| Monday, 15th January 2024, 10:01 pm

മറ്റൊരു മുംബൈക്കായി പത്ത് വിക്കറ്റ് വീഴ്ത്തി മുംബൈ ഇന്ത്യന്‍സിന്റെ സൂപ്പര്‍ താരം; ബോണസ് പോയിന്റോടെ മുന്നോട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

രഞ്ജി ട്രോഫിയില്‍ ആന്ധ്രാ പ്രദേശിനെതിരെ മുംബൈക്ക് വിജയം. എം.സി.എ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ പത്ത് വിക്കറ്റിനാണ് മുംബൈ വിജയിച്ചത്.

മത്സരത്തില്‍ ടോസ് നേടിയ നായകന്റെ റോളിലെത്തിയ റിക്കി ഭുയി എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ഭൂപന്‍ ലാല്‍വാനി, തനുഷ് കോട്ടിയാന്‍, മോഹിത് അവസ്തി എന്നിവരുടെ അര്‍ധ സെഞ്ച്വറി കരുത്തില്‍ മുംബൈ 395 റണ്‍സ് നേടി.

ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ എ.പിക്ക് ഓപ്പണര്‍മാര്‍ ചേര്‍ന്ന് മോശമല്ലാത്ത തുടക്കം നല്‍കിയെങ്കിലും പിന്നാലെയെത്തിയവര്‍ക്കൊന്നും കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. അര്‍ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ പ്രശാന്ത് കുമാര്‍ (167 പന്തില്‍ 73), ഉപ്പാര ഗിരിനാഥ് (67 പന്തില്‍ 34) എന്നിവരാണ് അല്‍പമെങ്കിലും ചെറുത്തുനിന്നത്.

മുംബൈക്കായി ഇടംകയ്യന്‍ ഓര്‍ത്തഡോക്‌സ് ബൗളര്‍ ഷാംസ് മുലാനി ആറ് വിക്കറ്റ് വീഴ്ത്തി. ഷെയ്ഖ് റഷീദ്, ഹനുമ വിഹാരി, റിക്കി ഭുയി, കെ.വി. ശശികാന്ത്. ലളിത് മോഹന്‍, സത്യനാരായണ്‍ രാജു എന്നിവരെയാണ് ഷാംസ് മുലാനി മടക്കിയത്.

അഞ്ച് മെയ്ഡന്‍ ഉള്‍പ്പെടെ 24 ഓവര്‍ പന്തെറിഞ്ഞ് 65 റണ്‍സ് വഴങ്ങിയാണ് താരം ആറ് വിക്കറ്റ് വീഴ്ത്തിയത്.

മുലാനിക്ക് പുറമെ ധവാല്‍ കുല്‍ക്കര്‍ണി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ റോയ്‌സ്റ്റണ്‍ ഡയസ് ഒരു വിക്കറ്റും നേടി.

ഒടുവില്‍ 184 റണ്‍സിന് ആന്ധ്രാ പ്രദേശ് ഓള്‍ ഔട്ടായി.

ഫോളോ ഓണിനിറങ്ങിയ എ.പിക്ക് തുടക്കം പാളിയിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ടീമിനെ താങ്ങി നിര്‍ത്തിയ പ്രശാന്ത് കുമാര്‍ ആറ് റണ്‍സ് നേടി പുറത്തായി.

എന്നാല്‍ മിഡില്‍ ഓര്‍ഡറിന്റെ ചെറുത്ത് നില്‍പ് ആന്ധ്രക്ക് 244 റണ്‍സിന്റെ ടോട്ടല്‍ സമ്മാനിച്ചു.

രണ്ടാം ഇന്നിങ്‌സിലും ഷാംസ് മുലാനി തന്റെ മാജിക് പുറത്തെടുത്തിരുന്നു. ഇത്തവണ നാല് വിക്കറ്റ് നേടിയാണ് താരം പത്ത് വിക്കറ്റ് നേട്ടം ആഘോഷമാക്കിയത്. ഫസ്റ്റ് ക്ലാസ് കരിയറിലെ പത്താം ടെന്‍ഫറാണ് മുലാനി സ്വന്തമാക്കിയത്.

ഒടുവില്‍ 34 റണ്‍സിന്റെ ലക്ഷ്യമാണ് എ.പി മുംബൈക്ക് മുമ്പില്‍ വെച്ചത്. ചെറിയ വിജയലക്ഷ്യം മുംബൈ വിക്കറ്റൊന്നും നഷ്ടപ്പെടാതെ വിജയിക്കുകയും ചെയ്തു.

ഈ വിജയത്തിന് പിന്നാലെ ബോണസ് പോയിന്റും മുംബൈക്ക് ലഭിച്ചു. എലീറ്റ് ബി-യില്‍ രണ്ട് മത്സരത്തില്‍ നിന്നും രണ്ട് വിജയത്തോടെ 14 പോയിന്റ് നേടിയാണ് മുംബൈ ഒന്നാം സ്ഥാനത്ത് തുടരുന്നത്. പത്ത് പോയിന്റോടെ ഛത്തീസ്ഗഢാണ് രണ്ടാം സ്ഥാനത്ത്.

പട്ടികയിലെ മൂന്നാം സ്ഥാനക്കാരായ കേരളത്തിനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം. ജനുവരി 19ന് നടക്കുന്ന മത്സരത്തിന് തിരുവനന്തപുരം സെന്റ് സേവ്യേഴ്‌സ് ഗ്രൗണ്ടാണ് വേദിയാകുന്നത്.

Content highlight: Ranji Trophy, Mumbai defeated Andhra Pradesh

We use cookies to give you the best possible experience. Learn more