കേരളത്തെ ഞെട്ടിച്ച് സഞ്ജുവിന്റെ പിന്‍ഗാമി, ടെസ്റ്റിലും തകര്‍ത്തടിച്ച് റിങ്കു; എതിരാളികള്‍ ശക്തമായ നിലയില്‍
Sports News
കേരളത്തെ ഞെട്ടിച്ച് സഞ്ജുവിന്റെ പിന്‍ഗാമി, ടെസ്റ്റിലും തകര്‍ത്തടിച്ച് റിങ്കു; എതിരാളികള്‍ ശക്തമായ നിലയില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 5th January 2024, 7:58 pm

രഞ്ജി ട്രോഫിയിലെ കേരളം – ഉത്തര്‍പ്രേദശ് മത്സരത്തിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ഉത്തര്‍പ്രദേശ് ശക്തമായ നിലയില്‍. അഞ്ച് വിക്കറ്റിന് 244 റണ്‍സ് എന്ന നിലയിലാണ് യു.പി ആദ്യ ദിനം അവസാനിപ്പിച്ചത്.

ആലപ്പുഴയിലെ സനാതന ധര്‍മ കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഉത്തര്‍പ്രദേശ് നായകന്‍ ആര്യന്‍ ജുയാല്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ടീം സ്‌കോര്‍ 17ല്‍ നില്‍ക്കവെ ഉത്തര്‍പ്രദേശിന് ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. 14 പന്തില്‍ പത്ത് റണ്‍സ് നേടിയ സമര്‍ത്ഥ് സിങ്ങാണ് പുറത്തായത്. വളരെ പെട്ടെന്ന് ത്‌നനെ ആദ്യ വിക്കറ്റ് നഷ്ടമായങ്കിലും ക്യാപ്റ്റന്‍ ആര്യന്‍ ജുയാലിനെ കൂട്ടുപിടിച്ച് മൂന്നാം നമ്പറിലിറങ്ങിയ പ്രിയം ഗാര്‍ഗ് സ്‌കോര്‍ ഉയര്‍ത്തി.

മികച്ച രീതിയില്‍ കൂട്ടുകെട്ട് കെട്ടിപ്പടുക്കവെ ടീം സ്‌കോര്‍ 75ല്‍ നില്‍ക്കവെ ജുയാല്‍ പുറത്തായി. 57 പന്തില്‍ 28 റണ്‍സാണ് താരം നേടിയത്. വൈശാഖ് ചന്ദ്രന്റെ പന്തില്‍ വിഷ്ണു വിനോദിന് ക്യാച്ച് നല്‍കിയാണ് ജുയാല്‍ മടങ്ങിയത്.

ടീം ടോട്ടലില്‍ പത്ത് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും പ്രിയം ഗാര്‍ഗിനെയും യു.പിക്ക് നഷ്ടമായി. 69 പന്തില്‍ 44 റണ്‍സാണ് ഗാര്‍ഗ് നേടിയത്. നാലാം നമ്പറില്‍ ഇറങ്ങിയ ആകാശ് ദീപ് ഒമ്പത് റണ്‍സിന് പുറത്തായപ്പോള്‍ സമീര്‍ റിസ്വി 26 റണ്‍സിനും മടങ്ങി.

എന്നാല്‍ ആറാം നമ്പറില്‍ ക്രീസിലെത്തിയ സൂപ്പര്‍ താരം റിങ്കു സിങ്ങും വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെലും ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തി. ഇരുവരും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് ഉത്തര്‍പ്രദേശിന്റെ സ്‌കോറിങ്ങില്‍ നിര്‍ണായകമായത്.

 

 

 

സെഞ്ച്വറി കൂട്ടുകെട്ട് തികച്ചാണ് ഇരുവരും കേരള ബൗളര്‍മാരെ കടന്നാക്രമിക്കുന്നത്. ടീം സ്‌കോര്‍ 124ല്‍ ഒന്നിച്ച ഇരുവരും 244ല്‍ നില്‍ക്കവെ പുറത്താകാതെ ക്രീസില്‍ തുടരുകയാണ്. 103 പന്തില്‍ നിന്നും 71 റണ്‍സാണ് റിങ്കു സിങ് നേടിയത്. ഏഴ് ഫോറും രണ്ട് സിക്‌സറുമാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

100 പന്തില്‍ 54 റണ്‍സ് നേടിയാണ് രാജസ്ഥാന്‍ റോയല്‍സിലെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കൂടിയായ ജുറെല്‍ ബാറ്റിങ് തുടരുന്നത്. നാല് ഫോറും ഒരുജുറെലിന്റെ ബാറ്റില്‍ നിന്നും ഒന്നാം ദിനം പിറന്നത്.

Dhruv Chand Jurel 50 runs in 93 balls (3×4, 1×6) Uttar Pradesh 230/5 #KERvUP #RanjiTrophy #Elite Scorecard:https://t.co/leCHopAzYs

— BCCI Domestic (@BCCIdomestic) January 5, 2024

കേരളത്തിനായി വൈശാഖ് ചന്ദ്രന്‍, ജലജ് സക്‌സേന, ശ്രേയസ് ഗോപാല്‍, എം.ഡി. നിധീഷ്, ബേസില്‍ തമ്പി എന്നിവര്‍ ആദ്യ ദിനം ഓരോ വിക്കറ്റ് നേടി.

 

Content highlight: Ranji Trophy, Kerala vs UP, day 1