രഞ്ജി ട്രോഫിയില്‍ കേരളവും ഛത്തീസ്ഗഡും തമ്മിലുള്ള മത്സരം പുരോഗമിക്കുകയാണ്. ആദ്യ ഇന്നിങ്‌സില്‍ കേരളം 350 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. 180 പന്തില്‍ നിന്ന് 11 ബൗണ്ടറികള്‍ അടക്കം 91 റണ്‍സ് നേടി സച്ചിന്‍ ബേബി ടീമില്‍ ഉയര്‍ന്ന സ്‌കോര്‍ നല്‍കി. സച്ചിന്‍ ബേബി അടക്കം അഞ്ച് അര്‍ധ സെഞ്ച്വറികളുടെ ബലത്തിലാണ് കേരളം ഭേദപ്പെട്ട സ്‌കോറിലെത്തിയത്.
104 പന്തില്‍ നിന്നും 12 ബൗണ്ടറികളും രണ്ട് സിക്‌സറുകളും അടക്കം 85 റണ്‍സ് നേടിയ മുഹമ്മദ് അസറുദ്ദീനും 72 പന്തില്‍ 9 ബൗണ്ടറികള്‍ അടക്കം 57 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സഞ്ജു സാംസണും കേരളത്തിനുവേണ്ടി മികച്ച സ്‌കോര്‍ നേടിക്കൊടുത്തു. വണ്‍ ഡൗണ്‍ ബാറ്റര്‍ രോഹന്‍ പ്രേം 114 പന്തില്‍ നിന്നും എട്ട് ബൗണ്ടറുകളില്‍ അടക്കം 54 റണ്‍സ് നേടി ടീമിന്റെ കൂടെ നിന്നു.
ഓപ്പണര്‍മാരായ രോഹന്‍ കുന്നുമ്മലും ജലജ് സക്‌സേനയും പൂജ്യം റണ്‍സിന് മടങ്ങിയപ്പോള്‍ പടുകുഴിയില്‍ നിന്ന് കേരളത്തെ കരകയറ്റുകയായിരുന്നു ഈ അഞ്ച് പേര്‍. ഇവര്‍ക്ക് പുറമേ വിഷ്ണു വിനോദ് 86 പന്തില്‍ മൂന്ന് ബൗണ്ടറികള്‍ അടക്കം 40 റണ്‍സ് നേടിയിരുന്നു. മറ്റാര്‍ക്കും തന്നെ രണ്ടക്കം കടക്കാന്‍ സാധിച്ചില്ലായിരുന്നു.
ഛത്തീസ്ഗഡിന്റെ സൂപ്പര്‍ ബൗളര്‍ ആശിഷ് ചൗഹാന്റെ മിന്നും പ്രകടനത്തിലാണ് കേരളം തകര്‍ന്നത്. 32 ഓവറില്‍ ഏഴ് മെയ്ഡന്‍ അടക്കം 100 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റുകളാണ് താരം നേടിയത്. 3.13 എന്ന മികച്ച എക്കണോമിയില്‍ ആയിരുന്നു താരം കേരളത്തെ വലിഞ്ഞുമുറുക്കിയത്. രവി കൃഷ്ണനും അജയ് മണ്ഡലിനും രണ്ട് വിക്കറ്റുകള്‍ വീതം സ്വന്തമാക്കാന്‍ സാധിച്ചു.
നിലവില്‍ എലീറ്റ് ഗ്രൂപ്പ് ബിയിലെ ഏഴാം സ്ഥാനത്താണ് കേരളം. നാലു മത്സരങ്ങളില്‍ നിന്നും ഒരു വിജയം പോലും ഇതുവരെ കേരളത്തിന് സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. ഒരു തോല്‍വി വഴങ്ങിയപ്പോള്‍ മറ്റു മത്സരങ്ങളില്‍ സമനില പിടിക്കാനാണ് കേരളത്തില്‍ സാധിച്ചത്. നിലവില്‍ അഞ്ചു പോയിന്റാണ് കേരളം സ്വന്തമാക്കിയത്.
ഗ്രൂപ്പ് ബിയില്‍ ഒന്നാംസ്ഥാനത്ത് മുംബൈ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്. നാലു മത്സരങ്ങളില്‍ നിന്നും മൂന്നു വിജയവും ഒരു തോല്‍വിയും അടക്കം 20 പോയിന്റാണ് മുംബൈ സ്വന്തമാക്കിയത്.
Content Highlight: Ranji Trophy Kerala VS Chhattisgarh Updates