Sports News
ഞാന്‍ രോഹിത് ശര്‍മയുടെ വലിയ ആരാധകന്‍, അതുകൊണ്ടാണ്... ഇന്ത്യന്‍ ക്യാപ്റ്റനെ നാണംകെടുത്തിയ ബൗളര്‍ പറയുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
2025 Jan 24, 02:35 am
Friday, 24th January 2025, 8:05 am

അന്താരാഷ്ട്ര റെഡ് ബോള്‍ ഫോര്‍മാറ്റില്‍ തുടര്‍ച്ചയായ മോശം പ്രകടനങ്ങള്‍ക്ക് പിന്നാലെയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്‌ലിയും രവീന്ദ്ര ജഡേജയും അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ രഞ്ജി ട്രോഫി കളിക്കാന്‍ നിര്‍ബന്ധിതരായത്. രഞ്ജിയില്‍ ഓരോ ടീമിന്റെയും ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ഇവര്‍ അതാത് ടീമിനൊപ്പം ചേരും.

ബോര്‍ഡര്‍ സ- ഗവാസ്‌കര്‍ ട്രോഫിയില്‍ കരിയറിലെ മോശം പ്രകടനം പുറത്തെടുത്ത രോഹിത് ശര്‍മ മുംബൈയ്‌ക്കൊപ്പമാണ് രഞ്ജിയില്‍ കളത്തിലിറങ്ങിയത്. ബി.ജി.ടിയിലെ അഞ്ച് ഇന്നിങ്‌സില്‍ ബാറ്റെടുത്ത രോഹിത്തിന് ഒറ്റ ഇന്നിങ്‌സില്‍ മാത്രമാണ് ഇരട്ടയക്കം കാണാന്‍ സാധിച്ചത്, അതും വെറും പത്ത് റണ്‍സ്.

എന്നാല്‍ ആഭ്യന്തര തലത്തിലും ഇരട്ടയക്കം കാണാന്‍ സാധിക്കാത്ത രോഹിത് ശര്‍മയായിരുന്നു മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലെ കാഴ്ച. 19 പന്ത് നേരിട്ട് വെറും മൂന്ന് റണ്‍സ് നേടിയാണ് താരം പുറത്തായത്. എന്നാല്‍ രോഹിത്തിന്റെ വിക്കറ്റ് നേടിയ ജമ്മു കശ്മീര്‍ സൂപ്പര്‍ പേസറായ ഉമര്‍ നാസില്‍ വിക്കറ്റ് നേട്ടം ആഘോഷിച്ചിരുന്നില്ല.

തന്റെ അളന്നുമുറിച്ച ലെങ്ത് ബോളുകള്‍ കൊണ്ട് രോഹിത്തിനെ വെള്ളം കുടിപ്പിക്കാന്‍ താരത്തിന് സാധിച്ചിരുന്നു. ഒടുവില്‍ നേരിട്ട 19ാം പന്തില്‍ മോശം ഷോട്ട് കളിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ ജമ്മു കശ്മീര്‍ നായകന്‍ പരാസ് ദോഗ്രയ്ക്ക് ക്യാച്ച് നല്‍കി മടങ്ങി.

ഇപ്പോള്‍ രോഹിത്തിന്റെ വിക്കറ്റ് നേടിയ ശേഷം എന്തുകൊണ്ട് സെലിബ്രേറ്റ് ചെയ്തില്ല എന്ന് പറയുകയാണ് ഉമര്‍ നിസാര്‍. താന്‍ രോഹിത് ശര്‍മയുടെ വലിയ ആരാധകനാണെന്നും ഇക്കാരണത്താലാണ് വിക്കറ്റ് നേട്ടം ആഘോഷിക്കാതിരുന്നതെന്നും താരം പറഞ്ഞു. മത്സരത്തിന്റെ ആദ്യ ദിവസം അവസാനിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ ആദ്യം ചിന്തിച്ചത്… ഞാന്‍ രോഹിത് ശര്‍മയുടെ വലിയ ആരാധകരനാണ്. ഇതുകൊണ്ടാണ് വിക്കറ്റ് നേടിയതിന് ശേഷം ആഘോഷിക്കാതിരുന്നത്. ഞങ്ങള്‍ ഈ മത്സരം വിജയിക്കുകയാണെങ്കില്‍ ഏറെ അഭിമാനം നല്‍കുന്നതായിരിക്കും, കാരണം ഇന്ത്യന്‍ ക്യാപ്റ്റനാണ് മറുവശത്തുള്ളത്,’ ഉമര്‍ നിസാര്‍ പറഞ്ഞു.

‘കഴിഞ്ഞ ദിവസം ഞാന്‍ പത്ത് മണിക്ക് ഉറങ്ങാന്‍ കിടന്നു, ഏഴ് മണിക്ക് എഴുന്നേറ്റു, വിശ്രമിച്ചു. ഒരു മികച്ച ഡെലിവെറി, എതിരാളികള്‍ ആരോ ആകട്ടെ, ഒരു മികച്ച ഡെലിവെറി തന്നെയാണ്. ഏത് ബാറ്ററാണെന്നോ അയാള്‍ എത്ര മികച്ചവനാണോ എന്നൊന്നും ശ്രദ്ധിക്കേണ്ടതില്ല. എന്നാല്‍ രോഹിത് ശര്‍മയുടെ വിക്കറ്റ് വളരെ വലുത് തന്നെയാണ്,’ താരം കൂട്ടിച്ചേര്‍ത്തു.

മത്സരത്തില്‍ രോഹിത് ശര്‍മയുടേതുള്‍പ്പടെ നാല് വിക്കറ്റുകളാണ് ഉമര്‍ നാസിര്‍ സ്വന്തമാക്കിയത്. യുദ്ധ്‌വീര്‍ സിങ്ങും നാല് വിക്കറ്റുകളുമായി മികച്ച പ്രകടനം നടത്തി. ആഖിബ് നബിയാണ് ശേഷിച്ച രണ്ട് വിക്കറ്റും സ്വന്തമാക്കിയത്.

ആദ്യ ഇന്നിങ്‌സില്‍ വെറും 120 റണ്‍സ് മാത്രമാണ് മുംബൈയ്ക്ക് സ്വന്തമാക്കാന്‍ സാധിച്ചത്. യശസ്വി ജെയ്‌സ്വാളും ശ്രേയസ് അയ്യരും ഉള്‍പ്പടെയുള്ള വലിയ താരനിരയുള്ള ടീമായിരുന്നിട്ടും മുംബൈ തകന്നടിഞ്ഞു.

ജെയ്‌സ്വാള്‍ എട്ട് പന്തില്‍ നാല് റണ്‍സ് നേടിയപ്പോള്‍ ഏഴ് പന്തില്‍ 11 റണ്‍സാണ് അയ്യര്‍ നേടിയത്. 17 പന്തില്‍ 12 റണ്‍സുമായി ക്യാപ്റ്റന്‍ രഹാനെയും പുറത്തായി.

57 പന്ത് നേരിട്ട് 51 റണ്‍സ് നേടിയ ഷര്‍ദുല്‍ താക്കൂറാണ് മുംബൈയെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. 36 പന്തില്‍ 26 റണ്‍സുമായി തനുഷ് കോട്ടിയനും ചെറുത്തുനിന്നു.

ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ജമ്മു കശ്മീര്‍ ആദ്യ ദിനം അവസാനിക്കുമ്പോള്‍ 54 റണ്‍സിന് മുമ്പിലാണ്. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 174 എന്ന നിലയിലാണ് ജമ്മു കശ്മീര്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചത്.

അര്‍ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ ശുഭം ഖജൂരിയയുടെയും അര്‍ഹിച്ച അര്‍ധ സെഞ്ച്വറിക്ക് ആറ് റണ്‍സകലെ വീണ ആബിദ് മുഷ്താഖിന്റെയും പ്രകടനത്തിന്റെ ബലത്തിലാണ് ജമ്മു കശ്മീര്‍ ലീഡ് സ്വന്തമാക്കിയത്.

ഖജൂരിയ 75 പന്തില്‍ 53 റണ്‍സ് നേടിയപ്പോള്‍ 37 പന്തില്‍ 44 റണ്‍സാണ് ആബിദ് മുഷ്താഖ് സ്വന്തമാക്കിയത്.

ആദ്യ ദിനം മുംബൈയ്ക്കായി മോഹിത് അവസ്തി മൂന്ന് വിക്കറ്റും ഷാംസ് മുലാനി രണ്ട് വിക്കറ്റും നേടി. ഷര്‍ദുല്‍ താക്കൂറും ശിവം ദുബെയുമാണ് ശേഷിച്ച വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

 

Content highlight: Ranji Trophy: MUM vs JK:  Jammu Kashmir pacer Umar Nazir reveals why he did not celebrate Rohit Sharma’s wicket