| Monday, 8th January 2024, 2:41 pm

രണ്ട് ഇന്നിങ്‌സിലും മുട്ട; സഞ്ജുവിന് താണ്ടാനുള്ളത് റണ്‍ മല

സ്പോര്‍ട്സ് ഡെസ്‌ക്

രഞ്ജി ട്രോഫിയില്‍ കേരളത്തിന് മുമ്പില്‍ റണ്‍ മല തീര്‍ത്ത് ഉത്തര്‍പ്രദേശ്. ആലപ്പുഴയിലെ സനാതന ധര്‍മ കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ 83 റണ്‍സിന്റെ ലക്ഷ്യമാണ് ഉത്തര്‍പ്രദേശ് സഞ്ജുവിനും സംഘത്തിനും മുമ്പില്‍ വെച്ചത്.

ആദ്യ ഇന്നിങ്‌സില്‍ ലീഡ് വഴങ്ങിയ കേരളത്തിനെ വീണ്ടും ഉത്തര്‍പ്രദേശ് ബാറ്റര്‍മാര്‍ പരീക്ഷിച്ചു. ക്യാപ്റ്റന്‍ ആര്യന്‍ ജുയാലിന്റെയും പ്രിയം ഗാര്‍ഗിന്റെയും സെഞ്ച്വറിയാണ് ഉത്തര്‍പ്രദേശിനെ മികച്ച സ്‌കോറിലെത്തിച്ചത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത യു.പി റിങ്കു സിങ്ങിന്റെയും ധ്രുവ് ജുറെലിന്റെയും അര്‍ധ സെഞ്ച്വറി കരുത്തില്‍ 302 റണ്‍സ് നേടി. റിങ്കു 92 റണ്‍സ് നേടിയപ്പോള്‍ 63 റണ്‍സാണ് ജുറെല്‍ സ്വന്തമാക്കിയത്.

ആദ്യ ഇന്നിങ്‌സില്‍ 243 റണ്‍സാണ് കേരളത്തിന് നേടാന്‍ സാധിച്ചത്. 94 പന്തില്‍ 74 റണ്‍സടിച്ച വിഷ്ണു വിനോദിന്റെ ഇന്നിങ്‌സാണ് കേരളത്തെ താങ്ങി നിര്‍ത്തിയത്.

59 റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച യു.പി തുടക്കത്തിലേ ആഞ്ഞടിച്ചു. ആര്യന്‍ ജുയാല്‍ 195 പന്തില്‍ 115 റണ്‍സടിച്ചപ്പോള്‍ 205 പന്തില്‍ 106 റണ്‍സാണ് ഗാര്‍ഗ് സ്വന്തമാക്കിയത്.

ഒടുവില്‍ മൂന്ന് വിക്കറ്റിന് 323 എന്ന നിലയില്‍ നില്‍ക്കവെ യു.പി ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.

383 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ കേരളത്തിന് തുടക്കത്തിലേ പിഴച്ചു. ടീം സ്‌കോര്‍ 13ല്‍ നില്‍ക്കവെ ഓപ്പണര്‍ കൃഷ്ണ പ്രസാദിനെ കേരളത്തിന് നഷ്ടമായി.

പത്ത് പന്തില്‍ നിന്നും റണ്‍സൊന്നും നേടാതെയാണ് കൃഷ്ണ പ്രസാദ് മടങ്ങിയത്. സൗരഭ് കുമാറിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായിട്ടാണ് താരത്തിന്റെ മടക്കം.

മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സിലും കൃഷ്ണപ്രസാദ് പൂജ്യത്തിന് പുറത്തായിരുന്നു. അങ്കിത് രാജ്പൂതിന്റെ പന്തില്‍ അക്ഷ്ദീപ് നാഥിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.

നിലവില്‍ 5.1 ഓവര്‍ പിന്നിടുമ്പോള്‍ 13 റണ്‍സിന് ഒന്ന് എന്ന നിലയിലാണ് കേരളം. 24 പന്തില്‍ 13 റണ്‍സുമായി രോഹന്‍ എസ്. കുന്നുമ്മലാണ് ക്രീസില്‍.

Content Highlight: Ranji Trophy, Kerala vs Uttar  Pradesh update

We use cookies to give you the best possible experience. Learn more