Advertisement
Sports News
മൂന്ന് സിക്‌സറടിച്ച് വെടിക്കെട്ട്; തിരിച്ചുവന്ന്, വന്നതുപോലെ മടങ്ങി ഹിറ്റ്മാന്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Jan 24, 06:32 am
Friday, 24th January 2025, 12:02 pm

ഒരിക്കല്‍ക്കൂടി ആരാധകരുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാതെ നിരാശനാക്കി രോഹിത് ശര്‍മ. രഞ്ജി ട്രോഫിയിലെ മുംബൈ – ജമ്മു കശ്മീര്‍ മത്സരത്തില്‍ ഒരിക്കല്‍ക്കൂടി മികച്ച പ്രകടനം നടത്താന്‍ സാധിക്കാതെ രോഹിത് മടങ്ങി. ആദ്യ ഇന്നിങ്‌സില്‍ വെറും മൂന്ന് റണ്‍സിന് പുറത്തായ രോഹിത് രണ്ടാം ഇന്നിങ്‌സില്‍ 28 റണ്‍സും നേടിയാണ് മടങ്ങിയത്.

മത്സരത്തിന്റെ ഒരു വേള പ്രൈം രോഹിത് ശര്‍മയെ കാണാന്‍ ആരാധകര്‍ക്ക് സാധിച്ചിരുന്നു. ഒന്നിന് ഒന്നായി പന്ത് ഗാലറിയിലെത്തിച്ച താരം ഹിറ്റ്മാന്‍ വൈബ് ആരാധകര്‍ക്ക് നല്‍കി. എന്നാല്‍ ആ പ്രകടനത്തിന് അധികം ആയുസുണ്ടായിരുന്നില്ല.

മൂന്ന് സിക്‌സറും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. യുദ്ധ്‌വീര്‍ സിങ്ങിന്റെ പന്തില്‍ ആബിദ് മുഷ്താഖ് അവിശ്വസനീയമായ ക്യാച്ചിലൂടെ രോഹിത്തിനെ പുറത്താക്കുകയായിരുന്നു.

റെഡ് ബോള്‍ ഫോര്‍മാറ്റില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന രോഹിത്തിനെയാണ് ആരാധകര്‍ക്ക് കാണാന്‍ സാധിക്കുന്നത്. ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലും ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലും രോഹിത് പാടെ നിരാശപ്പെടുത്തി.

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ ബാറ്റെടുത്ത അഞ്ച് ഇന്നിങ്‌സില്‍ നാല് തവണയും രോഹിത് ഒറ്റയക്കത്തിനാണ് രോഹിത് പുറത്തായത്. ഇരട്ടയക്കം കണ്ട ഇന്നിങ്‌സില്‍ പിറന്നതാകട്ടെ വെറും പത്ത് റണ്‍സും.

3 (23), 6 (15), 10 (27), 3 (5), 9 (40), 3 (19), 28 (35) എന്നിങ്ങനെയാണ് അവസാന ഏഴ് ഫസ്റ്റ് ക്ലാസ് ഇന്നിങ്‌സില്‍ രോഹിത് ശര്‍മയുടെ പ്രകടനം.

അതേസമയം, ആദ്യ ഇന്നിങ്സില്‍ വെറും 120 റണ്‍സ് മാത്രമാണ് മുംബൈയ്ക്ക് സ്വന്തമാക്കാന്‍ സാധിച്ചത്. യശസ്വി ജെയ്സ്വാളും ശ്രേയസ് അയ്യരും ഉള്‍പ്പടെയുള്ള വലിയ താരനിരയുള്ള ടീമായിരുന്നിട്ടും മുംബൈ തകന്നടിഞ്ഞു.

ജെയ്സ്വാള്‍ എട്ട് പന്തില്‍ നാല് റണ്‍സ് നേടിയപ്പോള്‍ ഏഴ് പന്തില്‍ 11 റണ്‍സാണ് അയ്യര്‍ നേടിയത്. 17 പന്തില്‍ 12 റണ്‍സുമായി ക്യാപ്റ്റന്‍ രഹാനെയും പുറത്തായി.

57 പന്ത് നേരിട്ട് 51 റണ്‍സ് നേടിയ ഷര്‍ദുല്‍ താക്കൂറാണ് മുംബൈയെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. 36 പന്തില്‍ 26 റണ്‍സുമായി തനുഷ് കോട്ടിയനും ചെറുത്തുനിന്നു.

ആദ്യ ഇന്നിങ്‌സിനിറങ്ങയ ജമ്മു കശ്മീര്‍ 206 റണ്‍സിന് പുറത്തായി. ആദ്യ ഇന്നിങ്‌സില്‍ 86 റണ്‍സിന്റെ ലീഡുമായാണ് ജമ്മു കശ്മീര്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചത്.

അര്‍ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ ശുഭം ഖജൂരിയയുടെയും അര്‍ഹിച്ച അര്‍ധ സെഞ്ച്വറിക്ക് ആറ് റണ്‍സകലെ വീണ ആബിദ് മുഷ്താഖിന്റെയും പ്രകടനത്തിന്റെ ബലത്തിലാണ് ജമ്മു കശ്മീര്‍ ലീഡ് സ്വന്തമാക്കിയത്. ഖജൂരിയ 75 പന്തില്‍ 53 റണ്‍സ് നേടിയപ്പോള്‍ 37 പന്തില്‍ 44 റണ്‍സാണ് ആബിദ് മുഷ്താഖ് സ്വന്തമാക്കിയത്.

മുംബൈയ്ക്കായി മോഹിത് അവസ്തി അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ ഷര്‍ദുല്‍ താക്കൂറും ഷാംസ് മുലാനിയും രണ്ട് വിക്കറ്റ് വീതം നേടി. ശിവം ദുബെയാണ് ശേഷിച്ച വിക്കറ്റ് നേടിയത്.

86 റണ്‍സിന്റെ ലീഡ് വഴങ്ങി ബാറ്റിങ് ആരംഭിച്ച മുംബൈയ്ക്ക് ഇതിനോടകം തന്നെ മൂന്ന് വിക്കറ്റ് നഷ്ടമായി. രോഹിത് ശര്‍മയ്ക്ക് പുറമെ യശസ്വി ജെയ്‌സ്വാള്‍ (51 പന്തില്‍ 26), ഹര്‍ദിക് താമോറെ (അഞ്ച് പന്തില്‍ ഒന്ന്) എന്നിവരുടെ വിക്കറ്റുകളാണ് മുംബൈയ്ക്ക് നഷ്ടമായത്.

 

Content Highlight: Ranji Trophy: MUM vs JK: Rohit Sharma’s poor form continues