| Tuesday, 29th October 2024, 9:55 pm

തുടര്‍ച്ചയായ രണ്ട് സമനില; നാലാം മത്സരത്തില്‍ രക്ഷകനാകാന്‍ സഞ്ജു ഉണ്ടാകില്ലേ?

സ്പോര്‍ട്സ് ഡെസ്‌ക്

രഞ്ജി ട്രോഫി എലീറ്റ് ഗ്രൂപ്പ് സി-യില്‍ കേരളം തുടര്‍ച്ചയായ രണ്ടാം സമനില വഴങ്ങിയിരുന്നു. സോള്‍ട്ട് ലേക്കിലെ ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഒന്നാം ഇന്നിങ്‌സ് പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ മത്സരം സമനിലയില്‍ അവസാനിപ്പിക്കുകയായിരുന്നു. മോശം കാലാവസ്ഥയാണ് ഇരു ടീമുകള്‍ക്കും തിരിച്ചടിയായത്.

മഴയും നനഞ്ഞ ഔട്ട്ഫീല്‍ഡും കാരണം ആദ്യ ദിവസത്തെ മത്സരം പൂര്‍ണമായും ഉപേക്ഷിക്കപ്പെട്ടു. രണ്ടാം ദിവസത്തിന്റെ മൂന്നാം സെഷനില്‍ മാത്രമാണ് ടോസ് പൂര്‍ത്തിയാക്കാനെങ്കിലും സാധിച്ചത്. നാല് ദിവസം നീണ്ടുനില്‍ക്കുന്ന മത്സരത്തിന്റെ ഒന്നര ദിവസത്തിലധികം മഴകൊണ്ടുപോയത് ഇരു ടീമിന്റെയും ജയസാധ്യതകളും ഇല്ലാതാക്കി.

മത്സരം സമനിലയില്‍ അവസാനിപ്പിച്ചതോടെ ഒരു പോയിന്റ് വീതം ഇരു ടീമുകള്‍ക്കും ലഭിച്ചു.

നേരത്തെ കര്‍ണാടകയ്‌ക്കെതിരായ മത്സരവും ഇത്തരത്തില്‍ അവസാനിപ്പിക്കാന്‍ കേരളം നിര്‍ബന്ധിതരായിരുന്നു. കര്‍ണാടകയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തിലും മഴയാണ് വില്ലനായത്.

പഞ്ചാബിനെതിരെ സ്വന്തം തട്ടകത്തിലെ വിജയം മാത്രമാണ് കേരളത്തെ തുണച്ചത്. നിലവില്‍ എട്ട് പോയിന്റോടെ ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ രണ്ടാം സ്ഥാനത്ത് തുടരാന്‍ കാരണമായതും ഈ വിജയം മാത്രമാണ്.

നവംബര്‍ ആറിനാണ് കേരളം തങ്ങളുടെ അടുത്ത മത്സരത്തിനിറങ്ങുന്നത്. ഹോം ഗ്രൗണ്ടായ തിരുവനന്തപുരം സെന്റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ഉത്തര്‍പ്രദേശാണ് എതിരാളികള്‍.

ഈ മത്സരത്തില്‍ സഞ്ജു സാംസണ്‍ ടീമിനൊപ്പമുണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ദുലീപ് ട്രോഫിയിലും ബംഗ്ലാദേശിനെതിരെയും നേടിയ സെഞ്ച്വറികള്‍ക്ക് പിന്നാലെ കേരള ടീമിനൊപ്പം ചേര്‍ന്ന സഞ്ജുവിന്റെ വെടിക്കെട്ടിനായി കാത്തിരുന്ന ആരാധകര്‍ക്ക് നിരാശ മാത്രമായിരുന്നു ഫലം.

കര്‍ണാടകയ്‌ക്കെതിരായ മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ സിക്‌സര്‍ നേടി വരവറിയിച്ചെങ്കിലും മത്സരം മഴയെടുത്തതോടെ സഞ്ജുവിന്റെ പ്രകടനത്തിനായി കാത്തിരുന്ന ആരാധകര്‍ നിരാശരായി. കരുത്തരായ ബംഗാളിനെതിരെ ആദ്യ ഇലവനിലും സഞ്ജു ഉണ്ടായിരുന്നില്ല. ഇതോടെയാണ് യു.പിക്കെതിരെ സഞ്ജുവിന്റെ വെടിക്കെട്ടിനായി ആരാധകര്‍ കാത്തിരിപ്പ് തുടങ്ങിയത്.

എന്നാല്‍ ഈ മത്സരത്തിലും സഞ്ജു കേരള ടീമിനൊപ്പമുണ്ടാകില്ല. ഇന്ത്യയുടെ സൗത്ത് ആഫ്രിക്ക പര്യടനത്തിലെ ടി-20 സ്‌ക്വാഡില്‍ ഇടം നേടിയതിന് പിന്നാലെയാണ് സഞ്ജുവിന് കേരളത്തിന്റെ നാലാം മത്സരവും നഷ്ടപ്പെടുക.

നവംബര്‍ എട്ടിനാണ് പരമ്പരയിലെ ആദ്യ മത്സരം ആരംഭിക്കുന്നത്. നാല് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തിലേതെന്ന പോലെ പ്രോട്ടിയാസിനെതിരെയും സഞ്ജു ഓപ്പണറായാകും കളത്തിലിറങ്ങുക.

കേരള ജേഴ്‌സിയില്‍ ഇല്ലെങ്കിലും ഇന്ത്യന്‍ ജേഴ്‌സിയില്‍ ചരിത്രമെഴുതാന്‍ തന്നെയാകും വിക്കറ്റ് കീപ്പര്‍ ഒരുങ്ങുന്നത്.

ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിനുള്ള സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, തിലക് വര്‍മ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രമണ്‍ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയി, അര്‍ഷ്ദീപ് സിങ്, വിജയ്കുമാര്‍ വൈശാഖ്, ആവേശ് ഖാന്‍, യാഷ് ദയാല്‍.

ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനം

ആദ്യ മത്സരം: നവംബര്‍ 8, കിങ്സ്മീഡ്.

രണ്ടാം മത്സരം: നവംബര്‍ 10, സെന്റ് ജോര്‍ജ്സ് ഓവല്‍.

മൂന്നാം മത്സരം: നവംബര്‍ 13, സൂപ്പര്‍ സ്പോര്‍ട് പാര്‍ക്.

അവസാന മത്സരം: നംവബര്‍ 15, വാണ്ടറേഴ്സ് സ്റ്റേഡിയം.

Content Highlight: Ranji Trophy: Kerala vs Uttar Pradesh; Sanju Samson will not be a part of Kerala team

We use cookies to give you the best possible experience. Learn more