|

രഞ്ജി ഫൈനല്‍: സൂപ്പര്‍ താരത്തിന്റെ പൂജ്യത്തില്‍ തളരാതെ കേരളം, ഗംഭീര തിരിച്ചുവരവിന് നാഗ്പൂര്‍ സാക്ഷിയാകുമോ?

സ്പോര്‍ട്സ് ഡെസ്‌ക്

രഞ്ജി ട്രോഫി ഫൈനലിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ കേരളം 248 റണ്‍സിന് പിറകില്‍. വിദര്‍ഭയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ കേരളം രണ്ടാം ദിനം അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റിന് 131 എന്ന നിലയിലാണ്.

സ്‌കോര്‍ (രണ്ടാം ദിവസം അവസാനിക്കുമ്പോള്‍)

വിദര്‍ഭ: 379 (123.1)

കേരളം: 131/3 (39)

നേരത്തെ നാല് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സെന്ന നിലയിലാണ് വിദര്‍ഭ രണ്ടാം ദിവസം ബാറ്റിങ് പുനരാരംഭിച്ചത്. 153 റണ്‍സെടുത്ത ഡാനിഷ് മാലേവര്‍ ഉള്‍പ്പെടെ വിദര്‍ഭയുടെ മുന്‍നിര വിക്കറ്റുകള്‍ കേരളം രാവിലെ തന്നെ സ്വന്തമാക്കി.

ഒരു ഘട്ടത്തില്‍ ഒമ്പതിന് 325 എന്ന നിലയിലേക്കെത്തിക്കാനും കേരളത്തിനായിരുന്നു. എന്നാല്‍ 11-ാമനായി ക്രീസിലെത്തി 32 റണ്‍സെടുത്ത നചികേത് ഭൂട്ടെ വിദര്‍ഭ സ്‌കോര്‍ 379ല്‍ എത്തിച്ചു.

കേരളത്തിനായി എം.ഡി. നിധീഷും ഈഡന്‍ ആപ്പിള്‍ ടോമും മൂന്ന് വിക്കറ്റ് വീതം നേടി. എന്‍. ബേസില്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ ജലജ് സക്‌സേന ഒരു വിക്കറ്റും സ്വന്തമാക്കി.

ആദ്യ ഇന്നിങ്‌സ് ആരംഭിച്ച കേരളത്തിന് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ ആദ്യ റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ രോഹന്‍ കുന്നുമ്മല്‍ പുറത്തായി. ദര്‍ശന്‍ നല്‍ക്കണ്ഡേയ്ക്ക് വിക്കറ്റ് നല്‍കി ബ്രോണ്‍സ് ഡക്കായാണ് താരം മടങ്ങിയത്.

സ്‌കോര്‍ ബോര്‍ഡില്‍ 14 റണ്‍സ് പിറന്നപ്പോഴേക്കും രണ്ടാം വിക്കറ്റും കേരളത്തിന് നഷ്ടമായി. അക്ഷയ് ചന്ദ്രന്റെ വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. 11 പന്തില്‍ 14 റണ്‍സ് നേടി നില്‍ക്കവെ നല്‍ക്കണ്ഡേ തന്നെയാണ് താരത്തെ മടക്കിയത്.

വണ്‍ ഡൗണായെത്തിയ ആദിത്യ സര്‍വാതെയുടെ കരുത്തിലാണ് കേരളം സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്. അഹമ്മദ് ഇമ്രാനെ ഒപ്പം കൂട്ടിയ സര്‍വാതെ കേരളത്തെ നൂറ് കടത്തി.

ടീം സ്‌കോര്‍ 107ല്‍ നില്‍ക്കവെ ഇമ്രാന്റെ വിക്കറ്റും ടീമിന് നഷ്ടമായി. 83 പന്തില്‍ 37 റണ്‍സാണ് താരം നേടിയത്.

ഒടുവില്‍ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ കേരളം 131/3 എന്ന നിലയില്‍ ബാറ്റിങ് തുടരുകയാണ്. 120 പന്തില്‍ 66 റണ്‍സുമായി ആദിത്യ സര്‍വാതെയും 23 പന്തില്‍ ഏഴ് റണ്‍സുമായി ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുമാണ് ക്രീസില്‍.

വിദര്‍ഭ പ്ലെയിങ് ഇലവന്‍

പാര്‍ത്ഥ് രേഖാഡെ, ധ്രുവ് ഷൂരെ, ദര്‍ശന്‍ നാല്‍ക്കണ്ഡേ, ഡാനിഷ് മലേവര്‍, കരുണ്‍ നായര്‍, യാഷ് താക്കൂര്‍, യാഷ് റാത്തോഡ്, അക്ഷയ് വഡേക്കര്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഹര്‍ഷ് ദുബെ, നചികേത് ഭൂട്ടെ, അക്ഷയ് കര്‍ണേവാര്‍.

കേരള പ്ലെയിങ് ഇലവന്‍

സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), രോഹന്‍ എസ്. കുന്നുമ്മല്‍, മുഹമ്മദ് അസറുദ്ദീന്‍ (വിക്കറ്റ് കീപ്പര്‍), അക്ഷയ് ചന്ദ്രന്‍, സല്‍മാന്‍ നിസാര്‍, ജലജ് സക്സേന, ആദിത്യ സര്‍വാതെ, അഹമ്മദ് ഇമ്രാന്‍, എം.ഡി. നിധീഷ്, എന്‍. ബേസില്‍, ഈഡന്‍ ആപ്പിള്‍ ടോം.

Content Highlight: Ranji Trophy: Kerala vs Vidarbha: Day 2 Updates