സഞ്ജു ഏറെ വിയര്‍പ്പൊഴുക്കണം; റിങ്കുവിനെ നിര്‍ഭാഗ്യം വേട്ടയാടി; മികച്ച സ്‌കോറില്‍ എതിരാളികള്‍
Sports News
സഞ്ജു ഏറെ വിയര്‍പ്പൊഴുക്കണം; റിങ്കുവിനെ നിര്‍ഭാഗ്യം വേട്ടയാടി; മികച്ച സ്‌കോറില്‍ എതിരാളികള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 6th January 2024, 12:02 pm

രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ ഉത്തര്‍പ്രദേശിന് ആദ്യ ഇന്നിങ്‌സില്‍ മികച്ച സ്‌കോര്‍. ആലപ്പുഴയിലെ സനാതന ധര്‍മ കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ 302 റണ്‍സാണ് ആദ്യ ഇന്നിങ്‌സില്‍ യു.പി സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഉത്തര്‍പ്രദേശിന് അത്ര മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. ടീം സ്‌കോര്‍ 17ല്‍ നില്‍ക്കവെ ഉത്തര്‍പ്രദേശിന് ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. 14 പന്തില്‍ പത്ത് റണ്‍സ് നേടിയ സമര്‍ത്ഥ് സിങ്ങാണ് പുറത്തായത്.

വളരെ പെട്ടെന്ന് തന്നെ ആദ്യ വിക്കറ്റ് നഷ്ടമായെങ്കിലും ക്യാപ്റ്റന്‍ ആര്യന്‍ ജുയാലിനെ കൂട്ടുപിടിച്ച് മൂന്നാം നമ്പറിലിറങ്ങിയ പ്രിയം ഗാര്‍ഗ് സ്‌കോര്‍ ഉയര്‍ത്തി.

മികച്ച രീതിയില്‍ കൂട്ടുകെട്ട് കെട്ടിപ്പടുക്കവെ ടീം സ്‌കോര്‍ 75ല്‍ നില്‍ക്കവെ ജുയാല്‍ പുറത്തായി. 57 പന്തില്‍ 28 റണ്‍സാണ് താരം നേടിയത്. വൈശാഖ് ചന്ദ്രന്റെ പന്തില്‍ വിഷ്ണു വിനോദിന് ക്യാച്ച് നല്‍കിയാണ് ജുയാല്‍ മടങ്ങിയത്. ടീം ടോട്ടലില്‍ പത്ത് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും പ്രിയം ഗാര്‍ഗിനെയും യു.പിക്ക് നഷ്ടമായി. 69 പന്തില്‍ 44 റണ്‍സാണ് ഗാര്‍ഗ് നേടിയത്. നാലാം നമ്പറില്‍ ഇറങ്ങിയ ആകാശ് ദീപ് ഒമ്പത് റണ്‍സിന് പുറത്തായപ്പോള്‍ സമീര്‍ റിസ്വി 26 റണ്‍സിനും മടങ്ങി.

എന്നാല്‍ ആറാം നമ്പറില്‍ ക്രീസിലെത്തിയ സൂപ്പര്‍ താരം റിങ്കു സിങ്ങും വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെലും ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തി. ഇരുവരും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് ഉത്തര്‍പ്രദേശിന്റെ സ്‌കോറിങ്ങില്‍ നിര്‍ണായകമായത്.

ആദ്യ ദിവസം 244 റണ്‍സിന്റെ ടോട്ടലാണ് ഉത്തര്‍പ്രദേശ് പടുത്തുയര്‍ത്തിയത്. ഇതില്‍ സിംഹഭാഗവും റിങ്കു – ജുറെല്‍ കൂട്ടുകെട്ടിലാണ് പിറന്നത്. ആദ്യ ദിനം അവസാനിക്കുമ്പോള്‍ റിങ്കു സിങ് 71 റണ്‍സും ജുറെല്‍ 54 റണ്‍സും നേടി ക്രീസില്‍ നിലയുറപ്പിച്ചിരുന്നു.

രണ്ടാം ദിവസത്തില്‍ ധ്രുവ് ജുറെലിനെ പുറത്താക്കിയാണ് കേരളം തുടങ്ങിയത്. രണ്ടാം ദിനം 23 പന്ത് നേരിട്ട് ഒമ്പത് റണ്‍സ് മാത്രമാണ് ജുറെലിന് നേടാന്‍ സാധിച്ചത്. പിന്നാലെയെത്തിയ സൗരഭ് കുമാര്‍ 20 റണ്‍സ് നേടി പുറത്തായി.

സൗരഭ് പുറത്തായെങ്കിലും റിങ്കു ക്രീസില്‍ തുടര്‍ന്നിരുന്നു. കരിയറിലെ എട്ടാം ഫസ്റ്റ് ക്ലാസ് സെഞ്ച്വറിയുടെ പ്രതീതി ജനിപ്പിച്ചെങ്കിലും സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ കേരളം റിങ്കുവിനെ അനുവദിച്ചില്ല. 92 റണ്‍സ് നേടിയാണ് റിങ്കു പുറത്തായത്.

വാലറ്റക്കാര്‍ക്ക് ഒന്നും തന്നെ ചെയ്യാന്‍ സാധിക്കാതെ വന്നതോടെ യു.പി 302ന് പുറത്തായി.

കേരളത്തിനായി എം.ഡി. നിധീഷ് മൂന്ന് വിക്കറ്റും ജലജ് സക്‌സേനയും ബേസില്‍ തമ്പിയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. വൈശാഖ് ചന്ദ്രനും ശ്രേയസ് ഗോപാലുമാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.

 

 

Content Highlight: Ranji Trophy, Kerala vs Uttar Pradesh, UP all out for 302