രഞ്ജി ട്രോഫിയിലെ ഛത്തീസ്ഗഡിനെതിരെ തങ്ങളുടെ അഞ്ചാം മത്സരത്തിനിറങ്ങിയ കേരളത്തിന് തുടക്കത്തിലേ തിരിച്ചടി. സ്‌കോര്‍ ബോര്‍ഡില്‍ അഞ്ച് റണ്‍സ് കൂട്ടിച്ചേര്‍ക്കും മുമ്പ് തന്നെ രണ്ട് മുന്‍നിര വിക്കറ്റുകള്‍ നഷ്ടപ്പെട്ടാണ് കേരളം പതറുന്നത്.
മത്സരത്തില്‍ ടോസ് നേടിയ ചത്തീസ്ഗഡ് കേരളത്തെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നായകന്റെ തീരുമാനം ശരിവെച്ച് ഛത്തീസ്ഗഡ് ബൗളര്‍മാര്‍ പന്തെറിഞ്ഞപ്പോള്‍ കേരളത്തിന് തുടക്കത്തിലേ പിഴച്ചു.
മൂന്നാം ഓവറിലെ രണ്ടാം പന്തില്‍ വൈസ് ക്യാപ്റ്റന്‍ രോഹന്‍ എസ്. കുന്നുമ്മല്‍ പുറത്തായി. എട്ട് പന്തില്‍ ഒറ്റ റണ്‍സ് പോലും കണ്ടെത്താന്‍ സാധിക്കാതെയാണ് കുന്നുമ്മല്‍ മടങ്ങിയത്. രവി കിരണാണ് വിക്കറ്റ് നേടിയത്.
അധികം വൈകാതെ കേരളത്തിന് രണ്ടാം വിക്കറ്റും നഷ്ടമായി. ആറാം ഓവറിലെ അഞ്ചാം പന്തില്‍ രണ്ടാം ഓപ്പണര്‍ ജലജ് സക്‌സേനയും മടങ്ങി. 17 പന്ത് നേരിട്ട് പൂജ്യത്തിനാണ് സക്‌സേനയും പുറത്തായത്.
WICKET! Over: 5.5 Jalaj Saxena 0(17) ct Rishabh Tiwari b Ashish Chouhan, Kerala 4/2 #CHHvKER#RanjiTrophy#Elite
ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ നാല് മത്സരത്തില്‍ ഒന്നില്‍ പോലും ജയിക്കാന്‍ കേരളത്തിന് സാധിച്ചിട്ടില്ല. മൂന്ന് സമനിലയും ഒരു തോല്‍വിയുമാണ് കേരളത്തിന്റെ അക്കൗണ്ടിലുള്ളത്. ടൂര്‍ണമെന്റില്‍ ഇനി മുമ്പോട്ട് കുതിക്കാന്‍ ശേഷിക്കുന്ന മൂന്ന് മത്സരത്തിലും കേരളം മികച്ച പ്രകടനം പുറത്തെടുത്തേ മതിയാകൂ.
നാഷണല്‍ ഡ്യൂട്ടിക്ക് ശേഷം സഞ്ജു സാംസണ്‍ വീണ്ടും കേരളത്തിന്റെ ക്യാപ്റ്റന്റെ റോളിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്.
നിലവില്‍ ഒമ്പത് ഓവര്‍ പിന്നിടുമ്പോള്‍ 11 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ് കേരളം. 24 പന്തില്‍ പത്ത് റണ്‍സുമായി രോഹന്‍ പ്രേമും അഞ്ച് പന്തില്‍ ഒരു റണ്ണുമായി സച്ചിന്‍ ബേബിയുമാണ് ക്രീസില്‍.
കേരളം പ്ലെയിങ് ഇലവന്‍
രോഹന്‍ എസ്. കുന്നുമ്മല്‍, ജലജ് സക്‌സേന, രോഹന്‍ പ്രേം, സച്ചിന്‍ ബേബി, അഖിന്‍, നീധീഷ് എം.ഡി, മുഹമ്മദ് അസറുദ്ദീന്‍, ബേസില്‍ തമ്പി, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), വിഷ്ണു വിനോദ്, ശ്രേയസ് ഗോപാല്‍.