| Thursday, 17th October 2024, 3:06 pm

ചേട്ടാ, എല്ലാം സെറ്റല്ലേ... ജയം തുടരാന്‍ സഞ്ജുപ്പട, എതിരാളികളുടെ മടയിലേക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

രഞ്ജി ട്രോഫിയില്‍ കേരളം തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങുകയാണ്. ഒക്ടോബര്‍ 18ന് കര്‍ണാടകയ്‌ക്കെതിരെയാണ് കേരളം തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങുന്നത്. എതിരാളികളുടെ തട്ടകമായ കെ.എസ്.സി.എ സ്റ്റേഡിയമാണ് വേദി.

ആദ്യ മത്സരത്തില്‍ പഞ്ചാബിനെ തകര്‍ത്ത് ജയം സ്വന്തമാക്കിയ കേരളം തുടര്‍ന്നും ജയം ആവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ്. തിരുവനന്തപുരം സെന്റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് കേരളം വിജയിച്ചുകയറിയത്.

സഞ്ജു സാംസണിന്റെ അഭാവത്തില്‍ സച്ചിന്‍ ബേബിയാണ് ആദ്യ മത്സരത്തില്‍ കേരളത്തെ നയിച്ചത്. ഇപ്പോള്‍ രണ്ടാം മത്സരത്തില്‍ സഞ്ജു തിരിച്ചെത്തുന്നതോടെ കേരളം ഡബിള്‍ സ്‌ട്രോങ്ങായിരിക്കുകയാണ്.

പഞ്ചാബിനെതിരായ വിജയത്തിന് പിന്നാലെ എലീറ്റ് ഗ്രൂപ്പ് സി-യില്‍ രണ്ടാം സ്ഥാനത്താണ് കേരളം. ആറ് പോയിന്റാണ് നിലവില്‍ കേരളത്തിനുള്ളത്. ബീഹാറിനെതിരെ ഇന്നിങ്സ് ജയം സ്വന്തമാക്കി ഏഴ് പോയിന്റുമായി ഹരിയാനയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

അതേസമയം, ആദ്യ മത്സരത്തില്‍ സമനില വഴങ്ങിയാണ് മായങ്ക് യാദവും സംഘവും സ്വന്തം തട്ടകത്തില്‍ കേരളത്തെ നേരിടാനൊരുങ്ങുന്നത്. ഹോല്‍കര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഹോം ടീമായ മധ്യപ്രദേശിനോടാണ് കര്‍ണാടകയ്ക്ക് സമനില വഴങ്ങേണ്ടി വന്നത്.

സ്‌കോര്‍

മധ്യപ്രദേശ്: 425/8d
കര്‍ണാടക: 206/5

മധ്യപ്രദേശിനോട് സമനിലയില്‍ കുരുങ്ങിയതോടെ എലീറ്റ് ഗ്രൂപ്പ് സി-യില്‍ ഒരു പോയിന്റുമായി അഞ്ചാമതാണ് മുന്‍ ചാമ്പ്യന്‍മാരായ കര്‍ണാടകയുടെ സ്ഥാനം.

ആദ്യ മത്സരത്തില്‍ പ്രതീക്ഷിച്ച വിജയം സ്വന്തമാക്കാന്‍ സാധിക്കാത വന്നതോടെ രണ്ടാം മത്സരത്തില്‍ സര്‍വശക്തിയുമായി കളത്തിലിറങ്ങാന്‍ തന്നെയാകും കര്‍ണാടക ഒരുങ്ങുന്നത്. ഹോം ഗ്രൗണ്ട് അഡ്വാന്റേജും കര്‍ണാടകയ്ക്ക് അനുകൂലമാകും.

നായകന്‍ മായങ്ക് അഗര്‍വാളിന് പുറമെ ശ്രേയസ് ഗോപാല്‍, മനീഷ് പാണ്ഡേ, ദേവ്ദത്ത് പടിക്കല്‍, നിഖിന്‍ ജോസ് തുടങ്ങി ഒരുപിടി മികച്ച താരങ്ങളുമായാണ് കര്‍ണാടക കേരളത്തിനെതിരെ കോപ്പുകൂട്ടുന്നത്.

എന്നാല്‍ കേരളവും ഒട്ടും മോശമല്ല. സഞ്ജുവിന് പുറമെ സച്ചിന്‍ ബേബിയും രോഹന്‍ എസ്. കുന്നുമ്മലും ബാബ അപരാജിത്തും അടക്കമുള്ളവര്‍ ബാറ്റിങ്ങില്‍ തിളങ്ങുമ്പോള്‍ ആദിത്യ സര്‍വാതെയുടെ ബൗളിങ് പ്രകടനവും ജലജ് സക്‌സേനയുടെ ഓള്‍ റൗണ്ട് മികവുമാണ് കേരളത്തിന് കരുത്താകുന്നത്.

എന്നാല്‍, പഞ്ചാബിനെതിരെ വിജയിച്ചതുപോലെ ഒരിക്കലും കര്‍ണാടകയ്ക്കെതിരെ വിജയിക്കാന്‍ സാധിക്കില്ല എന്ന ഉത്തമബോധ്യവും കേരളത്തിനുണ്ടാകും. ഇക്കാരണം കൊണ്ടുതന്നെ പുത്തന്‍ പുതിയ തന്ത്രങ്ങളുമായാകും കേരളം രണ്ടാം മത്സരത്തിന് കളത്തിലിറങ്ങുക.

കര്‍ണാടക സ്‌ക്വാഡ്

ദേവ്ദത്ത് പടിക്കല്‍, കിഷന്‍ ബിദാരെ, മനീഷ് പാണ്ഡേ, മായങ്ക് അഗര്‍വാള്‍, നിഖിന്‍ ജോസ്, എസ്. രവിചന്ദ്രന്‍, ഹര്‍ദിക് രാജ്, ശ്രേയസ് ഗോപാല്‍, ലവ്നിത് സിസോദിയ (വിക്കറ്റ് കീപ്പര്‍), സുജയ് സതേരി (വിക്കറ്റ് കീപ്പര്‍), അഭിലാഷ് ഷെട്ടി, മൊഹ്സിന്‍ ഖാന്‍, പ്രസിദ്ധ് കൃഷ്ണ, വി. കൗശിക്, വിദ്യാധര്‍ പാട്ടീല്‍, വൈശാഖ് വിജയ് കുമാര്‍.

കേരള സ്‌ക്വാഡ്

സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), സച്ചിന്‍ ബേബി, രോഹന്‍ എസ്. കുന്നുമ്മല്‍, കൃഷ്ണ പ്രസാദ്, സല്‍മാന്‍ നിസാര്‍, വത്സല്‍ ഗോവിന്ദ്, ആദിത്യ സര്‍വാതെ, അക്ഷയ് ചന്ദ്രന്‍, ബാബ അപരാജിത്, ജലജ് സക്സേന, മുഹമ്മദ് അസറുദ്ദീന്‍ (വിക്കറ്റ് കീപ്പര്‍), വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പര്‍), ബേസില്‍ തമ്പി, ഫാസില്‍ ഫാനൂസ്, കെ.എം. ആസിഫ്, എം.ഡി. നിധീഷ്.

Content Highlight: Ranji Trophy: Kerala vs Karnataka

We use cookies to give you the best possible experience. Learn more