രഞ്ജി ട്രോഫിയില്‍ മുംബൈക്കെതിരായ മത്സരത്തില്‍ കേരളത്തിന് ഗംഭീര തുടക്കം. സ്‌കോര്‍ ബോര്‍ഡില്‍ റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിന് മുമ്പ് രണ്ട് മുന്‍ നിര വിക്കറ്റുകള്‍ നേടിയാണ് കേരളം മുംബൈയെ സമ്മര്‍ദത്തിലേക്ക് തള്ളിവിട്ടത്.
തിരുവനന്തപുരത്തെ സെന്റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. നാഷണല്‍ ഡ്യൂട്ടിക്ക് ശേഷം സഞ്ജു സാംസണ്‍ വീണ്ടും ക്യാപ്റ്റന്റെ റോളിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്.
ഉത്തര്‍പ്രദേശിനെതിരായ ആദ്യ മത്സരത്തില്‍ കേരളത്തെ നയിച്ച ശേഷം സഞ്ജു ഇന്ത്യന്‍ ടീമിലേക്ക് മാറിയിരുന്നു. അസമിനെതിരായ മത്സരത്തില്‍ സഞ്ജുവിന്റെ ഡെപ്യൂട്ടി രോഹന്‍ എസ്. കുന്നുമ്മലാണ് കേരളത്തെ നയിച്ചത്.
അതേസമയം, മുംബൈ നിരയിലേക്ക് ശിവം ദുബെയും മടങ്ങിയെത്തിയിട്ടുണ്ട്.
മൂന്നാം മത്സരത്തില്‍ ടോസ് നേടിയ മുംബൈ നായകന്‍ അജിന്‍ക്യ രഹാനെ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ രഹാനെയെ ഞെട്ടിച്ചുകൊണ്ട് ആദ്യ ഓവറില്‍ തന്നെ കേരളം വിക്കറ്റ് നേടി മത്സരത്തില്‍ അപ്പര്‍ഹാന്‍ഡ് സ്വന്തമാക്കി.
ജയ് ബിസ്തയുടെ വിക്കറ്റാണ് മുംബൈക്ക് ആദ്യം നഷ്ടമായത്. ബേസില്‍ തമ്പിയുടെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയായിരുന്നു താരത്തിന്റെ മടക്കം.
തൊട്ടടുത്ത പന്തില്‍ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയെയും മുംബൈക്ക് നഷ്ടമായി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ് ക്യാച്ച് നല്‍കിയാണ് രഹാനെ പുറത്താകുന്നത്. തുടര്‍ച്ചയായ രണ്ടാം ഇന്നിങ്‌സിലാണ് രഹാനെ ഗോള്‍ഡന്‍ ഡക്കായി മടങ്ങുന്നത്.
അതേസമയം, നാല് ഓവര്‍ പിന്നിടുമ്പോള്‍ 6 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ് മുംബൈ. പത്ത് പന്തില്‍ നാല് റണ്‍സുമായി ഭൂപന്‍ ലാല്‍വാനിയും 12 പന്തില്‍ ഒരു റണ്‍സുമായി സുദേവ് പാര്‍ക്കറുമാണ് ക്രീസില്‍.
മുംബൈ പ്ലെയിങ് ഇലവന്‍
ജയ് ബിസ്ത, ഭൂപന്‍ ലാല്‍വാനി, അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), സുദേവ് പാര്‍ക്കര്‍, ധവാല്‍ കുല്‍ക്കര്‍ണി, ശിവം ദുബെ, പ്രസാദ് പവാര്‍, ഷാംസ് മുലാനി, തനുഷ് കോട്ടിയാന്‍, മോഹിത് അവസ്തി, റോയ്‌സറ്റണ്‍ ഡയസ്.
കേരള പ്ലെയിങ് ഇലവന്‍
സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), രോഹന്‍ എസ്. കുന്നുമ്മല്‍, രോഹന്‍ പ്രേം, കൃഷ്ണ പ്രസാദ്, സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, ശ്രേയസ് ഗോപാല്‍, ജലജ് സക്‌സേന, ബേസില്‍ തമ്പി, എം.ഡി. നിധീഷ്, സുരേഷ് വിശ്വേശ്വര്‍.
Content Highlight: Ranji Trophy, Kerala vs Mumbai; Kerala with early advantage