കരിയറിലെ അവസാന ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ കിരീടനേട്ടത്തോടെ പടിയിറങ്ങി മുംബൈ ലെജന്‍ഡ് ധവാല്‍ കുല്‍ക്കര്‍ണി. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വിദര്‍ഭയുടെ അവസാന വിക്കറ്റ് നേടിയാണ് ധവാല്‍ മുംബൈയെ അവരുടെ 42ാം കിരീടത്തിലേക്കെത്തിച്ചത്.
അവസാന വിക്കറ്റായി ഉമേഷ് യാദവിനെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് കുല്‍ക്കര്‍ണി മടക്കിയത്. ഇന്നിങ്‌സില്‍ താരത്തിന്റെ ഏക വിക്കറ്റും ഇതുതന്നെയായിരുന്നു.
വിദര്‍ഭയുടെ ആദ്യ ഇന്നിങ്‌സില്‍ ടീം വെറും 105 റണ്‍സിന് പുറത്തായപ്പോള്‍ ബൗളിങ് ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് കുല്‍ക്കര്‍ണിയായിരുന്നു. അഞ്ച് മെയ്ഡന്‍ അടക്കം 11 ഓവര്‍ പന്തെറിഞ്ഞ് 15 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റാണ് താരം നേടിയത്. 1.36 എന്ന മികച്ച എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്.
നേരത്തെ, അവസാന മത്സരത്തിനിറങ്ങിയ തങ്ങളുടെ സൂപ്പര്‍ താരത്തിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് മുംബൈ ടീം ഗ്രൗണ്ടിലേക്ക് ആനയിച്ചത്.
2008ലാണ് കുല്‍ക്കര്‍ണി ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റില്‍ തന്റെ ആദ്യ മത്സരം കളിച്ചത്. ആദ്യ സീസണില്‍ തന്നെ 42 വിക്കറ്റുമായി തിളങ്ങിയ കുല്‍ക്കര്‍ണി മുംബൈയെ വീണ്ടും മറ്റൊരു കിരീടത്തിലേക്കും നയിച്ചിരുന്നു. അന്നുമുതല്‍ ഇന്ന് വരെ മുംബൈയുടെ ആവനാഴിയിലെ ഏറ്റവും ശക്തിയേറിയ അസ്ത്രമായിരുന്നു ഈ വലംകയ്യന്‍ പേസര്‍.
ഇന്ത്യക്കായി 12 ഏകദിനത്തിലും ധവാല്‍ പന്തെറിഞ്ഞിട്ടുണ്ട്. 19 വിക്കറ്റാണ് അന്താരാഷ്ട്ര ഏകദിനത്തില്‍ നിന്നും കുല്‍ക്കര്‍ണിയുടെ പേരിലുള്ളത്. 2016ല്‍ ന്യൂസിലാന്‍ഡിനെതിരെയാണ് കുല്‍ക്കര്‍ണി തന്റെ അവസാന അന്താരാഷ്ട്ര ഏകദിനം കളിച്ചത്.
ഇന്ത്യക്കായി രണ്ട് ടി-20യിലും കുല്‍ക്കര്‍ണി പന്തെറിഞ്ഞിട്ടുണ്ട്. 2016ലെ ഇന്ത്യയുടെ സിംബാബ്‌വേ പര്യടനത്തിലായിരുന്നു താരം ടീമിന്റെ ഭാഗമായത്. പരമ്പരയില്‍ മൂന്ന് വിക്കറ്റും നേടി.
അതേസമയം, 169 റണ്‍സിന്റെ പടുകൂറ്റന്‍ ജയമാണ് മുംബൈ നേടിയത്. മുംബൈ ഉയര്‍ത്തിയ 538 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വിദര്‍ഭ 368ന് പുറത്താവുകയായിരുന്നു.
സ്‌കോര്‍
മുംബൈ – 224 & 418
വിദര്‍ഭ – (T:538) 105 & 368
രണ്ടാം ഇന്നിങ്സില്‍ ക്യാപ്റ്റന്‍ അക്ഷയ് വഡ്കറിന്റെ സെഞ്ച്വറിയുടെ ബലത്തില്‍ വിര്‍ഭ പൊരുതിനോക്കിയെങ്കിലും വിജയം ഏറെ അകലെയായിരുന്നു. 199 പന്തില്‍ 102 റണ്‍സാണ് വഡ്കര്‍ നേടിയത്.
അര്‍ധ സെഞ്ച്വറി നേടിയ കരുണ്‍ നായരും ഹര്‍ഷ് ദുബെയും വിദര്‍ഭ നിരയില്‍ പൊരുതി നിന്നു. നായര്‍ 220 പന്തില്‍ 74 റണ്‍സ് നേടിയപ്പോള്‍ 128 പന്തില്‍ 65 റണ്‍സാണ് ദുബെയുടെ സമ്പാദ്യം.
മുംബൈക്കായി തനുഷ് കോട്ടിയന്‍ നാല് വിക്കറ്റ് നേടിയപ്പോള്‍ മുഷീര്‍ ഖാനും തുഷാര്‍ ദേശ്പാണ്ഡേയും രണ്ട് വിക്കറ്റ് വീതവും നേടി. ധവാല്‍ കുല്‍ക്കര്‍ണിയും ഷാംസ് മുലാനിയുമാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.
Content Highlight: Ranji Trophy: Mumbai legend Dhawal Kulkarni stepped down with a title win in the last first class match