| Thursday, 14th March 2024, 2:34 pm

ഇത് രഞ്ജി ട്രോഫിയല്ല, മുംബൈ ട്രോഫി; ഐതിഹാസികം, 48ാം ഫൈനലില്‍ 42ാം കിരീടം സ്വന്തമാക്കി മുംബൈ ഗര്‍ജനം

സ്പോര്‍ട്സ് ഡെസ്‌ക്

രഞ്ജി ട്രോഫിയില്‍ വിദര്‍ഭയെ കീഴടക്കി മുംബൈക്ക് കിരീടം. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 68 റണ്‍സിന്റെ വിജമാണ് മുംബൈ സ്വന്തമാക്കിയത്. മുംബൈ ഉയര്‍ത്തിയ 538 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വിദര്‍ഭ 368ന് ഓള്‍ ഔട്ടായി.

സ്‌കോര്‍

മുംബൈ – 224 & 418

വിദര്‍ഭ – (T:538) 105 & 368

രണ്ടാം ഇന്നിങ്‌സില്‍ ക്യാപ്റ്റന്‍ അക്ഷയ് വഡ്കറിന്റെ സെഞ്ച്വറിയുടെ ബലത്തില്‍ വിര്‍ഭ പൊരുതിനോക്കിയെങ്കിലും വിജയം ഏറെ അകലെയായിരുന്നു. 199 പന്തില്‍ 102 റണ്‍സാണ് വഡ്കര്‍ നേടിയത്.

അര്‍ധ സെഞ്ച്വറി നേടിയ കരുണ്‍ നായരും ഹര്‍ഷ് ദുബെയും വിദര്‍ഭ നിരയില്‍ പൊരുതി നിന്നു. നായര്‍ 220 പന്തില്‍ 74 റണ്‍സ് നേടിയപ്പോള്‍ 128 പന്തില്‍ 65 റണ്‍സാണ് ദുബെ നേടിയത്.

മുംബൈക്കായി തനുഷ് കോട്ടിയന്‍ നാല് വിക്കറ്റ് നേടിയപ്പോള്‍ മുഷീര്‍ ഖാനും തുഷാര്‍ ദേശ്പാണ്ഡേയും രണ്ട് വിക്കറ്റ് വീതവും നേടി. ധവാല്‍ കുല്‍ക്കര്‍ണിയും ഷാംസ് മുലാനിയുമാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.

നേരത്തെ ഫൈനലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയുടെ ആദ്യ ഇന്നിങ്സില്‍ പ്രധാന താരങ്ങളില്‍ പലരും നിരാശപ്പെടുത്തിയപ്പോള്‍ ഷര്‍ദുല്‍ താക്കൂറാണ് ടീമിന് തുണയായത്. 69 പന്തില്‍ 75 റണ്‍സാണ് താക്കൂര്‍ നേടിയത്. ഒന്നാം ഇന്നിങ്‌സില്‍ പൃഥ്വി ഷാ 63 പന്തില്‍ 46 റണ്‍സ് നേടിയപ്പോള്‍ ഭൂപന്‍ ലാല്‍വാനി 64 പന്തില്‍ 37 റണ്‍സും നേടി.

ബൗളിങ്ങില്‍ വിദര്‍ഭക്കായി ഹര്‍ഷ് ദുബെയും യാഷ് താക്കൂറും മൂന്ന് വിക്കറ്റ് വീതം നേടി മികച്ചുനിന്നു. ഉമേഷ് യാദവ് രണ്ട് വിക്കറ്റും ആദിത്യ താക്കറെ ഒരു വിക്കറ്റും സ്വന്തമാക്കി.

ആദ്യ ഇന്നിങ്‌സില്‍ ലീഡുയര്‍ത്താന്‍ ഒരുങ്ങിയിറങ്ങിയ വിദര്‍ഭക്ക് തുടക്കത്തിലേ പാളി. വെറും 105 റണ്‍സിനാണ് ടീം പുറത്തായത്. 27 റണ്‍സ് നേടിയ യാഷ് റാത്തോഡാണ് വിദര്‍ഭയുടെ ടോപ് സ്‌കോറര്‍.

തന്റെ കരിയറിലെ അവസാന ഫസ്റ്റ് ക്ലാസ് മത്സരത്തിനിറങ്ങിയ ധവാല്‍ കുല്‍ക്കര്‍ണിയുടെ നേതൃത്വത്തില്‍ മുംബൈ ബൗളര്‍മാര്‍ വിദര്‍ഭയെ എറിഞ്ഞിടുകയായിരുന്നു. മൂന്ന് മെയ്ഡന്‍ അടക്കം 11 ഓവറില്‍ വെറും 15 റണ്‍സ് വഴങ്ങിയ കുല്‍ക്കര്‍ണി മൂന്ന് വിക്കറ്റാണ് നേടിയത്.

കുല്‍ക്കര്‍ണിക്ക് പുറമെ തനുഷ് കോട്ടിയനും ഷാംസ് മുലാനിയും മൂന്ന് വിക്കറ്റ് വീതം നേടിയപ്പോള്‍ ഷര്‍ദുല്‍ താക്കൂറാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.

രണ്ടാം ഇന്നിങ്‌സില്‍ മുഷീര്‍ ഖാന്റെ സെഞ്ച്വറിയും ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ, ശ്രേയസ് അയ്യര്‍, ഷാംസ് മുലാനി എന്നിവരുടെ അര്‍ധ സെഞ്ച്വറികളുമാണ് മുംബൈക്ക് മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താന്‍ തുണയായത്.

ഖാന്‍ 226 പന്തില്‍ 136 റണ്‍സ് നേടി മുംബൈ നിരയിലെ ടോപ് സ്‌കോററായി. ശ്രേയസ് അയ്യര്‍ 111 പന്തില്‍ 95 റണ്‍സ് നേടിപ്പോള്‍ അജിന്‍ക്യ രഹാനെ 143 പന്തില്‍ 73 റണ്‍സാണ് നേടിയത്. 85 പന്തില്‍ പുറത്താകാതെ 50 റണ്‍സാണ് മുലാനിയുടെ സമ്പാദ്യം.

മുഷീര്‍ ഖാനാണ് ഫൈനലിന്റെ താരം. മുംബൈയുടെ തന്നെ തനുഷ് കോട്ടിയനെയാണ് ടൂര്‍ണമെന്റിന്റെ താരമായി തെരഞ്ഞെടുത്തത്.

രഞ്ജി ട്രോഫിയുടെ ചരിത്രത്തില്‍ ഇത് 42ാം തവണയാണ് മുംബൈ കിരീടമുയര്‍ത്തുന്നത്. ഏറ്റവുമധികം കിരീടം നേടിയതും മുംബൈ തന്നെ. രണ്ടാമതായി ഏറ്റവുമധികം കിരീടം നേിടയത് കര്‍ണാടക/മൈസൂരുവാണ്. എട്ട് തവണയാണ് കര്‍ണാടക കിരീടമണിയിച്ചത്.

Content Highlight: Ranji Trophy, Mumbai lifts 42nd title

We use cookies to give you the best possible experience. Learn more