| Monday, 14th October 2024, 7:57 am

സഞ്ജുവിന്റെ സെഞ്ച്വറിയില്‍ സന്തോഷിച്ച മലയാളികളെ സങ്കടത്തിലേക്ക് തള്ളിവിട്ട് കേരളം; പ്രതീക്ഷകളുണ്ട്, പക്ഷേ ചെയ്യാനേറെ

സ്പോര്‍ട്സ് ഡെസ്‌ക്

രഞ്ജി ട്രോഫി എലീറ്റ് ഗ്രൂപ്പ് സി-യില്‍ നടക്കുന്ന കേരളം – പഞ്ചാബ് മത്സരത്തിന്‍ഡറെ മൂന്നാം ദിനം കേരളത്തിന് തിരിച്ചടി. സ്വന്തം തട്ടകമായ സെന്റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ കേരളം ആദ്യ ഇന്നിങ്‌സ് ലീഡ് വഴങ്ങി.

ആദ്യ ഇന്നിങ്‌സില്‍ പഞ്ചാബ് ഉയര്‍ത്തിയ 194 റണ്‍സിന്റ ചെറിയ വിജയലക്ഷ്യം മറികടന്ന് ലീഡ് നേടാനെത്തിയ കേരളത്തിന് 179 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഇതോടെ 15 റണ്‍സിന്റെ ലീഡുമായി പഞ്ചാബ് രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ചു.

സഞ്ജു സാംസണ്‍ തകര്‍ത്തടിച്ച സൂപ്പര്‍ സാറ്റര്‍ഡേയില്‍ കേരളവും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മഴ മൂലം വൈകിയാരംഭിച്ച മത്സരത്തിന്റെ രണ്ടാം ദിവസം പഞ്ചാബിനെ വരിഞ്ഞുമുറുക്കിയാണ് കേരളം മുന്നേറിയത്. ആദിത്യ സര്‍വാതെയും ജലജ് സക്‌സേനയും ചേര്‍ന്ന് എതിരാളികളെ ചെറിയ സ്‌കോറില്‍ ഒതുക്കിയപ്പോള്‍ കേരളം ആദ്യ ഇന്നിങ്‌സ് ലീഡ് നേടുമെന്ന് എല്ലാവരും ഉറച്ചുവിശ്വസിച്ചു. എന്നാല്‍ ആ വിശ്വാസം കാക്കാന്‍ കേരള ബാറ്റര്‍മാര്‍ക്കായില്ല.

വത്സല്‍ ഗോവിന്ദും രോഹന്‍ കുന്നുമ്മലും ചേര്‍ന്ന് മോശമല്ലാത്ത തുടക്കം നല്‍കിയെങ്കിലും പോകെ പോകെ കാര്യങ്ങള്‍ പഞ്ചാബിന് അനുകൂലമായി. ഗോവിന്ദ് 77 പന്തില്‍ 28 റണ്‍സും രോഹന്‍ കുന്നുമ്മല്‍ 55 പന്തില്‍ 15 റണ്‍സും നേടി പുറത്തായി.

ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്ക് വെറും 12 റണ്‍സാണ് ടീം ടോട്ടലിലേക്ക് കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചത്. തമിഴ്‌നാട് സൂപ്പര്‍ താരം ബാബ അപരാജിത് 29 പന്തില്‍ മൂന്ന് റണ്‍സും നേടി മടങ്ങി.

തുടര്‍ന്നും കൃത്യമായി ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്താന്‍ പഞ്ചാബ് ബൗളര്‍മാര്‍ ശ്രദ്ധപുലര്‍ത്തിയതോടെ കേരളത്തിന്റെ നില പരുങ്ങലിലായി. ഒടുവില്‍ 179 റണ്‍സിന് കേരളത്തിന്റെ അവസാന വിക്കറ്റും വീണു.

പഞ്ചാബിനായി മായങ്ക് മാര്‍ക്കണ്ഡേ പന്തുകൊണ്ട് വിരുതുകാണിച്ചു. കേരളത്തിന്റെ ആറ് വിക്കറ്റുകളാണ് ലെഗ് ബ്രേക്കര്‍ പിഴുതെറിഞ്ഞത്. രോഹന്‍ എസ്. കുന്നുമ്മല്‍, ക്യാപ്റ്റന്‍ സച്ചിന്‍ ബേബി, ബാബ അപരാജിത്, സല്‍മാന്‍ നിസാര്‍, ആദിത്യ സര്‍വാതെ, ബേസില്‍ തമ്പി എന്നിവരെയാണ് മാര്‍ക്കണ്ഡേ പുറത്താക്കി. രണ്ട് മെയ്ഡന്‍ അടക്കം 21.4 ഓവറില്‍ 59 റണ്‍സ് വഴങ്ങിയാണ് താരം പന്തെറിഞ്ഞത്.

സൂപ്പര്‍ പേസര്‍ ഗുര്‍നൂര്‍ ബ്രാര്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ എമന്‍ജോത് സിങ് ചഹല്‍ ഒരു വിക്കറ്റും നേടി.

ആദ്യ ഇന്നിങ്‌സില്‍ ലീഡ് നേടിയ പഞ്ചാബ് മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 23ന് മൂന്ന് എന്ന നിലയിലാണ്. അഭയ് ചൗധരി (30 പന്തില്‍ 12), നമന്‍ ധിര്‍ (37 പന്തില്‍ ഏഴ്) സിദ്ധാര്‍ത്ഥ് കൗള്‍ (രണ്ട് പന്തില്‍ പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് പഞ്ചാബിന് നഷ്ടമായത്. 16 പന്തില്‍ റണ്‍സൊന്നും നേടാതെ ക്രിഷ് ഭഗത്തും 17 പന്തില്‍ അക്കൗണ്ട് തുറക്കാതെ അന്‍മോല്‍പീത് സിങ്ങുമാണ് ക്രീസില്‍.

മത്സരം ഒറ്റ ദിവസം മാത്രം ശേഷിക്കെ പഞ്ചാബിനെ പുറത്താക്കി വിജയം സ്വന്തമാക്കാനാകും കേരളത്തിന്റെ ശ്രമം. കാണ്‍പൂരിലെ ഇന്ത്യ-ബംഗ്ലാദേശ് മത്സരം തന്നെയായിരിക്കും കേരള ടീമിന്റെ മനസിലുണ്ടാവുക.

പ്രതീക്ഷകള്‍ ഇനിയും അസ്തമിച്ചിട്ടില്ലാത്ത കേരളത്തിന് വിജയിക്കാനുള്ള അവസരവുമുണ്ട്. ഒരുപക്ഷേ മത്സരം സമനിലയില്‍ കലാശിക്കുകയാണെങ്കില്‍ കേരളത്തേക്കാളേറെ അത് പഞ്ചാബിനാണ് ഗുണം ചെയ്യുക. ആദ്യ ഇന്നിങ്‌സ് ലീഡിന്റെ അഡ്വാന്റേജ് ഉറപ്പായും പോയിന്റ് ടേബിളിലും പ്രതിഫലിക്കും.

പഞ്ചാബ് പ്ലെയിങ് ഇലവന്‍

അഭയ് ചൗധരി, നമന്‍ ധിര്‍, അന്‍മോല്‍പ്രീത് സിങ്, പ്രഭ്സിമ്രാന്‍ സിങ് (വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), നേഹല്‍ വധേര, ക്രിഷ് ഭഗത്, രമണ്‍ദീപ് സിങ്, എമന്‍ജോത് സിങ് ചഹല്‍, ഗുര്‍നൂര്‍ ബ്രാര്‍, മായങ്ക് മാര്‍ക്കണ്ഡേ, സിദ്ധാര്‍ത്ഥ് കൗള്‍.

കേരളം പ്ലെയിങ് ഇലവന്‍

സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), രോഹന്‍ എസ്. കുന്നുമ്മല്‍, ബാബ അപരാജിത്, മുഹമ്മദ് അസറുദ്ദീന്‍ (വിക്കറ്റ് കീപ്പര്‍), ജലജ് സക്സേന, ആദിത്യ സര്‍വാതെ, ബേസില്‍ തമ്പി, വിഷ്ണു വിനോദ്, സല്‍മാന്‍ നിസാര്‍, വത്സല്‍ ഗോവിന്ദ്, അക്ഷയ് ചന്ദ്രന്‍.

Content Highlight: Ranji Trophy: Kerala vs Punjab: Day 3 updates

We use cookies to give you the best possible experience. Learn more