|

സഞ്ജുവില്ല; തുടക്കത്തിലേ ട്രിപ്പിള്‍ തിരിച്ചടി; നാണക്കേടില്‍ നിന്ന് കരകയറാനാകുമോ?

സ്പോര്‍ട്സ് ഡെസ്‌ക്

രഞ്ജി ട്രോഫിയില്‍ നാലാം മത്സരത്തിനിറങ്ങി കേരളം. പാട്‌നയിലെ മോയിന്‍ ഉല്‍ ഹഖ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ബീഹാറാണ് എതിരാളികള്‍. മത്സരത്തില്‍ ടോസ് നേടിയ ബീഹാര്‍ കേരളത്തിനെ ബാറ്റിങ്ങിനയച്ചു.

സഞ്ജു സാംസണ്‍ ഇല്ലാതെയാണ് കേരളം നാലാം മത്സരത്തിന് ഇറങ്ങിയിരിക്കുന്നത്. രോഹന്‍ എസ്. കുന്നുമ്മലാണ് സഞ്ജുവിന്റെ അഭാവത്തില്‍ കേരളത്തെ നയിക്കുന്നത്. അസമിനെതിരായ മത്സരത്തിലും രോഹനായിരുന്നു കേരളത്തിന്റെ ക്യാപ്റ്റന്‍.

മത്സരത്തില്‍ കേരളത്തിന് തുടക്കത്തിലേ പിഴച്ചിരുന്നു. അഞ്ച് ഓവറിനിടെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ വീണാണ് കേരളം പരുങ്ങുന്നത്.

ക്യാപ്റ്റന്‍ രോഹന്‍ എസ്. കുന്നുമ്മലിന്റെ വിക്കറ്റാണ് ബീഹാര്‍ ആദ്യം പിഴുതത്. ഒറ്റയക്കത്തിനാണ് താരം പുറത്തായത്. ആറ് പന്തില്‍ അഞ്ച് റണ്‍സ് നേടി നില്‍ക്കവെ വിപുല്‍ കൃഷ്ണയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് രോഹന്‍ പുറത്തായത്.

മുംബൈക്കെതിരായ മത്സരത്തില്‍ ചെറുത്തുനിന്ന സച്ചിന്‍ ബേബിയുടെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. സ്‌കോര്‍ ബോര്‍ഡില്‍ 15 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് കേരളത്തിന് രണ്ടാം വിക്കറ്റും നഷ്ടമായത്. വീര്‍ പ്രതാപ് സിങ്ങാണ് സച്ചിന്‍ ബേബിയെ പുറത്താക്കിയത്. അഞ്ച് പന്തില്‍ ഒരു റണ്‍സ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം.

സ്‌കോര്‍ ബോര്‍ഡ് ചലിക്കും മുമ്പ് തന്നെ മൂന്നാം വിക്കറ്റും കേരളത്തിന് നഷ്ടമായിരിക്കുകയാണ്. അഞ്ചാം ഓവറിലെ അവസാന പന്തില്‍ നാല് പന്തില്‍ റണ്ണൊന്നും നേടാതെ വിഷ്ണു വിനോദും പുറത്തായി. വീര്‍ പ്രതീപ് സിങ്ങിനാണ് വിക്കറ്റ്.

നിലവില്‍ അഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ 15 റണ്‍സിന് മൂന്ന് വിക്കറ്റ് വിക്കറ്റ് എന്ന നിലയിലാണ് കേരളം.

കേരളം പ്ലെയിങ് ഇലവന്‍

ആനന്ദ് കൃഷ്ണന്‍, രോഹന്‍ എസ്. കുന്നുമ്മല്‍, സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, വിഷ്ണു രാജ് (വിക്കറ്റ് കീപ്പര്‍), അക്ഷയ് ചന്ദ്രന്‍, ബേസില്‍ തമ്പി, ജലജ് സക്‌സേന, ശ്രേയസ് ഗോപാല്‍, അഖിന്‍, നിധീഷ് എം.ഡി

ബീഹാര്‍ പ്ലെയിങ് ഇലവന്‍

അശുതോഷ് അമാന്‍ (ക്യാപ്റ്റന്‍), എസ്. ഗാനി, ബാബുല്‍ കുമാര്‍, പ്രതാപ്, പിയൂഷ് കുമാര്‍ സിങ്, വിപുല്‍ കൃഷ്ണ, ശ്രമന്‍ നിഗ്രോധ് (വിക്കറ്റ് കീപ്പര്‍), ഹിമാന്‍ഷു സിങ്, റിഷാവ്, ബിപിന്‍ സൗരഭ്.

Content highlight: Ranji Trophy: Kerala vs Bihar updates

Video Stories