രഞ്ജി ട്രോഫിയില്‍ മുംബൈക്കെതിരായ മത്സരത്തില്‍ കേരളം ആദ്യ ഇന്നിങ്‌സില്‍ ലീഡ് വഴങ്ങിയിരുന്നു. ആദ്യ ഇന്നിങ്‌സില്‍ വെറും ഏഴ് റണ്‍സിന്റെ ലീഡാണ് മുംബൈക്ക് ലഭിച്ചത്. മുംബൈയുെട ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 251 പിന്തുടര്‍ന്നിറങ്ങിയ കേരളം 244ന് ഓള്‍ ഔട്ടാവുകയായിരുന്നു.
മോഹിത് അവസ്തിയെന്ന മീഡിയം പേസറാണ് കേരളത്തിന്റെ പ്രതീക്ഷകളെല്ലാം തച്ചുടച്ചത്. കൃഷ്ണ പ്രസാദിന്റെയും രോഹന്‍ പ്രേമിന്റെയുമടക്കം ഏഴ് വിക്കറ്റുകളാണ് ആദ്യ ഇന്നിങ്‌സില്‍ അവസ്തി സ്വന്തമാക്കിയത്.
മൂന്ന് മെയ്ഡന്‍ അടക്കം 15.2 ഓവര്‍ പന്തെറിഞ്ഞ് 57 റണ്‍സ് വഴങ്ങിയാണ് മോഹിത് ഏഴ് വിക്കറ്റും സ്വന്തമാക്കിയത്. 3.72 എന്ന മികച്ച എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്.
അസമിനെതിരെ തിളങ്ങിയ കൃഷ്ണ പ്രദാസിനെ മടക്കിക്കൊണ്ടാണ് അവസ്തി തുടങ്ങിയത്. 15 പന്തില്‍ 21 റണ്‍സുമായി മികച്ച രീതിയില്‍ ക്രീസില്‍ തുടരവെ പ്രസാദ് പവാറിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.
നാല് പന്തില്‍ റണ്‍സൊന്നും നേടാതെയുള്ള രോഹന്‍ പ്രേമിന്റെ മടക്കം കേരളത്തിന് ഇരട്ട പ്രഹരമേല്‍പിച്ചു. ഇത്തവണയും മോഹിത് അവസ്തി – പ്രസാദ് പവാര്‍ ഡുവോയാണ് വിക്കറ്റ് നേടിയത്.
വിഷ്ണു വിനോദിനെയും (41 പന്തില്‍ 29), ജലജ് സക്‌സേനെയെയും (ഒരു പന്തില്‍ പൂജ്യം), ബേസില്‍ തമ്പിയെയും (നാല് പന്തില്‍ ഒന്ന്) വിക്കറ്റിന് മുമ്പില്‍ കുടുക്കിയ അവസ്തി ശ്രേയസ് ഗോപാലിനെയും സുരേഷ് വിശ്വേശ്വറിനെയും ഫീല്‍ഡര്‍മാരുടെ കൈകളിലെത്തിച്ചും മടക്കി.
തനുഷ് കോട്ടിയന്‍, ശിവം ദുബെ, ഷാംസ് മുലാനി എന്നിവരാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ സ്വന്തമാക്കിയത്.
കേരളത്തിനായി സച്ചിന്‍ ബേബിയും രോഹന്‍ എസ്. കുന്നുമ്മലും അര്‍ധ സെഞ്ച്വറി തികച്ചു. സച്ചിന്‍ ബേബി 130 പന്തില്‍ 65 റണ്‍സ് നേടിയപ്പോള്‍ രോഹന്‍ 77 പന്തില്‍ 56 റണ്‍സും നേടി പുറത്തായി.
ക്യാപ്റ്റന്‍ സഞ്ജു സാംസണാണ് കേരളത്തിനായി സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ച മറ്റൊരു താരം. 36 പന്തില്‍ 38 റണ്‍സാണ് താരം നേടിയത്.
രണ്ടാം ദിനം അവസാനിക്കുമ്പോള്‍ മുംബൈ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടരുകയാണ്. നിലവില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 105 റണ്‍സ് എന്ന നിലയിലാണ്. 67 പന്തില്‍ 59 റണ്‍സുമായി ജയ് ബിസ്തയും 90 പന്തില്‍ 41 റണ്‍സുമായി ഭൂപന്‍ ലാല്‍വാനിയുമാണ് ക്രീസില്‍.
Content highlight: Ranji Trophy, Kerala vs Mumbai: Mohit Avasthi picks 7 wickets