| Saturday, 6th January 2024, 1:16 pm

തുടക്കത്തിലേ പാളി, നെഞ്ചിടിച്ച് കേരളം; ഇനി പ്രതീക്ഷ സഞ്ജുവില്‍

സ്പോര്‍ട്സ് ഡെസ്‌ക്

രഞ്ജി ട്രോഫിയില്‍ ഉത്തര്‍പ്രദേശിനെതിരായ മത്സരത്തില്‍ കേരളത്തിന് മോശം തുടക്കം. സ്‌കോര്‍ ബോര്‍ഡില്‍ 20 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിന് മുമ്പ് തന്നെ ഓപ്പണര്‍മാര്‍ രണ്ട് പേരും കൂടാരം കയറിയിരിക്കുകയാണ്.

ഉത്തര്‍പ്രദേശ് ഉയര്‍ത്തിയ 302 റണ്‍സ് മറികടന്ന് ലീഡ് കണ്ടെത്താനിറങ്ങിയ കേരളത്തിന് ഇന്നിങ്‌സിലെ ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് നഷ്ടമായി. അങ്കിത് രാജപൂതിന്റെ പന്തില്‍ ആകാശ്ദീപ് നാഥിന് ക്യാച്ച് നല്‍കിയ കൃഷ്ണ പ്രസാദാണ് തുടക്കത്തിലേ മടങ്ങിയത്.

19 പന്തില്‍ 11 റണ്‍സ് നേടിയ രോഹന്‍ എസ്. കുന്നുമ്മലും പെട്ടെന്ന് പുറത്തായി. സൗരഭ് കുമാറിന്റെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടങ്ങിയാണ് രോഹന്‍ പുറത്തായത്.

നിലവില്‍ പത്ത് ഓവര്‍ പിന്നിടുമ്പോള്‍ 21 റണ്‍സിന് രണ്ട് എന്ന നിലയിലാണ് കേരളം. 27 പന്തില്‍ എട്ട് റണ്‍സുമായി രോഹന്‍ പ്രേമും 14 പന്തില്‍ റണ്‍സൊന്നും നേടാതെ സച്ചിന്‍ ബേബിയുമാണ് ക്രീസില്‍.

ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഉത്തര്‍പ്രദേശ് ആദ്യ ഇന്നിങ്‌സില്‍ 302 റണ്‍സ് നേടിയിരുന്നു. റിങ്കു സിങ്ങിന്റെയും ധ്രുവ് ജുറെലിന്റെയും അര്‍ധ സെഞ്ച്വറികളാണ് ഉത്തര്‍പ്രദേശിനെ മികച്ച സ്‌കോറിലെത്തിച്ചത്.

ആദ്യ ദിവസം 244 റണ്‍സിന്റെ ടോട്ടലാണ് ഉത്തര്‍പ്രദേശ് പടുത്തുയര്‍ത്തിയത്. ഇതില്‍ സിംഹഭാഗവും റിങ്കു – ജുറെല്‍ കൂട്ടുകെട്ടിലാണ് പിറന്നത്. ആദ്യ ദിനം അവസാനിക്കുമ്പോള്‍ റിങ്കു സിങ് 71 റണ്‍സും ജുറെല്‍ 54 റണ്‍സും നേടി ക്രീസില്‍ നിലയുറപ്പിച്ചിരുന്നു.

രണ്ടാം ദിവസത്തില്‍ ധ്രുവ് ജുറെലിനെ പുറത്താക്കിയാണ് കേരളം തുടങ്ങിയത്. രണ്ടാം ദിനം 23 പന്ത് നേരിട്ട് ഒമ്പത് റണ്‍സ് മാത്രമാണ് ജുറെലിന് നേടാന്‍ സാധിച്ചത്. പിന്നാലെയെത്തിയ സൗരഭ് കുമാര്‍ 20 റണ്‍സ് നേടി പുറത്തായി.

സൗരഭ് പുറത്തായെങ്കിലും റിങ്കു ക്രീസില്‍ തുടര്‍ന്നിരുന്നു. കരിയറിലെ എട്ടാം ഫസ്റ്റ് ക്ലാസ് സെഞ്ച്വറിയുടെ പ്രതീതി ജനിപ്പിച്ചെങ്കിലും സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ കേരളം റിങ്കുവിനെ അനുവദിച്ചില്ല. 92 റണ്‍സ് നേടിയാണ് റിങ്കു പുറത്തായത്.

വാലറ്റക്കാര്‍ക്ക് ഒന്നും തന്നെ ചെയ്യാന്‍ സാധിക്കാതെ വന്നതോടെ യു.പി 302ന് ഓള്‍ ഔട്ടായി.

കേരളത്തിനായി എം.ഡി. നിധീഷ് മൂന്ന് വിക്കറ്റും ജലജ് സക്സേനയും ബേസില്‍ തമ്പിയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. വൈശാഖ് ചന്ദ്രനും ശ്രേയസ് ഗോപാലുമാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.

Content Highlight: Ranji Trophy, Kerala vs Uttar Pradesh, Kerala lost early wickets

Latest Stories

We use cookies to give you the best possible experience. Learn more