രഞ്ജി ട്രോഫി എലീറ്റ് ഗ്രൂപ്പ് എ-യില്‍ ഒഡീഷയ്‌ക്കെതിരെ പടുകൂറ്റന്‍ സ്‌കോറുമായി മുംബൈ. എം.സി.എ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ 550ഉം കടന്നാണ് മുംബൈ കുതിക്കുന്നത്.
സൂപ്പര്‍ താരം ശ്രേയസ് അയ്യരിന്റെ ഇരട്ട സെഞ്ച്വറി കരുത്തിലാണ് മുംബൈ സ്‌കോര്‍ ബോര്‍ഡില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തുന്നത്. 228 പന്തില്‍ 233 റണ്‍സ് നേടിയാണ് താരം പുറത്തായത്. 24 ഫോറും ഒമ്പത് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
ഒമ്പത് വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് അയ്യര്‍ രഞ്ജി ട്രോഫിയില്‍ ഇരട്ട സെഞ്ച്വറി കുറിക്കുന്നത്.
മികച്ച ഫോമിലാണ് അയ്യര്‍ 2025 സീസണില്‍ തിളങ്ങുന്നത്. കളിച്ച നാല് ഇന്നിങ്‌സില്‍ നിന്നും 101.25 എന്ന മികച്ച ശരാശരിയിലും 87.66 എന്ന സ്‌ട്രൈക്ക് റേറ്റിലും 405 റണ്‍സാണ് അയ്യര്‍ സ്വന്തമാക്കിയത്. മറ്റൊരു സെഞ്ച്വറിയും താരം സീസണില്‍ സ്വന്തമാക്കി.
ഇന്ത്യന്‍ ടീമും ഇന്ത്യ എ ടീമും മോശം പ്രകടനങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് അയ്യരിന്റെ ഈ പ്രകടനങ്ങള്‍ പിറക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
അയ്യരിന് പുറമെ സിദ്ധേഷ് ലാഡിന്റെ പ്രകടനവും മുംബൈ നിരയില്‍ നിര്‍ണായകമായി. 333 പന്തില്‍ പുറത്താകാതെ 167 റണ്‍സാണ് താരം സ്വന്തമാക്കിയത്. 22 പന്തില്‍ പുറത്താകാതെ 48 റണ്‍സുമായി സൂര്യാന്‍ഷ് ഷെഡ്‌ഗെയാണ് ഒപ്പമുള്ളത്.
നിലവില്‍ 569/4 എന്ന നിലയിലാണ് മുംബൈ.
മുംബൈ പ്ലെയിങ് ഇലവന്‍
ആങ്ക്രിഷ് രഘുവംശി, ആയുഷ് മാത്രെ, സിദ്ധേഷ് ലാഡ്, അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, സൂര്യാന്‍ഷ് ഷെഡ്‌ഗെ, ഷര്‍ദുല്‍ താക്കൂര്‍, ഷാംസ് മുലാനി, ഹര്‍ദിക് താമോര്‍, റോയ്‌സ്റ്റണ്‍ ഡയസ്, ഹിമാന്‍ഷു സിങ്.
ഒഡീഷ പ്ലെയിങ് ഇലവന്‍
അനുരാഗ് സാരംഗി, സ്വാസ്തിക് സമാല്‍, സന്ദീപ് പട്‌നായിക്, കാര്‍ത്തിക് ബിസ്വാള്‍, ആശിര്‍വാദ് സ്വെയ്ന്‍ (വിക്കറ്റ് കീപ്പര്‍), ഗോവിന്ദ പോഡര്‍ (ക്യാപ്റ്റന്‍), ബിപ്ലബ് സാമന്ത്‌റായ്, ദേബബ്രത പ്രധാന്‍, സൂര്യകാന്ത് പ്രധാന്‍, ഹര്‍ഷിത് റാത്തോഡ്, സുനില്‍ റൗള്‍.
Content Highlight: Ranji Trophy, MUM vs ODS: Shreyas Iyer’s brilliant batting performance