| Monday, 5th February 2024, 1:39 pm

ലക്ഷ്യം ആദ്യ ജയം; അവസാന ദിവസം ഇനി വേണ്ടത് ഒമ്പത് വിക്കറ്റ്; എല്ലാ കണ്ണുകളും സഞ്ജുവിലേക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

രഞ്ജി ട്രോഫിയില്‍ തങ്ങളുടെ അഞ്ചാം മത്സരത്തില്‍ ഛത്തീസ്ഗഡിന് മുമ്പില്‍ 290 റണ്‍സിന്റെ വിജയലക്ഷ്യം പടുത്തുയര്‍ത്തി കേരളം. ആദ്യ ഇന്നിങ്‌സില്‍ 38 റണ്‍സിന്റെ ലീഡ് നേടിയ കേരളം രണ്ടാം ഇന്നിങ്‌സില്‍ 251ന് അഞ്ച് എന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

ആദ്യ ഇന്നിങ്‌സില്‍ വിക്കറ്റ് കീപ്പര്‍ കെ.ഡി. ഏക്‌നാഥിന്റെ സെഞ്ച്വറി കരുത്തില്‍ ഛത്തീസ്ഗഡ് ലീഡ് നേടുമെന്ന് തോന്നിച്ചെങ്കിലും മറുവശത്തുള്ള ബാറ്റര്‍മാരെ ഒന്നൊഴിയാതെ എറിഞ്ഞിട്ട് കേരളം ലീഡ് നേടി.

കേരളത്തിനായി ജലജ് സക്‌സേനയും നിധീഷ് എം.ഡിയും മൂന്ന് വിക്കറ്റ് വീതം നേടിയപ്പോള്‍ ബേസില്‍ തമ്പി രണ്ടും ശ്രേയസ് ഗോപാല്‍, അഖിന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ കേരളം സച്ചിന്‍ ബേബിയുടെ തകര്‍പ്പന്‍ ഇന്നിങ്‌സിന്റെ ബലത്തില്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. മറ്റൊരു സെഞ്ച്വറി പ്രതീതി സമ്മാനിച്ച സച്ചിന് എന്നാല്‍ ട്രിപ്പിള്‍ ഡിജിറ്റ് കണ്ടെത്താന്‍ സാധിച്ചില്ല. 128 പന്തില്‍ 94 റണ്‍സ് നേടിയാണ് താരം പുറത്തായത്.

63 പന്തില്‍ പുറത്താകാതെ 50 റണ്‍സ് നേടിയ അസറുദ്ദീനും കേരളത്തിനായി മികച്ച പ്രകടനം കാഴ്ചവെച്ചു. രോഹന്‍ എസ്. കുന്നുമ്മല്‍ 42 പന്തില്‍ 36 റണ്‍സ് നേടി സ്‌കോറിങ്ങില്‍ നിര്‍ണായക സംഭാവന നല്‍കി. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 25 പന്തില്‍ 24 റണ്‍സ് നേടിയപ്പോള്‍ വിഷ്ണു വിനോദ് 22 പന്തില്‍ 24 റണ്‍സ് നേടി മടങ്ങി.

ഒടുവില്‍ ടീം സ്‌കോര്‍ 251ല്‍ നില്‍ക്കവെ കേരളം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഛത്തീസ്ഗഡിന് ടീം സ്‌കോര്‍ 18ല്‍ നില്‍ക്കവെ ശശാങ്ക് ചന്ദ്രാര്‍കറിനെ നഷ്ടമായി. 16 പന്തില്‍ 14 റണ്‍സ് നേടിയാണ് ശശാങ്ക് പുറത്തായത്.

നിലവില്‍ എട്ട് ഓവര്‍ പിന്നിടുമ്പോള്‍ 23ന് ഒന്ന് എന്ന നിലയിലാണ് ഛത്തീസ്ഗഡ്. അവസാന ദിവസം മത്സരം സ്വന്തമാക്കാന്‍ ഹോം ടീമിന് 267 റണ്‍സ് കൂടി കണ്ടെത്തണം.

സ്‌കോര്‍ (ഛത്തീസ്ഗഡിന്റെ രണ്ടാം ഇന്നിങ്‌സ് എട്ട് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍)

കേരളം – 350 & 251/5 d

ഛത്തീസ്ഗഡ് (T: 290) 312 & 23/1

സീസണിലെ ആദ്യ ജയത്തിന് ഒമ്പത് വിക്കറ്റുകളാണ് കേരളത്തിന് ആവശ്യമുള്ളത്. അവസാന ദിവസം ശേഷിക്കുന്ന വിക്കറ്റുകള്‍ പൂര്‍ണമായും നഷ്ടമാകാതെ പിടിച്ചുനില്‍ക്കാന്‍ സാധിച്ചാല്‍ ഛത്തീസ്ഗഡിന് മത്സരം സമനിലയിലെത്തിക്കാം.

Content highlight: Ranji Trophy: Kerala vs Chhattisgarh updates

We use cookies to give you the best possible experience. Learn more