രഞ്ജി ട്രോഫിയിലെ രണ്ടാം മത്സരത്തിനുള്ള മുന്നൊരുക്കത്തിലാണ് കേരളം. ക്യാപ്റ്റനായി സഞ്ജു സാംസണ്‍ തിരിച്ചെത്തുന്ന മത്സരത്തില്‍ കര്‍ണാടകയാണ് എതിരാളികള്‍. കര്‍ണാടകയുടെ തട്ടകമായ കെ.എസ്.സി.എ സ്റ്റേഡിയമാണ് വേദി.
ആദ്യ മത്സരത്തില്‍ പഞ്ചാബിനെ തകര്‍ത്ത് എലീറ്റ് ഗ്രൂപ്പ് സി-യില്‍ രണ്ടാം സ്ഥാനത്താണ് കേരളം. ആറ് പോയിന്റാണ് നിലവില്‍ കേരളത്തിനുള്ളത്. ബീഹാറിനെതിരെ ഇന്നിങ്‌സ് ജയം സ്വന്തമാക്കി ഏഴ് പോയിന്റുമായി ഹരിയാനയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.
തങ്ങളുടെ ആദ്യ മത്സരത്തില്‍ ജയിക്കാന്‍ സാധിക്കാത്തതിന്റെ നിരാശയിലാണ് കരുത്തരായ കര്‍ണാടക രണ്ടാം മത്സരത്തിനിറങ്ങുന്നത്. മധ്യപ്രദേശാണ് കര്‍ണാടകയെ സമനിലയില്‍ തളച്ചത്. എതിരാളികളുടെ തട്ടകമായ ഹോല്‍കര്‍ സ്‌റ്റേഡിയത്തിലാണ് മത്സരം അരങ്ങേറിയത്.
നിലവില്‍ ആദ്യ മത്സരം അവസാനിച്ചപ്പോള്‍ എലീറ്റ് ഗ്രൂപ്പ് സി-യില്‍ ഒരു പോയിന്റോടെ അഞ്ചാമതാണ് മുന്‍ ചാമ്പ്യന്‍മാര്‍.
ആദ്യ മത്സരത്തില്‍ പ്രതീക്ഷിച്ച വിജയം സ്വന്തമാക്കാന്‍ സാധിക്കാത വന്നതോടെ രണ്ടാം മത്സരത്തില്‍ സര്‍വശക്തിയുമായി കളത്തിലിറങ്ങാന്‍ തന്നെയാകും കര്‍ണാടക ഒരുങ്ങുന്നത്. ഹോം ഗ്രൗണ്ട് അഡ്വാന്റേജും കര്‍ണാടകയ്ക്ക് അനുകൂലമാകും.
മായങ്ക് അഗര്‍വാളാണ് കര്‍ണാടകയെ നയിക്കുന്നത്. ഒപ്പം ശ്രേയസ് ഗോപാല്‍, മനീഷ് പാണ്ഡേ, ദേവ്ദത്ത് പടിക്കല്‍, നിഖിന്‍ ജോസ് തുടങ്ങി മികച്ച താരങ്ങളുടെ ഒരു നിരയും ടീമിനൊപ്പമുണ്ട്.
ആദ്യ മത്സരത്തില്‍ ടീമിനൊപ്പമില്ലാതിരുന്ന സഞ്ജു സാംസണ്‍ മടങ്ങിയെത്തുന്നതാണ് കേരളത്തിന് ആശ്വാസമാകുന്നത്. ഇക്കഴിഞ്ഞ ദുലീപ് ട്രോഫിയിലും ഇന്ത്യ-ബംഗ്ലാദേശ് ടി-20യിലും മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്.
പഞ്ചാബിനെതിരെ വിജയിച്ചതുപോലെ ഒരിക്കലും കര്‍ണാടകയ്‌ക്കെതിരെ വിജയിക്കാന്‍ സാധിക്കില്ല എന്ന ഉത്തമബോധ്യം കേരളത്തിനുണ്ടാകും. ഇതുകൊണ്ടുതന്നെ പുത്തന്‍ തന്ത്രങ്ങളുമായാകും കേരളം രണ്ടാം മത്സരത്തിന് കളത്തിലിറങ്ങുക.