സഞ്ജുവിന് നിര്‍ണായക ദിവസം, മുമ്പിലുള്ളത് ഇനിയുമവസാനിക്കാത്ത കൂറ്റന്‍ സ്‌കോര്‍; സെഞ്ച്വറിയിലൂടെ തിരിച്ചടിച്ച് ജുയാല്‍
Sports News
സഞ്ജുവിന് നിര്‍ണായക ദിവസം, മുമ്പിലുള്ളത് ഇനിയുമവസാനിക്കാത്ത കൂറ്റന്‍ സ്‌കോര്‍; സെഞ്ച്വറിയിലൂടെ തിരിച്ചടിച്ച് ജുയാല്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 8th January 2024, 8:19 am

രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ ഉത്തര്‍പ്രദേശ് മികച്ച സ്‌കോറില്‍. മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിങ്‌സിനിറങ്ങിയ യു.പി ഒരു വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സ് എന്ന നിലയിലാണ്. നിലവില്‍ 278 റണ്‍സിന്റെ കൂറ്റന്‍ ലീഡാണ് ഉത്തര്‍ പ്രദേശിനുള്ളത്.

ആദ്യ ഇന്നിങ്‌സില്‍ 302 റണ്‍സാണ് ഉത്തര്‍പ്രദേശ് നേടിയത്. റിങ്കു സിങ്ങിന്റെയും ധ്രുവ് ജുറെലിന്റെയും അര്‍ധ സെഞ്ച്വറികളാണ് ആദ്യ ഇന്നിങ്‌സില്‍ യു.പിക്ക് നിര്‍ണായകമായത്.

റിങ്കു സിങ് 136 പന്തില്‍ 92 റണ്‍സ് നേടിയപ്പോള്‍ 123 പന്തില്‍ 62 റണ്‍സാണ് ധ്രുവ് ജുറെല്‍ തന്റെ പേരിലെഴുതിച്ചേര്‍ത്തത്. 44 റണ്‍സ് നേടിയ പ്രിയം ഗാര്‍ഗാണ് ആദ്യ ഇന്നിങ്‌സില്‍ യു.പിക്കായി സ്‌കോര്‍ കണ്ടെത്തിയ മറ്റൊരു താരം.

ആദ്യ ഇന്നിങ്‌സില്‍ 243 റണ്‍സ് മാത്രമാണ് കേരളത്തിന് കണ്ടെത്താന്‍ സാധിച്ചത്. അര്‍ധ സെഞ്ച്വറി നേടിയ വിഷ്ണു വിനോദാണ് ആദ്യ ഇന്നിങ്‌സില്‍ കേരള ഇന്നിങ്‌സില്‍ കരുത്തായത്. 94 പന്തില്‍ 74 റണ്‍സാണ് താരം നേടിയത്.

ശ്രേയസ് ഗോപാല്‍ (88 പന്തില്‍ 36), ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (46 പന്തില്‍ 35) എന്നിവരാണ് കേരളത്തിനായി റണ്‍സ് കണ്ടെത്തിയ മറ്റ് താരങ്ങള്‍.

ഉത്തര്‍ പ്രദേശിനായി അങ്കിത് രാജ്പൂത് അഞ്ച് വിക്കറ്റ് വീഴ്ത്തി. കൃഷ്ം പ്രസാദ്, ശ്രേയസ് ഗോപാല്‍, ജലജ് സക്‌സേന, ബേസില്‍ തമ്പി. വൈശാഖ് ചന്ദ്രന്‍ എന്നിവരാണ് രാജ്പൂതിന് മുമ്പില്‍ വീണത്.

കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ യാഷ് ദയാലും സൗരഭ് കുമാറും ഓരോ വിക്കറ്റും തങ്ങളുടെ പേരിലെഴുതിച്ചേര്‍ത്തു.

രണ്ടാം ഇന്നിങ്‌സില്‍ ക്യാപ്റ്റന്‍ ആര്യന്‍ ജുയാലിന്റെ സെഞ്ച്വറി കരുത്തിലാണ് ഉത്തര്‍പ്രദേശ് മികച്ച സ്‌കോറിലേക്കുയരുന്നത്. 186 പന്തില്‍ 115 റണ്‍സ് നേടിയ ജുയാല്‍ ക്രീസില്‍ തുടരുകയാണ്. 105 പന്തില്‍ 49 റണ്‍സുമായി പ്രിയം ഗാര്‍ഗാണ് ഒപ്പമുള്ളത്.

81 പന്തില്‍ 43 റണ്‍സ് നേടിയ സമര്‍ത്ഥ് സിങ്ങിന്റെ വിക്കറ്റ് മാത്രമാണ് ഉത്തര്‍പ്രദേശിന് നിലവില്‍ നഷ്ടമായിരിക്കുന്നത്.

278 റണ്‍സിന്റെ സോളിഡ് ലീഡുമായാണ് ഉത്തര്‍പ്രദേശ് മത്സരത്തിന്റെ അവസാന ദിവസത്തിലേക്ക് കടക്കുന്നത്. വൈകാതെ തന്നെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത് കേരളത്തെ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിന് അയക്കാന്‍ തന്നെയാകും യു.പി നായകന്‍ ശ്രമിക്കുന്നത്. സീസണിലെ ആദ്യ വിജയം സ്വന്തമാക്കാന്‍ സഞ്ജുവും കൂട്ടരും ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരും.

 

Content Highlight: Ranji Trophy, Kerala vs Uttar Pradesh