മലയാളി ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് കഴിഞ്ഞ ദിവസം സൂപ്പര്‍ സാറ്റര്‍ഡേയായിരുന്നു. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ സഞ്ജുവിന്റെ കരുത്തില്‍ ഇന്ത്യ പരമ്പര തൂത്തുവാരിയപ്പോള്‍ രഞ്ജി ട്രോഫിയില്‍ എലീറ്റ് ഗ്രൂപ്പ് സി-യില്‍ പഞ്ചാബിനെതിരെ മികച്ച പ്രകടനം പുറത്തെടുത്താണ് കേരളം മേല്‍ക്കൈ നേടിയിരിക്കുന്നത്.
തിരുവനന്തപുരം സെന്റ് സേവ്യേഴ്‌സ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ 180ന് ഒമ്പത് എന്ന നിലയിലാണ് പഞ്ചാബ്. മഴമൂലം വളരെ വൈകി ആരംഭിച്ച മത്സരത്തില്‍ പഞ്ചാബ് ബാറ്റര്‍മാര്‍ക്ക് ഒരു ആനുകൂല്യവും നല്‍കാതെയാണ് കേരള ബൗളര്‍മാര്‍ തകര്‍ത്തെറിഞ്ഞത്.
ക്രിഷ് ഭഗത്തിന്റെയും രമണ്‍ദീപ് സിങ്ങിന്റെയും കൂട്ടുകെട്ട് തര്‍ത്താണ് കേരളം രണ്ടാം ദിവസത്തില്‍ വേട്ട തുടങ്ങിയത്. ടീം സ്‌കോര്‍ 112ല്‍ നില്‍ക്കവെ ഭഗത്തിനെ പുറത്താക്കി ജലജ് സക്‌സേനയാണ് കേരളത്തിനാവശ്യമായ ബ്രേക് ത്രൂ നല്‍കിയത്.
പത്ത് റണ്‍സ് കൂട്ടിച്ചേര്‍ത്തതിന് പിന്നാലെ രമണ്‍ദീപ് സിങ്ങിനെയും കേരളം മടക്കി. 72 പന്തില്‍ 43 റണ്‍സ് നേടി നില്‍ക്കവെയാണ് സിങ്ങിനെ ആദിത്യ സര്‍വാതെ പുറത്താക്കിയത്. മുഹമ്മദ് അസറുദ്ദീന്‍ സ്റ്റംപ് ചെയ്താണ് പഞ്ചാബിന്റെ സെറ്റ് ബാറ്ററെ മടക്കിയത്.
പിന്നാലെയെത്തിയ മായങ്ക് മാര്‍ക്കണ്ഡേയും ഗുര്‍നൂര്‍ ബ്രാറും ചേര്‍ന്ന് ചെറുത്തുനില്‍പിനുള്ള ശ്രമമാരംഭിച്ചു. എന്നാല്‍ ആ കൂട്ടുകെട്ടിനും സക്‌സേന അധികം ആയുസ് നല്‍കിയില്ല. ബ്രാറിനെ വെട്ടി കേരള സൂപ്പര്‍ താരം മത്സരത്തിലെ നാലാം വിക്കറ്റ് സ്വന്തമാക്കി.
പത്താം നമ്പറിലെത്തിയ എമന്‍ജോത് സിങ് ചഹലിനെ മടക്കി സര്‍വാതെ ഫൈഫര്‍ പൂര്‍ത്തിയാക്കി. അഞ്ച് പന്തില്‍ ഒരു റണ്‍സ് നേടി നില്‍ക്കവെ റിട്ടേണ്‍ ക്യാച്ചായാണ് ചഹല്‍ മടങ്ങിയത്.
നിലവില്‍ 47 പന്തില്‍ 15 റണ്‍സുമായി സിദ്ധാര്‍ത്ഥ് കൗളും 85 പന്തില്‍ 27 റണ്‍സുമായി മായങ്ക് മാര്‍ക്കണ്ഡേയുമാണ് ക്രീസില്‍. കേരളത്തിനായി ആദിത്യ സര്‍വാതെ അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ ജലജ് സക്‌സേന നാല് വിക്കറ്റും നേടി.
ഇനി മത്സരത്തില്‍ രണ്ട് ദിവസമാണുള്ളത് എന്നിരിക്കെ എത്രയും വേഗം പഞ്ചാബിനെ പുറത്താക്കി ബാറ്റിങ്ങിനിറങ്ങാനാകും കേരളത്തിന്റെ ശ്രമം. ആദ്യ ഇന്നിങ്‌സില്‍ ലീഡ് നേടുകയെന്നതിനാണ് ഹോം ടീം മുന്‍ഗണന നല്‍കുക. ഒരുപക്ഷേ മത്സരം സമനിലയില്‍ കലാശിക്കുകയാണെങ്കില്‍ ആദ്യ ഇന്നിങ്‌സിലെ ലീഡ് പോയിന്റ് പട്ടികയില്‍ കേരളത്തെ കാര്യമായി തന്നെ സഹായിച്ചേക്കും.
പഞ്ചാബ് പ്ലെയിങ് ഇലവന്‍
അഭയ് ചൗധരി, നമന്‍ ധിര്‍, അന്‍മോല്‍പ്രീത് സിങ്, പ്രഭ്‌സിമ്രാന്‍ സിങ് (വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), നേഹല്‍ വധേര, ക്രിഷ് ഭഗത്, രമണ്‍ദീപ് സിങ്, എമന്‍ജോത് സിങ് ചഹല്‍, ഗുര്‍നൂര്‍ ബ്രാര്‍, മായങ്ക് മാര്‍ക്കണ്ഡേ, സിദ്ധാര്‍ത്ഥ് കൗള്‍.
കേരളം പ്ലെയിങ് ഇലവന്‍
സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), രോഹന്‍ എസ്. കുന്നുമ്മല്‍, ബാബ അപരാജിത്, മുഹമ്മദ് അസറുദ്ദീന്‍ (വിക്കറ്റ് കീപ്പര്‍), ജലജ് സക്‌സേന, ആദിത്യ സര്‍വാതെ, ബേസില്‍ തമ്പി, വിഷ്ണു വിനോദ്, സല്‍മാന്‍ നിസാര്‍, വത്സല്‍ ഗോവിന്ദ്, അക്ഷയ് ചന്ദ്രന്‍.
അതേസമയം, എലീറ്റ് ഗ്രൂപ്പ് സി-യില്‍ ഹരിയാന ആദ്യ ജയം സ്വന്തമാക്കി. ബീഹാറിനെ ഇന്നിങ്‌സിനും 43 റണ്‍സിനും തോല്‍പിച്ചാണ് ഹരിയാന ഈ സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്.
ഗ്രൂപ്പിലെ മറ്റ് മത്സരത്തില്‍ ബംഗാള്‍ ഉത്തര്‍പ്രദേശിനെയും കര്‍ണാടക മധ്യപ്രദേശിനെയും നേരിടുകയാണ്.
Content highlight: Ranji Trophy: Kerala vs Punjab: Day 2 updates