| Thursday, 7th November 2024, 8:00 am

കേരള ഗര്‍ജനത്തില്‍ വീണ് ഉത്തര്‍പ്രദേശ്; രണ്ടാം ജയം തേടി സ്വന്തം തട്ടകത്തില്‍

സ്പോര്‍ട്സ് ഡെസ്‌ക്

രഞ്ജി ട്രോഫിയില്‍ തങ്ങളുടെ നാലാം മത്സരത്തിനാണ് കേരളം കളത്തിലിറങ്ങിയിരിക്കുന്നത്. സ്വന്തം തട്ടകമായ തിരുവനന്തപുരം സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ഉത്തര്‍പ്രദേശാണ് എതിരാളികള്‍. മത്സരത്തില്‍ ടോസ് നേടിയ കേരളം എതിരാളികളെ ബാറ്റിങ്ങിനയച്ചു.

ആദ്യ ദിനം തന്നെ എതിരാളികളെ ഓള്‍ ഔട്ടാക്കിയാണ് കേരളം കരുത്ത് കാട്ടിയത്. ആദ്യ ഇന്നിങ്സില്‍ വെറും 162 റണ്‍സ് മാത്രമാണ് ഉത്തര്‍പ്രദേശിന് കണ്ടെത്താന്‍ സാധിച്ചത്.

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ജലജ് സക്സേനയുടെ ബൗളിങ് കരുത്തിലാണ് യു.പി തകര്‍ന്നടിഞ്ഞത്. രണ്ട് മെയ്ഡന്‍ അടക്കം 17 ഓവര്‍ പന്തെറിഞ്ഞ് വെറും 56 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് നേടിയാണ് ജലജ് തിളങ്ങിയത്.

പ്രതീക്ഷിച്ച തുടക്കമല്ല ഉത്തര്‍പ്രദേശിന് ലഭിച്ചത്. ടീം സ്‌കോര്‍ 20ല്‍ നില്‍ക്കവെ ആദ്യ വിക്കറ്റ് വീണു. ക്യാപ്റ്റന്‍ ആര്യന്‍ ജുയാലിനെ മടക്കി ജലജ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. 57 പന്തില്‍ 23 റണ്‍സ് നേടിയാണ് താരം പുറത്തായത്. പിന്നാലെയെത്തിയ പ്രിയം ഗാര്‍ഗ് വെറും ഒറ്റ റണ്‍സ് നേടി മടങ്ങി.

തുടര്‍ന്നും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നേടി കേരള ബൗളര്‍മാര്‍ തിളങ്ങി.

മികച്ച സ്‌കോര്‍ കണ്ടെത്താനാകാതെ ടോപ് ഓര്‍ഡറും മിഡില്‍ ഓര്‍ഡറും വലഞ്ഞപ്പോള്‍ പത്താം നമ്പറില്‍ ക്രീസിലെത്തി ചെറുത്തുനിന്ന ശിവം ശര്‍മയാണ് ഉത്തര്‍പ്രദേശിന്റെ ടോപ് സ്‌കോറര്‍. 50 പന്തില്‍ 30 റണ്‍സാണ് താരം സ്വന്തമാക്കിയത്.

കേരളത്തിനായി ജലജ് സക്‌സേന അഞ്ച് വിക്കറ്റ് നേടി ഫൈഫര്‍ നേട്ടം പൂര്‍ത്തിയാക്കി. ക്യാപ്റ്റന്‍ ആര്യന്‍ ജുയാല്‍, മഹാദേവ് കൗശിക്, നിതീഷ് റാണ, സിദ്ധാര്‍ത്ഥ് യാദവ്, പിയൂഷ് ചൗള എന്നിവരുടെ വിക്കറ്റുകളാണ് താരം പിഴുതെറിഞ്ഞത്.

ജലജിന് പുറമെ ബേസില്‍ തമ്പി രണ്ട് വിക്കറ്റ് നേടി. ബാബ അപരാജിത്, ആദിത്യ സര്‍വാതെ, ആസിഫ് കെ.എം. എന്നിവരാണ് ശേഷിച്ച വിക്കറ്റുകള്‍ നേടിയത്.

ഉത്തര്‍പ്രദേശിന്റെ പതനത്തിന് പിന്നാലെ ഒന്നാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച കേരളം ആദ്യ ദിവസം പിന്നിടുമ്പോള്‍ 82ന് രണ്ട് എന്ന നിലയിലാണ്. 62 പന്തില്‍ 23 റണ്‍സ് നേടിയ വത്സല്‍ ഗോവിന്ദിന്റെയും 38 പന്തില്‍ 28 റണ്‍സ് നേടിയ രോഹന്‍ കുന്നുമ്മലിന്റെ വിക്കറ്റുമാണ് കേരളത്തിന് നഷ്ടമായത്. ശിവം മാവിയും ആഖിബ് ഖാനുമാണ് വിക്കറ്റ് നേടിയത്.

23 പന്തില്‍ 21 റണ്‍സുമായി ബാബ അപരാജിത്തും 17 പന്തില്‍ നാല് റണ്‍സുമായി ആദിത്യ സര്‍വാതെയുമാണ് ക്രീസില്‍.

സീസണിലെ രണ്ടാം ജയമാണ് കേരളം ലക്ഷ്യമിടുന്നത്. നിലവില്‍ മൂന്ന് മത്സരത്തില്‍ നിന്നും എട്ട് പോയിന്റുമായി ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ രണ്ടാമതാണ് കേരളം. ആദ്യ മത്സരത്തില്‍ പഞ്ചാബിനെതിരെ വിജയിച്ച് ആറ് പോയിന്റ് നേടിയ കേരളത്തിന്റെ അടുത്ത രണ്ട് മത്സരവും സമനിലയില്‍ കലാശിക്കുകയായിരുന്നു.

കര്‍ണാടകയ്‌ക്കെതിരായ ആദ്യ മത്സരം മോശം കാലാവസ്ഥ മൂലം ഉപേക്ഷിച്ചപ്പോള്‍ ബംഗാളിനെതിരായ മത്സരത്തില്‍ ഇരു ടീമുകള്‍ക്കും ആദ്യ ഇന്നിങ്‌സ് ലീഡ് നേടാന്‍ സാധിക്കാതെ വന്നതോടെയാണ് പോയിന്റ് പങ്കുവെക്കപ്പെട്ടത്.

Content Highlight: Ranji Trophy: Kerala vs UP: Day 1 updates

We use cookies to give you the best possible experience. Learn more