023 വരെയുള്ള കണക്കുകള്‍)
(ടീം – കിരീട നേട്ടം – റണ്ണേഴ്‌സ് അപ് – അവസാനം കിരീടം നേടിയ വര്‍ഷം എന്നീ ക്രമത്തില്‍)
മുംബൈ / ബോംബേ – 41 – 6 – 2016
കര്‍ണാടക / മൈസൂരു – 8 – 6 – 2015
ദല്‍ഹി – 7 – 8 – 2008
മധ്യപ്രദേശ് / ഹോല്‍കര്‍ – 5 – 7 – 2022
ബറോഡ – 5 – 4 – 2001
സൗരാഷ്ട്ര – 2 – 3 – 2023
വിദര്‍ഭ – 2 – 0 – 2019
ബംഗാള്‍ – 2 – 13 – 1990
തമിഴ്‌നാട് / മദ്രാസ് – 2 – 10 – 1988
രാജസ്ഥാന്‍ – 2 – 8 – 2012
ഹൈദരാബാദ് – 2 – 3 – 1987
മഹാരാഷ്ട്ര – 2 – 3 – 1941
റെയില്‍വേയ്‌സ് – 2 – 2 – 2005
ഉത്തര്‍പ്രദേശ് / യുണൈറ്റഡ് പ്രൊവിന്‍സ് – 1 – 5 – 2006
പഞ്ചാബ് / സതേണ്‍ പഞ്ചാബ് – 1 – 3 – 1993
ഹരിയാന – 1 – 1 – 1991
ഗുജറാത്ത് – 1 – 1 – 2017
നവനഗര്‍ – 1 – 1 – 1937
വെസ്റ്റേണ്‍ ഇന്ത്യ – 1 – 0 – 1944
സര്‍വീസസ് – 0 – 2
ബീഹാര്‍ – 0 – 1
നോര്‍ത്തേണ്‍ ഇന്ത്യ – 0 – 1
ഇപ്പോള്‍ നടക്കുന്ന ഫൈനലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയുടെ ആദ്യ ഇന്നിങ്‌സില്‍ പ്രധാന താരങ്ങളില്‍ പലരും നിരാശപ്പെടുത്തിയെങ്കിലും ഷര്‍ദുല്‍ താക്കൂറിന്റെ അര്‍ധ സെഞ്ച്വറി ടീമിന് തുണയായി. 69 പന്തില്‍ 75 റണ്‍സാണ് താക്കൂര്‍ നേടിയത്.
പൃഥ്വി ഷാ 63 പന്തില്‍ 46 റണ്‍സ് നേടിയപ്പോള്‍ ഭൂപന്‍ ലാല്‍വാനി 64 പന്തില്‍ 37 റണ്‍സും നേടി.
വിദര്‍ഭക്കായി ഹര്‍ഷ് ദുബെയും യാഷ് താക്കൂറും മൂന്ന് വിക്കറ്റ് വീതം നേടി മികച്ചുനിന്നു. ഉമേഷ് യാദവ് രണ്ട് വിക്കറ്റും ആദിത്യ താക്കറെ ഒരു വിക്കറ്റും സ്വന്തമാക്കി.
ആദ്യ ഇന്നിങ്സിനിറങ്ങിയ വിദര്‍ഭക്ക് തുടക്കത്തിലേ പിഴച്ചു. 105 റണ്‍സിനാണ് ടീം ഓള്‍ ഔട്ടായത്. 67 പന്തില്‍ 27 റണ്‍സ് നേടിയ യാഷ് റാത്തോഡാണ് ടോപ് സ്‌കോറര്‍.
കരിയറിലെ അവസാന ഫസ്റ്റ് ക്ലാസ് മത്സരത്തിനിറങ്ങിയ ധവാല്‍ കുല്‍ക്കര്‍ണി മൂന്ന് മെയ്ഡന്‍ അടക്കം 11 ഓവറില്‍ വെറും 15 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി. കുല്‍ക്കര്‍ണിക്ക് പുറമെ തനുഷ് കോട്ടിയനും ഷാംസ് മുലാനിയും മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഷര്‍ദുല്‍ താക്കൂറാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.
Content highlight: Ranji Trophy: Mumbai’s total domination