ജയമില്ല, പക്ഷേ മൂന്ന് പോയിന്റുണ്ട്; സാധ്യതകള്‍ കെട്ടുപോകാതെ കാത്ത് സഞ്ജുവിന്റെ പോരാളികള്‍
Sports News
ജയമില്ല, പക്ഷേ മൂന്ന് പോയിന്റുണ്ട്; സാധ്യതകള്‍ കെട്ടുപോകാതെ കാത്ത് സഞ്ജുവിന്റെ പോരാളികള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 5th February 2024, 3:33 pm

രഞ്ജി ട്രോഫിയില്‍ ഛത്തീസ്ഗഡിനെതിരായ മത്സരത്തില്‍ കേരളത്തിന് സമനില. നാലാം ദിവസത്തില്‍ വിജയികളെ നിര്‍ണയിക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പായതോടെയാണ് മത്സരം സമനിലയില്‍ അവസാനിപ്പിച്ചത്.

ആദ്യ ഇന്നിങ്‌സില്‍ ലീഡ് നേടിയ കേരളത്തിന് മൂന്ന് പോയിന്റ് ലഭിക്കും. ഒരു പോയിന്റാണ് ഛത്തീസ്ഗഡിന് ലഭിക്കുക.

സ്‌കോര്‍

കേരളം – 350 & 251/1 d

ഛത്തീസ്ഗഡ് – 312 & 79/1

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനറങ്ങിയ കേരളം സച്ചിന്‍ ബേബി (180 പന്തില്‍ 91), മുഹമ്മദ് അസറുദ്ദീന്‍ (104 പന്തില്‍ 85), ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (72 പന്തില്‍ 57), രോഹന്‍ പ്രേം (144 പന്തില്‍ 54) എന്നിവരുടെ അര്‍ധ സെഞ്ച്വറി കരുത്തില്‍ മോശമല്ലാത്ത ആദ്യ ഇന്നിങ്‌സ് സ്‌കോര്‍ പടുത്തുയര്‍ത്തി.

ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഛത്തീസ്ഗഡ് കെ.ഡി. ഏക്‌നാഥിന്റെ സെഞ്ച്വറി കരുത്തില്‍ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടുമെന്ന് തോന്നിച്ചെങ്കിലും ഏക്‌നാഥിനെ ഒരു വശത്ത് നിര്‍ത്തി മറുവശത്തെ ആക്രമിച്ച കേരള ബൗളര്‍മാര്‍ എതിരാളികളെ 312ന് പുറത്താക്കി.

214 പന്തില്‍ പുറത്താകാതെ 118 റണ്‍സാണ് ഏക്‌നാഥ് നേടിയത്. 83 പന്തില്‍ 63 റണ്‍സ് നേടിയ അജയ് മണ്ഡലും 118 പന്തില്‍ 56 റണ്‍സ് നേടിയ സഞ്ജീത് ദേശായിയുമാണ് ഛത്തീസ്ഗഡിന് തുണയായത്.

രണ്ടാം ഇന്നിങ്‌സിലും സച്ചിന്‍ ബേബിയും മുഹമ്മദ് അസറുദ്ദീനും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. സച്ചിന്‍ 128 പന്തില്‍ 94 റണ്‍സ് നേടിയപ്പോള്‍ 63 പന്തില്‍ പുറത്താകാതെ 50 റണ്‍സാണ് അസറുദ്ദീന്‍ നേടിയത്.

രോഹന്‍ എസ്. കുന്നുമ്മല്‍ 42 പന്തില്‍ 36 റണ്‍സ് നേടി സ്‌കോറിങ്ങില്‍ നിര്‍ണായക സംഭാവന നല്‍കി. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 25 പന്തില്‍ 24 റണ്‍സ് നേടിയപ്പോള്‍ വിഷ്ണു വിനോദ് 22 പന്തില്‍ 24 റണ്‍സ് നേടി മടങ്ങി.

ഒടുവില്‍ 251ന് അഞ്ച് എന്ന നിലയില്‍ നില്‍ക്കവെ കേരളം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.

290 റണ്‍സിന്റെ ലക്ഷ്യവുമായി കളത്തിലിറങ്ങിയ ഛത്തീസ്ഗഡിന് ടീം സ്‌കോര്‍ 18ല്‍ നില്‍ക്കവെ ഓപ്പണര്‍ ശശാങ്ക് ചന്ദ്രാര്‍കറിനെ നഷ്ടമായി. 16 പന്തില്‍ 14 റണ്‍സ് നേടിയാണ് ശശാങ്ക് പുറത്തായത്.

ഒടുവില്‍ 22 ഓവറില്‍ 79ന് ഒന്ന് എന്ന നിലയില്‍ നില്‍ക്കവെ മത്സരം സമനിലയില്‍ അവസാനിപ്പിക്കുകയായിരുന്നു.

എലീറ്റ് ഗ്രൂപ്പ് ബിയില്‍ ഇതുവരെ കളിച്ച അഞ്ച് മത്സരത്തില്‍ നാല് സമനിലയും ഒരു തോല്‍വിയുമടക്കം എട്ട് പോയിന്റാണ് കേരളത്തിനുള്ളത്. ഇരുവരെ ഒരു മത്സരം പോലും ജയിക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും ശേഷിക്കുന്ന മത്സരങ്ങളില്‍ ബോണസ് പോയിന്റ് നേടി വിജയിക്കുകയും മറ്റ് ടീമുകളുടെ ജയപരാജയങ്ങള്‍ കണക്കിലെടുക്കുകയും ചെയ്താല്‍ കേരളത്തിന് സാധ്യതകളുണ്ട്.

ഈ രണ്ട് മത്സരങ്ങളും വിജയിച്ചാല്‍ 12 പോയിന്റാണ് കേരളത്തിന് ലഭിക്കുക. അഥവാ എല്ലാ മത്സരത്തിലും ബോണസ് പോയിന്റ് കൂടി ലഭിക്കുകയാണെങ്കില്‍ 14 പോയിന്റ് കേരളത്തിന്റെ അക്കൗണ്ടിലെത്തും.

ഒരു മത്സരത്തില്‍ ഇന്നിങ്സ് വിജയമോ പത്ത് വിക്കറ്റിന്റെ വിജയമോ സ്വന്തമാക്കിയാലാണ് ബോണസ് പോയിന്റ് ലഭിക്കുക. വിജയത്തിന്റെ ആറ് പോയിന്റിനൊപ്പം ഒരു പോയിന്റ് ബോണസായി ടീമിന് ലഭിക്കും.

ഫെബ്രുവരി ഒമ്പതിനാണ് കേരളത്തിന്റെ അടുത്ത മത്സരം. തിരുവനന്തപുരത്ത് നടക്കുന്ന മത്സരത്തില്‍ ബംഗാളാണ് എതിരാളികള്‍. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഹനുമ വിഹാരിയുടെ കരുത്തരായ ആന്ധ്രയാണ് എതിരാളികള്‍. ഫെബ്രുവരി 16ന് നടക്കുന്ന മത്സരത്തിന് വിശാഖപട്ടണമാണ് വേദിയാകുന്നത്.

 

 

Content highlight: Ranji Trophy: Kerala vs Chhattisgarh: Match Drawn Kerala took first innings lead