| Friday, 18th October 2024, 10:25 am

സഞ്ജുവിന്റെ ലക്ഷ്യം ഏറെ വലുത്, എന്നാല്‍ ആദ്യ മത്സരം വെള്ളത്തിലാകുമോ? മത്സരം വൈകുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ രണ്ടാം മത്സരം വൈകുന്നു. കര്‍ണാടകയ്‌ക്കെതിരെ എതിരാളികളുടെ തട്ടകമായ കെ.എസ്.സി.എ സ്‌റ്റേഡിയത്തിലാണ് മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ മത്സരം വൈകുകയാണ്.

ഈ സീസണില്‍ കേരള ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ ആദ്യ മത്സരമാണിത്. നേരത്തെ ബംഗ്ലാദേശിനെതിരെ നടക്കുന്ന പരമ്പരയുടെ ഭാഗമായതിനാല്‍ സഞ്ജുവിന് ആദ്യ മത്സരത്തില്‍ കേരളത്തിനൊപ്പം കളത്തിലിറങ്ങാന്‍ സാധിച്ചിരുന്നില്ല.

ആദ്യ മത്സരത്തില്‍ വിജയിച്ചതിന്റെ സകല ആവേശവും ഉള്‍ക്കൊണ്ടാണ് കേരളം രണ്ടാം മത്സരത്തിനിറങ്ങുന്നത്. തിരുവനന്തപുരം സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ പഞ്ചാബിനെ എട്ട് വിക്കറ്റിന് തകര്‍ത്താണ് കേരളം ക്യാമ്പെയ്ന്‍ തുടങ്ങിയത്.

പഞ്ചാബിനെതിരായ വിജയത്തിന് പിന്നാലെ എലീറ്റ് ഗ്രൂപ്പ് സി-യില്‍ രണ്ടാം സ്ഥാനത്താണ് കേരളം. ആറ് പോയിന്റാണ് നിലവില്‍ കേരളത്തിനുള്ളത്. ബീഹാറിനെതിരെ ഇന്നിങ്‌സ് ജയം സ്വന്തമാക്കി ഏഴ് പോയിന്റുമായി ഹരിയാനയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

സഞ്ജുവിനെ സംബന്ധിച്ച് ഈ സീസണിലെ എല്ലാ മത്സരങ്ങളും ഏറെ നിര്‍ണായകമാണ്. ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം ലക്ഷ്യമിടുന്ന സഞ്ജുവിന് ആഭ്യന്തര തലത്തില്‍ മികച്ച പ്രകടനം നടത്തേണ്ടത് അനിവാര്യമാണ്.

മാനേജ്‌മെന്റിന്റെയും പരിശീലകന്‍ ഗൗതം ഗംഭീറിന്റെയും നിറഞ്ഞ പിന്തുണ സഞ്ജുവിനുണ്ട്. താരം ഇനി ചെയ്യേണ്ടത് രഞ്ജിയില്‍ മികച്ച പ്രകടനം പുറത്തെടുക്കുക എന്നത് മാത്രമാണ്. അതിനുള്ള ആദ്യ ചവിട്ടുപടിയാണ് കര്‍ണാടകയ്‌ക്കെതിരായ മത്സരം.

നേരത്തെ ദുലീപ് ട്രോഫിയില്‍ മികച്ച പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്. ഇന്ത്യ ഡി-ക്ക് വേണ്ടി സെഞ്ച്വറി നേടിയാണ് സഞ്ജു തിളങ്ങിയത്. നേരിട്ട 94ാം പന്തിലായിരുന്നു സഞ്ജുവിന്റെ സെഞ്ച്വറി നേട്ടം പിറവിയെടുത്തത്. ഇതേ പ്രകടനം രഞ്ജിയിലും ആവര്‍ത്തിക്കാനാണ് സഞ്ജു ഒരുങ്ങുന്നത്.

അതേസമയം, ആദ്യ മത്സരത്തില്‍ സമനില വഴങ്ങിയാണ് മായങ്ക് യാദവും സംഘവും സ്വന്തം തട്ടകത്തില്‍ കേരളത്തെ നേരിടാനൊരുങ്ങുന്നത്. ഹോല്‍കര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഹോം ടീമായ മധ്യപ്രദേശിനോടാണ് കര്‍ണാടകയ്ക്ക് സമനില വഴങ്ങേണ്ടി വന്നത്.

മധ്യപ്രദേശിനോട് സമനിലയില്‍ കുരുങ്ങിയതോടെ എലീറ്റ് ഗ്രൂപ്പ് സി-യില്‍ ഒരു പോയിന്റുമായി അഞ്ചാമതാണ് മുന്‍ ചാമ്പ്യന്‍മാരായ കര്‍ണാടകയുടെ സ്ഥാനം.

നായകന്‍ മായങ്ക് അഗര്‍വാളിന് പുറമെ ശ്രേയസ് ഗോപാല്‍, മനീഷ് പാണ്ഡേ, ദേവ്ദത്ത് പടിക്കല്‍, നിഖിന്‍ ജോസ് തുടങ്ങി ഒരുപിടി മികച്ച താരങ്ങളുമായാണ് കര്‍ണാടക കേരളത്തിനെതിരെ കോപ്പുകൂട്ടുന്നത്.

എന്നാല്‍, പഞ്ചാബിനെതിരെ വിജയിച്ചതുപോലെ ഒരിക്കലും കര്‍ണാടകയ്‌ക്കെതിരെ വിജയിക്കാന്‍ സാധിക്കില്ല എന്ന ഉത്തമബോധ്യവും കേരളത്തിനുണ്ടാകും. ഇക്കാരണം കൊണ്ടുതന്നെ പുത്തന്‍ പുതിയ തന്ത്രങ്ങളുമായാകും കേരളം രണ്ടാം മത്സരത്തിന് കളത്തിലിറങ്ങുക.

കര്‍ണാടക സ്‌ക്വാഡ്

ദേവ്ദത്ത് പടിക്കല്‍, കിഷന്‍ ബിദാരെ, മനീഷ് പാണ്ഡേ, മായങ്ക് അഗര്‍വാള്‍, നിഖിന്‍ ജോസ്, എസ്. രവിചന്ദ്രന്‍, ഹര്‍ദിക് രാജ്, ശ്രേയസ് ഗോപാല്‍, ലവ്‌നിത് സിസോദിയ (വിക്കറ്റ് കീപ്പര്‍), സുജയ് സതേരി (വിക്കറ്റ് കീപ്പര്‍), അഭിലാഷ് ഷെട്ടി, മൊഹ്‌സിന്‍ ഖാന്‍, പ്രസിദ്ധ് കൃഷ്ണ, വി. കൗശിക്, വിദ്യാധര്‍ പാട്ടീല്‍, വൈശാഖ് വിജയ് കുമാര്‍.

കേരള സ്‌ക്വാഡ്

സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), സച്ചിന്‍ ബേബി, രോഹന്‍ എസ്. കുന്നുമ്മല്‍, കൃഷ്ണ പ്രസാദ്, സല്‍മാന്‍ നിസാര്‍, വത്സല്‍ ഗോവിന്ദ്, ആദിത്യ സര്‍വാതെ, അക്ഷയ് ചന്ദ്രന്‍, ബാബ അപരാജിത്, ജലജ് സക്‌സേന, മുഹമ്മദ് അസറുദ്ദീന്‍ (വിക്കറ്റ് കീപ്പര്‍), വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പര്‍), ബേസില്‍ തമ്പി, ഫാസില്‍ ഫാനൂസ്, കെ.എം. ആസിഫ്, എം.ഡി. നിധീഷ്.

Content highlight: Ranji Trophy: Kerala vs Karnataka: Match delayed

We use cookies to give you the best possible experience. Learn more