രഞ്ജി ട്രോഫി 2024-25ലെ എലീറ്റ് ഗ്രൂപ്പ് സി-യില്‍ കേരളം പഞ്ചാബിനെ നേരിടുകയാണ്. സ്വന്തം തട്ടകമായ തിരുവനന്തപുരം സെന്റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ പഞ്ചാബാണ് എതിരാളികള്‍.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പഞ്ചാബിന് ആദ്യ ദിവസം വെറും 35 ഓവര്‍ മാത്രമാണ് ബാറ്റ് ചെയ്യാന്‍ സാധിച്ചത്. മഴ മൂലം മത്സരം തടസ്സപ്പെട്ടിരുന്നു.
എന്നാല്‍ മഴയെത്തുന്നതിന് മുമ്പ് തന്നെ കേരളം പഞ്ചാബിന്റെ മൂര്‍ധാവില്‍ പ്രഹരമേല്‍പിച്ചിരുന്നു. അഞ്ച് വിക്കറ്റുകള്‍ പിഴുതെറിഞ്ഞാണ് കേരള താരങ്ങള്‍ കരുത്ത് കാട്ടിയത്.
തുടക്കത്തില്‍ തന്നെ പഞ്ചാബിന് തിരിച്ചടിയേറ്റിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ ആദ്യ റണ്‍സ് കയറും മുമ്പ് തന്നെ പഞ്ചാബിന് വിക്കറ്റ് നഷ്ടമായിരുന്നു. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ ഓപ്പണര്‍ അഭയ് ചൗധരി തിരിച്ചുനടന്നു. ആദിത്യ സര്‍വാതെയുടെ പന്തില്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്ക് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.
തുടര്‍ന്നും കൃത്യമായ ഇടവേളകളില്‍ കേരളം വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ടേയിരുന്നു. സൂപ്പര്‍ താരങ്ങളായ നമന്‍ ധിര്‍, നേഹല്‍ വധേര, ക്യാപ്റ്റന്‍ പ്രഭ്‌സിമ്രാന്‍ സിങ് എന്നിവര്‍ക്കൊന്നും തിളങ്ങാന്‍ സാധിച്ചില്ല.
നമന്‍ ധിര്‍ 12 പന്തില്‍ പത്ത് റണ്‍സുമായി പുറത്തായപ്പോള്‍ പ്രഭ്സിമ്രാന്‍ 33 പന്തില്‍ 12 റണ്‍സും നേഹല്‍ വധേര 37 പന്തില്‍ ഒമ്പത് റണ്‍സുമായും പുറത്തായി,
55 പന്തില്‍ 28 റണ്‍സ് നേടിയ അന്‍മോല്‍പ്രീത് സിങ്ങിന്റെ വിക്കറ്റാണ് പഞ്ചാബിന് ശേഷം നഷ്ടമായത്.
അതേസമയം, 36 പന്തില്‍ 28 റണ്‍സുമായി രമണ്‍ദീപ് സിങ്ങും 56 പന്തില്‍ ആറ് റണ്‍സുമായി ക്രിഷ് ഭഗത്തുമാണ് പഞ്ചാബിനായി നിലവില്‍ ക്രീസില്‍.
കേരളത്തിനായി അദിത്യ സര്‍വാതെ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജലജ് സക്‌സേന രണ്ട് വിക്കറ്റും നേടി.
അഭയ് ചൗധരി, നമന്‍ ധിര്‍, പ്രഭ്‌സിമ്രാന്‍ സിങ് എന്നിവരെയാണ് മഹാരാഷ്ട്രക്കാരന്‍ സര്‍വാതെ പുറത്താക്കിയത്. നേരത്തെ വിദര്‍ഭയുടെ താരമായിരുന്നു ഈ ഇടംകയ്യന്‍ ഓര്‍ത്തഡോക്‌സ് ബൗളര്‍.
ജനനം കൊണ്ട് മധ്യപ്രദേശുകാരനെങ്കിലും കാലങ്ങളായി കേരളത്തിന്റെ ട്രംപ് കാര്‍ഡായ ജലജാണ് അപകടകാരിയായ അന്‍മോല്‍പ്രീത് സിങ്ങിനെയും നേഹല്‍ വധേരയെയും പുറത്താക്കിയത്.
സഞ്ജു സാംസണില്ലാതെയാണ് കേരളം ആദ്യ മത്സരത്തിനിറങ്ങിയിരിക്കുന്നത്. നാഷണല്‍ ഡ്യൂട്ടി മൂലമാണ് താരത്തിന് കേരള ടീമിന്റെ ഭാഗമാകാന്‍ സാധിക്കാതെ പോയത്. സച്ചിന്‍ ബേബിയാണ് സഞ്ജുവിന്റെ അഭാവത്തില്‍ കേരളത്തെ നയിക്കുന്നത്.