രഞ്ജി ട്രോഫിയില്‍ മുംബൈക്കെതിരായ മത്സരത്തില്‍ കേരളം പടുകൂറ്റന്‍ തോല്‍വി വഴങ്ങിയിരുന്നു. തിരുവനന്തപുരം സെന്റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 232 റണ്‍സിന്റെ തോല്‍വിയാണ് കേരളത്തിന് വഴങ്ങേണ്ടി വന്നത്. മുംബൈ ഉയര്‍ത്തിയ 327 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കേരളം വെറും 94 റണ്‍സിന് ഓള്‍ ഔട്ടായി.
സ്‌കോര്‍
മുംബൈ : 251 & 319
കേരളം – (T327) : 244 & 94
ആദ്യ ഇന്നിങ്‌സില്‍ ഏഴ് റണ്‍സിന്റെ ലീഡ് വഴങ്ങിയ കേരളം രണ്ടാം ഇന്നിങ്‌സില്‍ റണ്‍ വഴങ്ങാന്‍ മത്സരിച്ചു. ആദ്യ ഇന്നിങ്‌സില്‍ ഗോള്‍ഡന്‍ ഡക്കായി പുറത്തായ ജയ് ബിസ്ത അര്‍ധ സെഞ്ച്വറി നേടി മുംബൈ ഇന്നിങ്‌സിന് അടിത്തറയിട്ടു.
ബിസ്ത 100 പന്തില്‍ 73 റണ്‍സ് നേടിയപ്പോള്‍ സഹ ഓപ്പണറായ ഭൂപന്‍ ലാല്‍വാനി 179 പന്തില്‍ 88 റണ്‍സും നേടി പുറത്തായി.
പ്രസാദ് പവാര്‍ (55 പന്തില്‍ 35), മോഹിത് അവസ്തി (51 പന്തില്‍ 32), ഷാംസ് മുലാനി (65 പന്തില്‍ 30) എന്നിവരും സ്‌കോറിങ്ങില്‍ നിര്‍ണായകമായി. ഒടുവില്‍ മുംബൈ രണ്ടാം ഇന്നിങ്‌സില്‍ 319 റണ്‍സ് നേടുകയും 326 റണ്‍സിന്റെ ടോട്ടല്‍ പടുത്തുയര്‍ത്തുകയും ചെയ്തു.
ഒരു ദിവസം മുമ്പിലുണ്ടായിരിക്കെ 327 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ കേരളത്തിന് ചെറുത്തുനില്‍ക്കാന്‍ പോലും സാധിച്ചില്ല. ചീട്ടുകൊട്ടാരത്തേക്കാള്‍ വേഗത്തില്‍ കേരളത്തിന്റെ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞു.
36 പന്തില്‍ 26 റണ്‍സ് നേടിയ രോഹന്‍ കുന്നുമ്മലാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍.
ഒരു വശത്ത് വിക്കറ്റ് വീഴുമ്പോഴും മറുവശത്ത് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ക്രീസിലുണ്ടെന്നത് കേരളത്തിന് നേരിയ പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ സഞ്ജുവിനെ ഒരു വശത്ത് നിര്‍ത്തി മുംബൈ മറുവശത്തെ ആക്രമിച്ചപ്പോള്‍ തോല്‍ക്കാന്‍ മാത്രമായിരുന്നു കേരളത്തിന് സാധിച്ചത്.
മുംബൈക്കായി രണ്ടാം ഇന്നിങ്‌സില്‍ ഷാംസ് മുലാനി അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ തനുഷ് കോട്ടിയനും ധവാല്‍ കുല്‍ക്കര്‍ണിയും രണ്ട് വിക്കറ്റ് വീതം നേടി. രണ്ടാം ഇന്നിങ്‌സില്‍ വിക്കറ്റ് നേടാന്‍ സാധിക്കാതെ പോയ മോഹിത് അവസ്തി ആദ്യ ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റ് സ്വന്തമാക്കിയിരുന്നു.
ഒടുവില്‍ കേരളത്തില്‍ നിന്നും ആറ് പോയിന്റ് പിടിച്ചെടുത്ത് 20 പോയിന്റുമായി മുംബൈ എലീറ്റ് ബി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് ഇരിപ്പുറപ്പിച്ചു. നിലവില്‍ മൂന്ന് മത്സരത്തില്‍ നിന്നും നാല് പോയിന്റാണ് കേരളത്തിനുള്ളത്.
സീസണില്‍ ഇതാദ്യമായാണ് മുംബൈ ബോണസ് പോയിന്റ് നേടാതെ മത്സരം വിജയിക്കുന്നത്. ഇന്നിങ്‌സ് ജയമോ പത്ത് വിക്കറ്റ് ജയമോ സ്വന്തമാക്കിയാലാണ് ഒരു ടീമിന് ബോണസ് പോയിന്റ് ലഭിക്കുക. ആദ്യ മത്സരത്തില്‍ ബീഹാറിനോട് ഇന്നിങ്‌സ് ജയവും രണ്ടാം മത്സരത്തില്‍ ആന്ധ്രയോട് പത്ത് വിക്കറ്റിനും വിജയിച്ചതോടെ ഏഴ് പോയിന്റ് വീതമാണ് മുംബൈ സ്വന്തമാക്കിയത്.
രഞ്ജി പോയിന്റ് സിസ്റ്റം
ജയം – ആറ് പോയിന്റ്
ഇന്നിങ്‌സ് ജയമോ പത്ത് വിക്കറ്റ് ജയമോ നേടിയാല്‍ – ഏഴ് പോയിന്റ് (6+1 ബോണസ് പോയിന്റ്)
സമനിലയില്‍ കലാശിച്ച മത്സരത്തിലെ ആദ്യ ഇന്നിങ്‌സ് ലീഡ് നേടിയാല്‍ – മൂന്ന് പോയിന്റ്
നോ റിസള്‍ട്ട് – ഒരു പോയിന്റ്
സമനിലയില്‍ കലാശിച്ച മത്സരത്തില്‍ ആദ്യ ഇന്നിങ്‌സ് സ്‌കോര്‍ ടൈ ആയാല്‍ – ഒരു പോയിന്റ്
സമനിലയില്‍ കലാശിച്ച മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ ലീഡ് വഴങ്ങിയാല്‍ – ഒരു പോയിന്റ്
തോല്‍വി – 0 പോയിന്റ്
രണ്ട് ഇന്നിങ്‌സ് സ്‌കോറും ടൈ ആയാല്‍ – മൂന്ന് പോയിന്റ്